സീൻ ഡാർക്ക് ആണോ

നിഖിൽ നാരായണൻ
Published on Jul 12, 2025, 11:03 PM | 1 min read
ഇന്റർനെറ്റിൽ എന്ത് വിവരമുണ്ടെങ്കിലും ഗൂഗിളിൽ തെരഞ്ഞു കണ്ടുപിടിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ. അതെന്നാൽ പൂർണമായും ശരിയല്ല. ഉദാഹരണത്തിന് പാസ്‌വേഡ് ഉപയോഗിച്ച്മാത്രം ആക്സസ് ചെയ്യാൻ കഴിയുന്ന സൈറ്റിലെ വിവരങ്ങൾ ഗൂഗിളിന് വായിച്ച് പഠിച്ച് വയ്ക്കാൻ കഴിയില്ല (ഇന്റക്സിങ് എന്നാണു ഈ ‘വായനയെ' ടെക്ക് ഭാഷയിൽ പറയുക). ഇന്റർനെറ്റിന്റെ ആഴങ്ങളിലുള്ള ഇത്തരം സൈറ്റുകൾ (ഡീപ് വെബ്) പക്ഷേ, പാസ്‌വേഡ് ഒക്കെ ഉപയോഗിച്ച് നമുക്ക് ബ്രൗസറിലൂടെ കയറി വായിക്കാൻ കഴിയും. ഒരു കമ്പനി തങ്ങളുടെ ജീവനക്കാർക്കായി നിർമിച്ച, ഇന്റർനെറ്റിലൂടെ ലഭ്യമായ ഒരു സേവനം സെയിൽസ് ചെയ്യുന്നവർക്ക് ചെയ്ത ബിസിനസിന്റെ വിവരങ്ങൾ കമ്പനിയെ അറിയിക്കാൻ കഴിയുന്ന ഒരു സൈറ്റ്. അതിനുള്ളിലൊന്നും ഗൂഗിളിന് കയറിച്ചെല്ലാൻ സാധിക്കില്ല.
ഇതിനു പുറമെ സാധാരണയുള്ള ബ്രൗസറിലൂടെപോലും കയറാൻ കഴിയാത്ത, ഗൂഗിളിന് കാണാൻപോലും കഴിയാത്ത സൈറ്റുകളുമുണ്ട് ഈ ഡീപ് വെബ്ബിൽ. അവരെ ഡാർക്ക് വെബ് എന്ന് വിളിക്കും. Tor, Hyphanet, I2P പോലുള്ള സമാന്തര ഇന്റർനെറ്റുകളാണ് ഈ ഡാർക്ക് വെബ് ലോകത്ത്. ഇതിലെ ടോർ (The Onion Router എന്നതിന്റെ ചുരുക്കം) എന്ന നെറ്റ്‌വർക്കിലുള്ള സൈറ്റുകളെ ഒനിയൻ സൈറ്റുകൾ എന്ന് വിളിക്കുന്നു. ഇതിലെ ഒനിയൻ എന്നത് സ്വകാര്യത ‘കാത്തുസൂക്ഷിക്കു’ന്ന ഒരു സംവിധാനമാണെന്നാണ് അവകാശവാദം. സുപരിചിതമായ സമൂഹ മാധ്യമങ്ങൾ മുതൽ വാർത്താ ചാനലുകൾ വരെ ഒനിയൻ സൈറ്റുകളുമായി ഈ ടോർ നെറ്റ് വർക്കിൽ ഉണ്ട്. ഈ സ്വകാര്യത സംരക്ഷണംതന്നെയാണ് ഇതിന്റെ നന്മയും തിന്മയും. ആയുധങ്ങൾ അടക്കമുള്ള നിരോധിത വസ്തുക്കൾ, ഹാക്കർമാർ മോഷ്ടിച്ച വ്യക്തിവിവരങ്ങൾ അടക്കമുള്ള പലതും ഈ ഡാർക്ക് നെറ്റിൽ വിൽക്കപ്പെടുന്നു.
നമുക്ക് പരിചിതമായ സൈറ്റുകളുടെ തട്ടിപ്പ് ക്ലോണുകൾ ടോർ ശൃംഖലയിൽ ലഭ്യമാണ്. നമ്മളെ തെറ്റിദ്ധരിപ്പിച്ച് നമ്മുടെ വിവരങ്ങൾ കൈക്കലാക്കാനും അബദ്ധങ്ങളിലും തട്ടിപ്പുകളിലും ചെന്ന് ചാടിച്ചു പറ്റിക്കാൻ കാത്തിരിക്കുന്നവ. ജാഗ്രതയില്ലെങ്കിൽ തട്ടിപ്പുകൾക്കിരയാകും. പണവും മറ്റും നഷ്ടപ്പെടും. നിയമസംവിധാനങ്ങളുടെ കണ്ണുകൾ ഈ ഇരുണ്ട നെറ്റിൽ എത്തില്ലെന്ന് കരുതാതിരിക്കുക. നിയമപാലകരുടെ കണ്ണുകൾ നമുക്ക് സുപരിചിതമായ സർഫസ് വെബ്ബിലെന്നപോലെ ഈ ഇരുണ്ട വെബ്ബിലും സജീവമാണ്.









0 comments