റെഡ് കാർഡിന് ശേഷമുള്ള ആഘോഷം: മാത്യൂസ് കുന്യയ്ക്ക് കൂടുതൽ വിലക്കില്ലെന്ന് യുവേഫ

ലണ്ടൻ: റോമയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തായ ശേഷം ഗ്രൗണ്ടിലിറങ്ങി ആഘോഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുന്യയ്ക്ക് കൂടുതൽ ശിക്ഷാ നടപടികളില്ല. മാത്യൂസ് കുഞ്ഞയ്‌ക്കെതിരെ അധിക വിലക്ക് ഏർപ്പെടുത്തില്ലെന്ന് യുവേഫ വ്യക്തമാക്കി.
മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ 83, 86 മിനിറ്റുകളിൽ ഗോളുകൾ നേടി ടീമിന്റെ രക്ഷകനായത് 27കാരനായ ബ്രസീലിയൻ താരം കുന്യയിരുന്നു. എന്നാൽ ഗോൾ ആഘോഷത്തിനിടെ ആദ്യ മഞ്ഞക്കാർഡും, ഇഞ്ചുറി ടൈമിൽ വരുത്തിയ ഫൗളിന് രണ്ടാമത്തെ മഞ്ഞക്കാർഡും കണ്ട് താരം പുറത്തായി.
എന്നാൽ മത്സരം അവസാനിച്ച ശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി കാണികളെ അഭിവാദ്യം ചെയ്യുകയും സഹതാരങ്ങളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തതാണ് വിവാദമായത്. എന്നാൽ ഒഫീഷ്യൽ റിപ്പോർട്ടുകളിൽ ഈ സംഭവം പരാമർശിച്ചിട്ടില്ലെന്നും, അതിനാൽ രണ്ടു മഞ്ഞക്കാർഡുകൾ ലഭിച്ചതിനുള്ള ഒരു മത്സര വിലക്കിൽ കൂടുതൽ ശിക്ഷ നൽകില്ലെന്നും യുവേഫ വക്താവ് സ്ഥിരീകരിച്ചു. ഇതോടെ സ്‌പോർട്ടിംഗിനെതിരായ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം മാത്രമേ കുന്യയ്ക്ക് നഷ്ടമാകൂ.
താരം പുറത്തായതിൽ നിരാശയുണ്ടെങ്കിലും കുന്യയുടെ മികച്ച പ്രകടനത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക് പ്രശംസിച്ചു. രണ്ടാം പകുതിയിൽ കുന്യയെ മധ്യനിരയിലേക്ക് മാറ്റിയ തന്ത്രം ഫലം കണ്ടെന്നും, ക്ലബ്ബിനോടുള്ള താരത്തിന്റെ ആത്മാർത്ഥതയാണ് മൈതാനത്ത് കണ്ടതെന്നും കാരിക് കൂട്ടിച്ചേർത്തു.








0 comments