ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്
print edition റാണി റിബാകിന ; കസാഖ്‌താരത്തിന് കന്നിക്കിരീടം , സബലേങ്കയെ തോൽപ്പിച്ചു

മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം കസാഖ്‌സ്ഥാൻ താരം എലേന റിബാകിന സ്വന്തമാക്കി. ഫൈനലിൽ ലോക ഒന്നാം റാങ്കുകാരിയായ ബെലാറസിന്റെ അരീന സബലേങ്കയെ 6–4, 4–6, 6–4ന് വീഴ്‌ത്തി. രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ട കലാശപ്പോരിൽ റിബാകിനയുടെ പൊള്ളുന്ന സർവുകൾ നിർണായകമായി. ഇൗ വേദിയിൽ ഇരുപത്താറുകാരിയുടെ ആദ്യ കിരീടമാണ്. 2022ൽ വിംബിൾഡൺ നേടിയിട്ടുണ്ട്.
തുടർച്ചയായി നാല് തവണ ഫൈനലിലെത്തുകയും രണ്ട് തവണ ചാമ്പ്യനാകുകയും ചെയ്‌ത സബലേങ്കക്കാണ് മുൻതൂക്കം പ്രവചിച്ചിരുന്നത്. എന്നാൽ കളി തുടങ്ങിയപ്പോൾ ചിത്രം മാറി. തുടക്കത്തിൽ സബലേങ്കയുടെ സർവ് തകർത്ത് റിബാകിന 2–0 ലീഡ് നേടി. അതിൽ പിടിച്ച് മുന്നേറി 37 മിനിറ്റിൽ സെറ്റ് കരസ്ഥമാക്കി. രണ്ടാം സെറ്റിൽ ചാമ്പ്യൻകളി കെട്ടഴിച്ച സബലേങ്ക തിരിച്ചുവന്നു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ സർവും ഷോട്ടും കൃത്യമാക്കി സബാകിന കളം ഭരിച്ചു. എയ്‌സ് പായിച്ചാണ് അഞ്ചാം റാങ്കുകാരിയുടെ വിജയം.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലാണ് ജനനം. ആറാം വയസ്സുമുതൽ ടെന്നീസ് കളിച്ചുതുടങ്ങി. ജൂനിയർ തലത്തിൽ മികവുകാട്ടി. 2018ൽ കസാഖ്‌സ്ഥാനിലേക്ക് കൂടുമാറി.
ജൊകോവിച്ച് x അൽകാരസ്
ഇന്ന് ആര് ജയിച്ചാലും ചരിത്രം. മെൽബൺ പാർക്കിലെ റോഡ് ലേവർ അരീനയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജൊകോവിച്ചും കാർലോസ് അൽകാരസും തമ്മിലുള്ള പോരാട്ടം തലമുറകൾ തമ്മിലാണ്. 2008ൽ ജൊകോവിച്ച് ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ നേടുമ്പോൾ അൽകാരസിന് പ്രായം അഞ്ച് വയസ്സുമാത്രം.
മുപ്പത്തെട്ടുകാരനായ ജൊകോയുടെ ലക്ഷ്യം 25–ാം ഗ്രാൻഡ്‌സ്ലാം കിരീടമാണ്. ജീവിതത്തിലെ നാഴികക്കല്ലായ നേട്ടം മറ്റൊരു ടെന്നീസ് താരത്തിനും സാധ്യമായിട്ടില്ല. 22 വയസ്സുള്ള അൽകാരസാകട്ടെ ആദ്യ കിരീടം സ്വപ്‌നം കാണുന്നു.










0 comments