ad
Deshabhimani

ചെസ് ബോർഡിലെ ഇന്ത്യൻ വിസ്മയം; വിശ്വനാഥൻ ആനന്ദിന്റെ കന്നി ലോക കിരീടത്തിന് 25 വയസ്

viswanathan anand

വിശ്വനാഥൻ ആനന്ദ്

വെബ് ഡെസ്ക്

Published on Dec 24, 2025, 12:15 PM | 2 min read

ഇന്ത്യയുടെ അഭിമാനമായ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് തന്റെ ആദ്യ ലോക കിരീടം നേടിയിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുകയാണ്. 2000 ഡിസംബർ 24-ന് തെഹ്‌റാനിൽ നടന്ന ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്പെയിനിന്റെ അലക്സി ഷിറോവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് ചരിത്രം കുറിച്ചത്. ഇന്ത്യയുടെ കായിക ഭൂപടത്തിൽ ചെസ് എന്ന മത്സരത്തിന് പുതിയ മാനങ്ങൾ നൽകിയ ആനന്ദിന്റെ പുതു തലമുറയ്ക്ക് വലിയ പ്രചോദനമാണ്.


viswanathan anand 2000PHOTO CREDIT: X


കരിയറിലെ ആദ്യകാലം


ആറാം വയസിൽ അമ്മയിൽ നിന്നാണ് ആനന്ദ് ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ആ ആവേശം പതിനാലാം വയസ്സിൽ നാഷണൽ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലെ വിജയത്തിലെത്തിച്ചു. അന്ന് കളിച്ച ഒമ്പത് മത്സരങ്ങളിലും വിജയിച്ചുകൊണ്ടായിരുന്നു ആനന്ദിന്റെ കിരീടനേട്ടം. പതിനഞ്ചാം വയസ്സിൽ അന്താരാഷ്ട്ര മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി അദ്ദേഹം മാറി. 1987-ൽ ഫിഡെ വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ് നേടിയതോടെ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. തൊട്ടടുത്ത വർഷം, 1988-ൽ അദ്ദേഹം അന്താരാഷ്ട്ര ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കി.


ലോകവേദിയിലെ പോരാട്ടങ്ങൾ


1990-കളിൽ ലോക ചെസ് വേദികളിലെ അജയ്യരായ ഗാരി കാസ്പറോവ്, അനാറ്റോളി കാർപ്പോവ്, വ്ലാഡിമിർ ക്രാംനിക് എന്നിവരോട് കടുത്ത പോരാട്ടമാണ് ആനന്ദ് കാഴ്ചവെച്ചത്. 1991-ൽ കാസ്പറോവിനെയും കാർപോവിനെയും അട്ടിമറിച്ചുകൊണ്ട് തന്റെ ആദ്യ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചു. എന്നാൽ ലോക കിരീടത്തിലേക്കുള്ള പാതയിൽ ആനന്ദിന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നു. 1991-ലെ ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ കാർപോവിനോടും, 1995-ൽ ഫൈനലിൽ ഗാരി കാസ്പറോവിനോടും, 1998-ൽ അനാറ്റോളി കാർപ്പോവിനോടും അദ്ദേഹത്തിന് പരാജയം നേരിട്ടു.


viswanathan anand and alexi shirov2000 ഡിസംബർ 24-ന് തെഹ്‌റാനിൽ നടന്ന ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്പെയിനിന്റെ അലക്സി ഷിറോവിനെ ആനന്ദ് പരാജയപ്പെടുത്തുന്നു.(PHOTO CREDIT: X)


2000ലെ ചരിത്രവിജയം


തുടർച്ചയായ പരാജയങ്ങൾ നൽകിയ നിരാശയെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന വർഷമായിരുന്നു 2000. ഇന്ത്യയിലും ഇറാനിലുമായി നടന്ന ടൂർണമെന്റിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന ആനന്ദ്. ഫൈനലിൽ അലക്സി ഷിറോവിനെ തകർത്ത ​ഗംഭീര പെർഫോമൻസോടെ ലോക ചാമ്പ്യൻപട്ടം നേടി. ഈ വിജയം മുൻവർഷങ്ങളിലെ തോൽവികൾക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ഈ കിരീടനേട്ടത്തോടെ ലോക ചെസ്സിന്റെ നെറുകയിൽ എത്തിയ ആദ്യ ഇന്ത്യക്കാരനായി ആനന്ദ് മാറി. തുടർന്ന് 2007, 2008, 2010, 2012 വർഷങ്ങളിലും ലോക ചാമ്പ്യനായി അദ്ദേഹം തന്റെ ആധിപത്യം തുടർന്നു.


ഇന്ത്യൻ ചെസ്സിലെ പുതിയ തലമുറയ്ക്ക് വഴികാട്ടിയാണ് വിശ്വനാഥൻ ആനന്ദ്. ഇന്നും തന്റെ വേഗതയാർന്ന നീക്കങ്ങൾ കൊണ്ടും ശാന്തമായ സ്വഭാവം കൊണ്ടും ലോകത്തിന് മാതൃകയാണ് അദ്ദേഹം. 2000-ൽ അദ്ദേഹം തുടക്കമിട്ട വിജയത്തിന്റെ മധുരം പതിനായിരക്കണക്കിന് ഇന്ത്യൻ യുവതാരങ്ങൾക്ക് ഇന്നും ഊർജ്ജമായി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home