ഫെയ്‌‌സ്‌ബുക്കിൽ നിറയെ 'കുത്തും കോമയും'; അൽഗൊരിതം ആശങ്കകളുടെ വാസ്‌തവമെന്ത്‌ ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 11, 2023, 05:50 PM | 0 min read

ഏറെ നാളുകൾക്ക് ശേഷം ഫെയ്‌‌സ്‌ബുക്കിൽ അൽഗൊരിതം ചൂടൻ ചർച്ചാ വിഷയമായി മാറുകയാണ്. 'എന്റെ സുഹൃത്തുക്കളെ നഷ്‌ടപ്പെടുന്നു... അതുകൊണ്ട്‌ നിങ്ങൾ ഈ പോസ്‌റ്റ് വയിക്കുന്നുവെങ്കിൽ ഒരു ലൈക്ക്, കമന്റായി ഒരു കുത്ത്‌, ഒരു കോമ...'- ഫെയ്‌‌സ്‌‌ബുക്ക് അൽഗൊരിതത്തെ തോൽപ്പിക്കാൻ കുത്തിട്ടൽ കമന്റിനായുള്ള അപേക്ഷകൾ കൊണ്ട് എഫ്‌ബി വാളുകൾ നിറഞ്ഞു.

എന്നാൽ ഇപ്പോൾ കോപ്പി പേസ്റ്റ് ചെയ്യുന്ന ഈ കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപേ നടന്നതാണ് എന്നതാണ്‌ വാസ്‌തവം. 2017 ലാണ് ഈ അഭ്യൂഹം ആദ്യമായി പ്രചരിക്കുന്നത്. ഇതൊരു ഹോക്‌‌സ് മെസേജ് ആണെന്നും വാർഷാ വർഷങ്ങളിൽ ആവർത്തിച്ചു വരുന്നതാണെന്നും തിരിച്ചറിയാതെയാണ് പലരും 'കുത്ത്' ആവശ്യപ്പെട്ടുന്നത്.

അൽ​ഗൊരിത പോസ്‌റ്റുകൾക്ക് വീണ്ടും നിറഞ്ഞതോടെ കേരള പൊലീസ് മൂന്ന് വർഷം മുമ്പ് ഔദ്യോ​ഗിക ഫെയ്‌സ്‌‌ബുക്ക് പേജിൽ പങ്കുവെച്ച വിശദീകരണവും ചർച്ചയാവുകയാണ്. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷനാണ് അൽഗോരിതം പോസ്റ്റുകളെന്നാണ് പൊലീസ് വിശദീകരണം.

"പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെയ്‌സ്‌ബുക്ക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്‌താണ് ഫെയ്‌സ്‌ബുക്ക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു. Facebook Algorithm Hoax എന്ന് സെർച്ച് ചെയ്‌താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിനാൽ ഇത്തരം കോപ്പി പേസ്‌റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കണം"- പൊലീസ് നിർദ്ദേശിക്കുന്നു.

ചില അപ്ഡേറ്റുകൾ വരുമ്പോൾ ഉണ്ടാകുന്ന ബഗ്ഗുകൾ നിമിത്തം ചിലപ്പോൾ പലരുടേയും പോസ്റ്റുകൾ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ആ ബഗ്ഗുകൾ പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഒരു ഫെയ്‌ബുക്ക് യൂസർ എന്ന നിലയിൽ എന്തൊക്കെ ചെയ്‌തിട്ടൂം യാതൊരു പ്രയോജനവും ഉണ്ടാകാനും പോകുന്നില്ല എന്നതുമാണ് യാഥാർഥ്യം.

അതിനാൽ നമുക്ക് ഇഷ്‌ടമുള്ളവരുടെ പോസ്‌റ്റുകളും ഇഷ്‌ടമുള്ള വാർത്തകളും നഷ്‌ട‌മാകരുത് എന്ന് ആഗ്രഹമുണ്ടെങ്കിൽ അവരെ സീ ഫസ്‌റ്റ് ആയും ക്ലോസ് ഫ്രണ്ട് ആയുമൊക്കെ സെറ്റ് ചെയ്യുക. ഏത് തരത്തിലുള്ള പോസ്‌റ്റുകൾ ആണ്‌ താല്‌പര്യമെന്ന് പ്രൊഫൈൽ സെറ്റിംഗ്‌സിൽ വിവരങ്ങൾ നൽകുക.. സ്‌പാം ചെയ്യാതിരിക്കുക എന്നിവയാണ് പോംവഴി.
 



deshabhimani section

Related News

View More
0 comments
Sort by

Home