ഇന്റര്‍നെറ്റ് സമത്വത്തിന് എങ്ങനെ പ്രതികരിക്കാം?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2016, 11:38 AM | 0 min read

“Sreeni K sent a message to TRAI about Free Basics. Send your own message. ഇതായിരുന്നു ശ്രീനിയുടെ സുഹൃത്തുക്കള്‍ കഴിഞ്ഞയാഴ്ച അവരുടെയൊക്കെ ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷന്‍സില്‍ കണ്ടത്. ശ്രീനി അത്യാവശ്യം വിവരവും, വിദ്യാഭ്യാസമുള്ള ആളാണ്. അപ്പോള്‍ അദ്ദേഹം സാധാരണ അബദ്ധത്തില്‍ ചെന്നുചാടില്ലെന്ന് സുഹൃത്തുക്കള്‍ക്ക് അറിയാം. കാഭി ക്രഷ് പോലെയുള്ള ഗെയിമുകള്‍ കളിക്കാന്‍ ക്ഷണം അയക്കാത്ത നമ്മുടെ ശ്രീനിയുടെ നോട്ടിഫിക്കേഷനില്‍ ക്ളിക് ചെയ്തവരുടെ മുന്നില്‍ ഒരു ഫോം.  അതില്‍ ഫെയ്സ്ബുക്കിന്റെ ഫ്രീ ബെസിക്കിനെ പിന്തുണയ്ക്കൂ എന്നും എഴുതിയിരിക്കുന്നു. സമാന ചിന്താഗതിക്കാരനായ ശ്രീനി പൂരിപ്പിച്ചയച്ച ഫോമല്ലേ, കുറേ സുഹൃത്തുക്കളും പൂരിപ്പിച്ച് ക്ളിക്കി. ചിലര്‍ വായിച്ചു, ചിലര്‍ നോക്കാതെ ക്ളിക്കി  അയച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും ഒക്കെ നല്ലതിനുവേണ്ടി ഇതിനെ പിന്തുണയ്ക്കാനുള്ള ആഹ്വാനം കണ്ട് പല സുഹൃത്തുക്കളും ഫോമിലൂടെ സന്ദേശം അയച്ചു. ഇത് എന്താണെന്നോ, ആര്‍ക്കാണ് അയക്കുന്നതെന്നോ അധികം പേരൊന്നും വായിച്ചും നോക്കിയില്ല. അപ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചത്.

internet.org   എന്ന പേരില്‍ ഫെയ്സ്‌ബുക്ക് 2013ല്‍ തുടങ്ങിയ ഫ്രീ ബേസിക്സ് പദ്ധതി പ്രത്യക്ഷത്തില്‍ വികസ്വരരാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുക എന്നാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചാണ് ആരംഭിച്ചത്. നോക്കിയ, സാംസങ്, ക്വാല്‍കോം അടക്കമുള്ള കമ്പനികളുടെ സഹകരണത്തോടുകൂടി തുടങ്ങിയ ഈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഫെയ്സ്ബുക്ക് നിയന്ത്രിത ഫ്രീ ഇന്റര്‍നെറ്റ് ആണ് ലഭിക്കുക. പല ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ സഹായഹസ്തവുമായി എത്തിയ ഈ പദ്ധതി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലും എത്തി. എന്തും സൌജന്യമായി ലഭിക്കുമ്പോഴും പിന്നില്‍ എന്തോ ഒരു ഇത്” ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.

ഈ സൌജന്യ ഇന്റര്‍നെറ്റ്വഴി ഉപയോക്താക്കള്‍ക്ക് നിങ്ങള്‍ക്കും എനിക്കും ഒക്കെ കിട്ടുന്നപോലെ എല്ലാ സൈറ്റുകളും, ആപ്പുകളും ലഭിക്കുന്ന ഇന്റര്‍നെറ്റ് ആണ് കിട്ടുക എന്നു കരുതിയാല്‍ തെറ്റി. ഫെയ്സ്ബുക്കും, സൌജന്യ ഇന്റര്‍നെറ്റ് തരുന്ന സേവനദാതാവ് എന്നിവരുമായി ധാരണയിലെത്തിയ സേവനങ്ങള്‍ മാത്രമേ ലഭിക്കൂ. അതായത്, നിങ്ങള്‍ ഈ പംക്തിയില്‍ വായിച്ചറിഞ്ഞ ഒട്ടുമിക്ക സേവനങ്ങളും ഫ്രീ ബേസിക്സ് സൌജന്യ നെറ്റ് ഉപയോക്താക്കള്‍ക്ക്  ലഭിക്കില്ല. ചിലത് ഉപയോഗിക്കാന്‍ ഒരു റേറ്റ്, ചിലതിനു മറ്റൊന്ന്. ഇന്റര്‍നെറ്റ് സമത്വം (net neturaltiy) എന്നതിന് എതിരാണ് ഇതെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)   ഇന്ത്യയില്‍ ഫ്രീ ബേസിക്സിന്റെ ഭാവിയെക്കുറിച്ച് ഇതുവരെ ഒരു അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. റിലയന്‍സ്  ഫ്രീ ബേസിക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ലഭ്യമാക്കുകയും അത് ഈയിടെ ട്രായ്  ഇടപെടലിലൂടെ നിര്‍ത്തിവയ്ക്കുകയുമുണ്ടായി. റിലയന്‍സിന്റെ ഫ്രീനെറ്റ് എന്ന ഈ സൌജന്യ സേവനത്തില്‍ 80 സൈറ്റുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്.

