സുസ്ഥിര കായികമേള പരിസ്ഥിതിസൗഹൃദത്തിന്റെ പുതിയ മാതൃക


ഡോ. അജീഷ് പി ടി
Published on Nov 11, 2026, 02:42 PM | 4 min read
ആഗോള കായികമാമാങ്കങ്ങളോടുള്ള കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും കാതലായ മാറ്റങ്ങൾ സംഭവിക്കുന്ന നിർണായക വഴിത്തിരിവിലൂടെയാണ് ലോകം കടന്നുപോകുന്നത്. കേവലം സാമ്പത്തികമേധാവിത്വവും രാഷ്ട്രീയപ്രഭാവവും പ്രദർശിപ്പിക്കാനുള്ള ആഡംബര വേദികളിൽനിന്ന്, പരിസ്ഥിതിസൗഹൃദപരവും സാമൂഹികപ്രതിബദ്ധതയുള്ളതുമായ സുസ്ഥിരസംഘാടന മാതൃകകളിലേക്ക് കായികലോകം ചുവടുമാറി.
മുൻകാലങ്ങളിൽ ശതകോടികൾ വാരിയെറിഞ്ഞു പണിതുയർത്തിയ കൂറ്റൻസ്റ്റേഡിയങ്ങളും ദൃശ്യവിസ്മയമായ ഉദ്ഘാടന, സമാപനചടങ്ങുകളും ആഡംബരം നിറഞ്ഞ അത്ലറ്റ് വില്ലേജുകളുമൊക്കെയായിരുന്നു ഒരു രാജ്യത്തിന്റെ സംഘാടനമികവിന്റെയും നയതന്ത്രസ്വാധീനത്തിന്റെയും മാനദണ്ഡങ്ങളായി വിലയിരുത്തപ്പെട്ടത്. രാജ്യാന്തരതലത്തിൽ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള വെമ്പലിൽ പല രാജ്യങ്ങളും സ്വന്തം ബജറ്റ്പരിധി പോലും മറന്ന് പണമൊഴുക്കി. മേളയ്ക്ക് തിരശീല വീഴുമ്പോൾ ആതിഥേയരെ കാത്തിരുന്നത് ഭീമമായ സാമ്പത്തികബാധ്യതയും തകർച്ചയുമാണെന്ന യാഥാർത്ഥ്യം കായികലോകം തിരിച്ചറിഞ്ഞ് തുടങ്ങി. വൻകിട കായികമേളകൾ നടത്തി സാമ്പത്തിക അസന്തുലിതാവസ്ഥയിലും കടക്കെണിയിലും അകപ്പെട്ട രാജ്യങ്ങളുടെയും സംഘാടകസമിതികളുടെയും ഒട്ടനവധി ഉദാഹരണം കാണാം. 1976-ലെ മോൺട്രിയൽ ഒളിമ്പിക്സ് സൃഷ്ടിച്ച സാമ്പത്തികാഘാതം 'മോൺട്രിയൽ ട്രാപ്' എന്നാണ് അറിയപ്പെടുന്നത്. ദീർഘവീക്ഷണമില്ലാത്ത ആസൂത്രണവും അനിയന്ത്രിതമായ ചെലവുകളും മൂലം ഭീമമായ കടബാധ്യതയിലേക്ക് കൂപ്പുകുത്തിയ ഈ നഗരത്തിലെ ജനങ്ങൾക്ക്, കടംവീട്ടാൻ 30 വർഷത്തോളം പ്രത്യേക നികുതിയും മറ്റ് അധികതുകകളും ഒടുക്കേണ്ടിവന്നു.
ഒളിമ്പിക്സിന്റെ ജന്മനാടായ ഏഥൻസിലേക്ക് 2004- ൽ കായികമേള മടങ്ങിയെത്തിയപ്പോൾ ആഡംബരനിർമ്മാണങ്ങൾക്കായി വൻതോതിൽ പണം ചെലവഴിച്ചു. മേളയ്ക്കുശേഷം ഈ കൂറ്റൻസ്റ്റേഡിയങ്ങൾ പരിപാലിക്കാൻ സാധിക്കാതെ വന്നത് ഗ്രീസിനെ ദീർഘകാല സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടു. 2008-ലെ ബീജിംഗ് ഒളിമ്പിക്സിനായി ചൈന നിർമ്മിച്ച പ്രശസ്തമായ 'ബേർഡ്സ് നെസ്റ്റ്' സ്റ്റേഡിയവും 'വാട്ടർ ക്യൂബും' ദൃശ്യവിസ്മയങ്ങളായെങ്കിലും, വർഷംതോറും ദശലക്ഷക്കണക്കിന് ഡോളറുകളാണ് ഇവയുടെ പരിപാലനത്തിന് ചെലവഴിക്കുന്നത്.
