ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്തും പ്രതി; ഒളിവിൽ

തിരുവനന്തപുരം: അശാസ്ത്രീയരീതിയിൽ നിർബന്ധിത ഗർഭഛിദ്രത്തിന് സഹായംനൽകിയതിന് അതീജിവിതയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തിനെയും പ്രതിചേർത്തു. യൂത്ത് കോൺഗ്രസ് നേതാവും അടൂർ സ്വദേശി ജോബി ജോസഫാണ് രണ്ടാംപ്രതി. ഇയാളും മാങ്കൂട്ടത്തിലിന് സമാനമായി ഒളിവിലാണ്.
ഗർഭഛിദ്രത്തിനുള്ള ഗുളിക മാങ്കൂട്ടത്തിലിന്റെ നിർദേശം അനുസരിച്ച് ജോബി ജോസഫാണ് എത്തിച്ചുനൽകിയതെന്ന് പെൺകുട്ടി മൊഴിനൽകിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ബംഗളൂരുവിൽനിന്ന് ഗുളിക എത്തിച്ചുവെന്നാണ് വിവരം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഗുളിക പെൺകുട്ടിക്ക് എത്തിച്ചത്.
കുഞ്ഞ് ഉണ്ടായാൽ തന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമെന്നാണ് മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടിയെ ഗർഭിണിയാകാൻ മാങ്കൂട്ടത്തിൽ പ്രേരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും മുൻപ് പുറത്തുവന്നിരുന്നു. "നീ ഗർഭിണിയാകാൻ തയ്യാറെടുക്കൂ, നമ്മുടെ കുഞ്ഞിനെ വേണം" എന്നുമായിരുന്നു മാങ്കൂട്ടത്തിലിന്റെ സന്ദേശം. പിന്നീട് ഗർഭധാരണത്തിന് ശേഷമാണ് അശാസ്ത്രീയ ഗർഭഛിദ്രത്തിന് പെൺകുട്ടിയെ മാങ്കൂട്ടത്തിൽ നിർബന്ധിച്ചത്. സമ്മതമല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം മാങ്കൂട്ടത്തിൽ അസഭ്യം വിളിച്ചു.
കുഞ്ഞ് വേണമെന്നുള്ളത് ആരുടെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോൾ എന്തിനാണ് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതെന്നും പെൺകുട്ടി മാങ്കൂട്ടത്തിലിനോട് ചോദിക്കുന്ന ശബ്ദരേഖയും പുറത്തുവന്നതാണ്. ഗർഭഛിദ്രത്തിന് താൽപര്യമില്ലായിരുന്നെന്നും മാങ്കൂട്ടത്തിലിന്റെ ഭീഷണിയെതുടർന്നാണ് സമ്മതിച്ചതെന്നും മൊഴിയിലുണ്ട്. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി.
20 പേജ് വരുന്ന മൊഴിയാണ് റൂറൽ എസ്പിക്ക് പെൺകുട്ടി നൽകിയത്. അഞ്ചരമണിക്കൂറിലേറെ മൊഴിയെടുക്കൽ നീണ്ടു. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.








0 comments