ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

video screenshot
കയ്റോ: ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. നാലുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കെയ്റോയ്ക്ക് തെക്ക് ഗിസ പ്രവിശ്യയിലെ അൽ അയാത്ത് മേഖലയിലാണ് അപകടമുണ്ടായത്. ഗിസയിൽനിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന യാത്രാ ട്രെയിൻ കെയ്റോയിൽനിന്ന് അസ്വാനിലേക്ക് സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ നിരവധി ബോഗികൾ പാളംതെറ്റി മറിഞ്ഞു. കഫർ അമ്മാർ, അൽ റഖ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്ന് ഈജിപ്ത് ദേശീയ റെയിൽവേ അധികൃതർ അറിയിച്ചു
അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകരും ആംബുലൻസുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ തകർന്ന ബോഗികൾ നീക്കംചെയ്യുന്നതിനും റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി ക്രെയിനുകളും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളെയും വിന്യസിച്ചതായി അധികൃതർ പറഞ്ഞു. ഗിസ, ബെനി സ്യൂഫ് പ്രവിശ്യകളിലെ ആശുപത്രികളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ നിർദേശം നൽകി.
അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഉത്തരവിട്ടു.കഴിഞ്ഞ സെപ്തംബറിലും ഇതേ മേഖലയിൽ രണ്ട് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റിനും സഹായിക്കും പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് കെയ്റോ–അപ്പർ ഈജിപ്ത് റെയിൽ ഗതാഗതം തടസപ്പെട്ടു.








0 comments