ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പുറത്ത്

സാത്വിക്സായി (ഇടത്) രങ്കിറെഡ്ഡി (വലത്)| Photo X
ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്തായി. പുരുഷ ഡബിൾസ് പോരാട്ടത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പർ സഖ്യമായ ലിയാങ് വീ കെങ് - വാങ് ചാങ് ജോഡിയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചൈനീസ് ടീമിന്റെ വിജയം (സ്കോർ: 21-18, 21-9). ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന മത്സരത്തിൽ ചൈനീസ് സഖ്യം പൂർണ്ണ ആധിപത്യം പുലർത്തി. മത്സരത്തിന്റെ തുടക്കത്തിൽ ചൈനീസ് സഖ്യം 3-0 ന് മുന്നിലെത്തിയെങ്കിലും മികച്ച സ്മാഷുകളിലൂടെ സാത്വിക്-ചിരാഗ് സഖ്യം ഒപ്പത്തിനൊപ്പമെത്തി (3-3, 5-5). ഇടവേള സമയത്ത് 11-10 ന് നേരിയ ലീഡ് നേടാനും ഇന്ത്യക്കായി. തുടർന്ന് ആക്രമിച്ചു കളിച്ച ഇന്ത്യൻ ജോഡി ഒരു ഘട്ടത്തിൽ 15-12 ന് മുന്നിട്ടുനിന്നു.
എന്നാൽ നിർണായക നിമിഷങ്ങളിൽ ചൈനീസ് താരങ്ങളുടെ പിഴവില്ലാത്ത കളി ഇന്ത്യക്ക് തിരിച്ചടിയായി. 18-18 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്ന ശേഷം തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടി ലിയാങ്-വാങ് സഖ്യം ആദ്യ സെറ്റ് 21-18 ന് സ്വന്തമാക്കി.രണ്ടാം സെറ്റിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് ഒരു ഘട്ടത്തിലും തിരിച്ചുവരാൻ സാധിച്ചില്ല. തുടക്കത്തിൽ 3-3 ന് സമനില നേടിയെങ്കിലും പിന്നീട് തുടർച്ചയായ പോയിന്റുകളിലൂടെ ചൈനീസ് സഖ്യം 11-5 എന്ന നിലയിൽ എത്തി.
ഇടവേളയ്ക്ക് ശേഷം ചൈനീസ് സഖ്യം ലീഡ് ഉയർത്തി (15-7, 17-8). ഒടുവിൽ അനായാസമായി രണ്ടാം സെറ്റ് 21-9 ന് സ്വന്തമാക്കി ലിയാങ്-വാങ് സഖ്യം സെമിഫൈനലിലേക്ക് യോഗ്യത നേടി. നേരത്തെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ മലേഷ്യയുടെ ജുനൈദി ആരിഫ് - റോയ് കിംഗ് യാപ് സഖ്യത്തെ വാശിയേറിയ മൂന്ന് സെറ്റ് പോരാട്ടത്തിൽ (21-23, 21-19, 21-17) മറികടന്നാണ് ഇന്ത്യൻ സഖ്യം ക്വാർട്ടർ ഫൈനലിൽ എത്തിയത്.









0 comments