Deshabhimani

പാരിസ് മാസ്റ്റേഴ്സ് ടെന്നീസ്; അൽകാരസിന് കിരീടം

Carlos Alcaras

കാർലോസ് അൽകാരസ്| Photo: Reuters,Gettyimages

വെബ് ഡെസ്ക്

Published on Nov 08, 2026, 10:39 PM | 1 min read

പാരിസ് : പാരിസ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം സ്വന്തമാക്കി സ്പാനിഷ് താരം കാർലോസ് അൽകാരസ്. ഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് അൽകാരസ് കിരീടം ചൂടിയത്. സ്കോർ: 7-6 (7-5), 7-5. 2026ൽ അൽകാരസിന്റെ അഞ്ചാം കിരീടമാണിത്. പാരിസ് മാസ്റ്റേഴ്സിലെ താരത്തിന്റെ ആദ്യ കിരീടം കൂടിയാണിത്.


യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഷെൽട്ടനോട് ഏറ്റുവാങ്ങിയ തോൽവിക്ക് മറുപടി നൽകാനും അൽകാരസിനായി. സെപ്തംബറിൽ നടന്ന മത്സരത്തിൽ നാലു മണിക്കൂറും 28 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഷെൽട്ടൻ അൽകാരസിനെ കീഴടക്കിയത്.


ആദ്യ സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ 7-5ന് ജയിച്ച അൽകാരസ് ആദ്യ സെറ്റിൽ വിജയം നേടി. 65 മിനിറ്റ് നീണ്ട ആദ്യ സെറ്റിൽ ലഭിച്ച ആറ് ബ്രേക്ക് പോയിന്റ് അവസരങ്ങളും മുതലാക്കാൻ ഷെൽട്ടനായില്ല.


രണ്ടാം സെറ്റിൽ 3-2ന് മുന്നിലെത്തിയ ഷെൽട്ടൻ അൽകാരസിന്റെ സർവീസ് ബ്രേക്ക് ചെയ്ത് മുന്നിലെത്തിയെങ്കിലും സ്പാനിഷ് താരം തിരിച്ചടിച്ച് സ്കോർ 4-4ലെത്തിച്ചു. പിന്നീട് നിർണായക ഘട്ടത്തിൽ വീണ്ടും ബ്രേക്ക് നേടിയ അൽകാരസ് 7-5ന് രണ്ടാം സെറ്റും സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.


2026ൽ കളിച്ച ആറ് ഫൈനലുകളിൽ അഞ്ചിലും വിജയിച്ച അൽകാരസിന്റെ തുടർച്ചയായ ഒമ്പതാം മത്സരവിജയമാണിത്. നവംബർ 15 മുതൽ 22 വരെ ടൂറിനിൽ നടക്കുന്ന എടിപി ഫൈനൽസാണ് ഇനി താരത്തിന്റെ അടുത്ത ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home