വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പ്പ്: നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥ മരിച്ചു

വാഷിംഗ്ടൺ: വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥരിൽ ഒരാൾ മരിച്ചു. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികൻറെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു.ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്.
ഏറെ ബഹുമാനമുള്ള വ്യക്തി എന്നാണ് സാറ ബെക്സ്ട്രോമിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് സൈനികരുമായി വീഡിയോ കോൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് താൻ അവരുടെ മരണ വിവരം അറിഞ്ഞതെന്ന് ട്രംപ് പറഞ്ഞു. പരിക്കേറ്റ മറ്റൊരു സൈനികൻ ജീവന് വേണ്ടി പൊരുതുകയാണെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യ നില വളരെ മോശമാണെന്നും സൈനികരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
അഫ്ഗാൻ സ്വദേശിയായ 29കാരൻ റഹ്മാനുള്ള ലകാൻവാൽ ആണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പതിനഞ്ചോളം തവണയാണ് അക്രമി വെടിയുതിർത്തത്. നാഷണൽ ഗാർഡുകളുടെ നേരെയെത്തി അക്രമി വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അക്രമിയെ വേഗത്തിൽ കീഴ്പ്പെടുത്താൻ നാഷണൽ ഗാർഡുകൾക്ക് സാധിച്ചു.
2021 ൽ ബൈഡൻ ഭരണകാലത്തെ 'ഓപ്പറേഷൻ അലൈസ് വെൽകം' പദ്ധതി വഴി യു എസിലെത്തിയതാണ് ഇയാളെന്നാണ് വിവരം. വൈറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്.









0 comments