തങ്ങളുടെ ഈ പദ്ധതിക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചാല്‍, ട്രായുടെ മുന്നില്‍ തങ്ങളുടെ കേസിന് കുറച്ചുകൂടി ഉറപ്പു ലഭിക്കുമെന്നത് ഫെയ്സ്ബുക്കിന് അറിയാം. അതുകൊണ്ടാണ് ഫെയ്സ്ബുക്ക് ഇന്ത്യയിലെ ഇന്റര്‍നെറ്റ് രക്ഷിക്കാന്‍ ഇത്രയും വെമ്പല്‍കൊള്ളുന്നത്.

അപ്പോള്‍ നിങ്ങള്‍ക്ക്, ഇന്റര്‍നെറ്റ് സമത്വത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പൌരന് ഇതിനെതിരെ ശബ്ദിക്കാന്‍ കഴിയുമോ? നിങ്ങളുടെ വാക്കുകള്‍ ട്രായ്‌യെ അറിയിക്കാന്‍ എന്തുചെയ്യാം? --http://www.savetheinternet.in/  എന്ന സൈറ്റില്‍ പോയി, അവിടെ പറയുന്നപോലെ ഇ–മെയില്‍ സന്ദേശം കോപ്പിചെയ്ത് vTRAI- ക്ക് അയക്കുക, ഒരു കോപ്പി savetheinternetനും അയക്കുക.

ശ്രീനി ചെയ്തപോലെ ഫെയ്സ്ബുക്കിന്റെ ഫോം ഉപയോഗിച്ച് അതില്‍ ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക്സിനെതിരായി എഴുതിയാല്‍ എന്ത് എന്നാണോ നിങ്ങളുടെ ചോദ്യം? നിങ്ങള്‍ അതില്‍ ഫ്രീ ബേസിക്സിനെതിരായി സന്ദേശം അയച്ചാലും, Yes, notify my friends on Facebook”എന്നതില്‍ ശരിയിട്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശം പോകും. അപ്പോള്‍ അവര്‍ക്ക് നിങ്ങള്‍ ഇതിന് എതിരായാണോ TRAI സന്ദേശം അയച്ചത്, അല്ല പിന്തുണച്ചാണോ എന്ന് പിടികിട്ടില്ല. ഇത്തരം അവ്യക്തത ഒഴിവാക്കാന്‍ എന്തുകൊണ്ടും നല്ലത് http://www.savetheinternet.in/വഴി TRAI- ക്ക് സന്ദേശം അയക്കുന്നതാണ്. ഇതുകൂടാതെ ഭാവിയില്‍ ഫെയ്സ്‌ബുക്ക് അവരുടെ സേവ് ഫ്രീ ബേസിക്സ് ഫോം ഇത്രയും കോടി ആളുകള്‍ ഉപയോഗിച്ചുവെന്ന് വീമ്പിളക്കുമ്പോള്‍ അതിലൂടെ അവര്‍ പറയാതെ പറയുന്നത് അത്രയും പേര്‍ ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക്സിനെ പിന്തുണച്ചു എന്നാവും. അതില്‍ നേരത്തെ പറഞ്ഞ ശ്രീനിയെപ്പോലെയുള്ളവര്‍ അതിന് എതിരായി സന്ദേശം അയച്ചത് അപ്പോള്‍ വെറുതെയായി എന്നു മാത്രമല്ല, സ്വയം നെഞ്ചത്തേക്കു ചൂണ്ടിയ തോക്കുപോലെയായി.



deshabhimani section

Related News

View More
0 comments
Sort by

Home