പ്രായം 38 വർഷം 255 ദിവസം
print edition വീര്യം, ശൗര്യം ജൊകോ

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് സെമിയിൽ യാനിക് സിന്നെറിനെതിരായ മത്സരത്തിനിടെ നൊവാക് ജൊകോവിച്ച്
മെൽബൺ
പ്രായം കൂടുന്തോറും നൊവാക് ജൊകോവിച്ചിന്റെ റാക്കറ്റിന് വീര്യം കൂടുന്നു. 38–ാം വയസ്സിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് -ൈഫനലിലെത്തി വിസ്‌മയം തീർക്കുകയാണ് സെർബിയക്കാരൻ. നാളെ നടക്കുന്ന ഫൈനലിൽ സ്‌പെയ്‌നിന്റെ 22 വയസ്സുള്ള കാർലോസ് അൽകാരസാണ് എതിരാളി. ജയിച്ചാൽ ജൊകോ പുതിയൊരു ചരിത്രം തീർക്കും. ആർക്കും സാധിക്കാത്ത 25 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. അഞ്ച് സെറ്റ് ത്രില്ലറിൽ നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെറെ സെമിയിൽ കീഴടക്കിയാണ് കുതിപ്പ്. സ്‌കോർ: 3–6, 6–3, 4–6, 6–4, 6–4. മറ്റൊരു സെമിയിൽ ഒന്നാം റാങ്കുകാരനായ അൽകാരസ് റണ്ണറപ്പായ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റിൽ(6–4, 7–6, 6–7, 6–7, 7–5) അവസാനിപ്പിച്ചു.
തോൽവിയുടെ അഗാധഗർത്തത്തിൽനിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന ‘ജൊകോ സ്‌റ്റൈൽ’ സെമിയിലും ആവർത്തിച്ചു. നാലേകാൽ മണിക്കൂർ നീണ്ട പോരാട്ടത്തിൽ തന്നേക്കാൾ 14 വയസ്സ് ചെറുപ്പമുള്ള സിന്നെറെ അമ്പരപ്പിച്ചു. ജൊകോ 18 വർഷത്തിനിടയിൽ നേടിയ ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുടെ എണ്ണമാണ് സിന്നെറുടെ പ്രായം–24. കഴിഞ്ഞ രണ്ട് തവണയും ഇൗ വേദിയിൽ ചാമ്പ്യനാണ് സിന്നെർ. 38 മിനിറ്റ് നീണ്ട ആദ്യ സെറ്റിൽ പതിവുപോലെ ജൊകോ ഉണരാൻ വൈകി 3–6ന് തോറ്റു.
എതിരാളിക്ക് വിജയപ്രതീക്ഷ നൽകി കളി റാഞ്ചുന്ന ശൈലിയുമായി രണ്ടാം സെറ്റിൽ സജീവമായി. എതിരാളിയുടെ ആത്മവിശ്വാസം ചോർത്തുന്ന കരുത്തുറ്റ ഷോട്ടുകൾ കോർട്ടിൽ തലങ്ങുംവിലങ്ങും പാഞ്ഞു. 47 മിനിറ്റിൽ സെറ്റ് നേടി ഒപ്പമെത്തി. മൂന്നാം സെറ്റിൽ ജൊകോ ക്ഷീണിതനായി കാണപ്പെട്ടു. അത് മുതലാക്കി സിന്നെർ ലീഡ് നേടി. എന്നാൽ നാലും അഞ്ചും സെറ്റുകളിൽ പലതവണ ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച് ജൊകോ ഉയിർത്തു. പത്ത് തവണ ഇവിടെ കിരീടം നേടിയിട്ടുണ്ട്. ഇത് പതിനൊന്നാം ഫൈനൽ. ഓസ്ട്രേലിയൻ ഓപ്പൺ ഫെെനൽ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമാണ്.
2023ൽ അവസാന കിരീടം. 38–ാം ഗ്രാൻഡ്‌സ്ലാം ഫൈനൽ എന്ന നാഴികക്കല്ലും പിന്നിട്ടു. കഴിഞ്ഞ വർഷം ഒറ്റക്കിരീടവുമില്ല.
ഒന്നാം റാങ്കുകാരനായ അൽകാരസിന്റെ ആദ്യ ഫൈനലാണ്. അഞ്ച് മണിക്കൂറും 27 മിനിറ്റും നീണ്ട കളിയിലാണ് അലക്‌സാണ്ടർ സ്വരേവിനെ വീഴ്‌ത്തിയത്. ഇത് റെക്കോഡ് പുസ്‌തകത്തിൽ ഇടംപിടിച്ചു.
കാലിന് പരിക്കേറ്റിട്ടും ചികിൽസ തേടിയാണ് ടെന്നീസ് പ്രതിഭ കലാശപ്പോരിന് ചുവടുവെച്ചത്. കിരീടം നേടിയാൽ എല്ലാ ഗ്രാൻഡ്‌സ്ലാം കിരീടങ്ങളും നേടുന്ന ഒമ്പതാമത്തെ കളിക്കാരനാകും. ഇൗ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സ്വന്തമാകും.










0 comments