2010-ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് അഴിമതി കൊണ്ടും അമിതച്ചെലവുകൾകൊണ്ടും വലിയ നഷ്ടമുണ്ടാക്കി. 2014-ൽ റഷ്യയിലെ സോച്ചിയിൽ നടന്ന ശീതകാല ഒളിമ്പിക്സും ബ്രസീലിൽ അതേവർഷം നടന്ന ഫുട്ബോൾ ലോകകപ്പും 2016-ലെ ഒളിമ്പിക്സും സംഘടിപ്പിച്ചശേഷം ഇരുരാജ്യങ്ങളും സമാനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. മേളയ്ക്കുശേഷം പരിപാലനച്ചെലവ് താങ്ങാനാകാതെ റിയോ നഗരത്തിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. 2020-ലെ ടോക്കിയോ ഒളിമ്പിക്സ്, കോവിഡ് മഹാമാരിമൂലം കാണികളില്ലാതെ നടത്തേണ്ടിവന്നത് ടിക്കറ്റ് വരുമാനം പൂർണമായും നഷ്ടപ്പെടുത്തി, സംഘാടകർക്ക് ഭീമമായ കടബാധ്യതയാണ് ഉണ്ടായത്. കായികമാമാങ്കങ്ങൾ അടിച്ചേൽപ്പിച്ച ഭീമമായ കടബാധ്യതകളുടെ ചരിത്രം തിരുത്തികൊണ്ടാണ് 2024-ലെ പാരിസ് ഒളിമ്പിക്സ് കടന്നുപോയത്. 'ഹരിത-മിതവ്യയ' മാതൃകയാണ് പാരിസ് പ്രായോഗികമാക്കിയത്. മേളയ്ക്കുശേഷം ഉപയോഗശൂന്യമാകുന്ന കൂറ്റൻ കോൺക്രീറ്റ് സ്റ്റേഡിയങ്ങൾ പണിതുയർത്തുന്ന രീതി പാരിസ് വേണ്ടെന്നു വെച്ചു. നിലവിലുള്ള കായികവേദികൾ പ്രയോജനപ്പെടുത്തിയും താൽക്കാലിക നിർമ്മിതികൾ സജ്ജീകരിച്ചും ചെലവ് ചുരുക്കലിന്റെ പുതിയ പാഠം ലോകത്തിന് കാട്ടിക്കൊടുത്തു. 8500 കോടി രൂപ മാത്രം ചെലവഴിച്ച മേളയുടെ ഭൂരിഭാഗം സാമ്പത്തികസമാഹരണത്തിനും പൊതുഖജനാവിനെ ആശ്രയിച്ചില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിഹിതം, ടിക്കറ്റ് വിൽപ്പന, സ്പോൺസർഷിപ്പുകൾ, സ്വകാര്യപങ്കാളിത്തം എന്നിവയിലൂടെ ചെലവ് കണ്ടെത്തി. പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് നവോന്മേഷം നൽകാനും, വരാനിരിക്കുന്ന ആഗോള കായികമേളകൾക്ക് അനുകരണീയമായ ഒരു സുസ്ഥിരവികസനമാതൃക മുന്നോട്ടുവെക്കാനും സാധിച്ചു എന്നതാണ് പാരിസ് ഒളിമ്പിക്സിന്റെ ഏറ്റവും വലിയ വിജയം.
2026-ലെ കോമൺവെൽത്ത് ഗെയിംസ് ആതിഥേയത്വത്തിൽ നിന്ന് ഭീമമായ സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം അവസാനനിമിഷം പിന്മാറിയത് കായികലോകത്തെ വലിയൊരു അനിശ്ചിതത്വത്തിലേക്കാണ് തള്ളിയിട്ടത്. സംഘാടന ച്ചെലവ് പ്രതീക്ഷിച്ചതിലും ഇരട്ടിയായി കുതിച്ചതോടെയാണ് വിക്ടോറിയ പിൻവാങ്ങിയത്. സാമ്പത്തികബാധ്യത ഭയന്ന് നഗരങ്ങൾ ഒന്നൊന്നായി വിമുഖത കാണിക്കുകയും, ഗെയിംസിന്റെ ഭാവിതന്നെ ആശങ്കയിലാവുകയും ചെയ്ത ഘട്ടത്തിലാണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ രക്ഷകരായി അവതരിച്ചത്. 2014-ലെ വിജയകരമായ സംഘാടനത്തിന്റെ മുൻപരിചയവും നിലവിലുള്ള ലോകോത്തര അടിസ്ഥാനസൗകര്യങ്ങളുമാണ് ഗ്ലാസ്ഗോയ്ക്ക് തുണയായത്. നിലവിലുള്ള വേദികൾ മാത്രം പ്രയോജനപ്പെടുത്തി 'പരിസ്ഥിതിസൗഹൃദ ചെലവുചുരുക്കൽ' മാതൃകയിലാണ് അവർ 2026 കോമൺവെൽത്ത് ഗെയിംസിന്റെ പ്ലാൻ തയാറാക്കിയത്. ഈ മേള പരമ്പരാഗത ആഡംബരശൈലിയെ പൂർണമായും പൊളിച്ചെഴുതി. ‘കുറഞ്ഞചെലവ്, ഉയർന്നസുസ്ഥിരത’ എന്ന തത്വത്തിലധിഷ്ഠിതമായ ഈ പുതുമാതൃകയിൽ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഗെയിംസിനായി പ്രയോജനപ്പെടുത്തിയത്. പ്രത്യേക അത്ലറ്റ് വില്ലേജുകൾ നിർമ്മിക്കുന്നതിനുപകരം നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ ഉപയോഗപ്പെടുത്തി. പ്രത്യേക നിർമ്മാണങ്ങൾ വേണ്ടിവരുന്ന കായികഇനങ്ങൾ ചുരുക്കി, 10 ജനപ്രിയ ഇനങ്ങൾക്കു മുൻഗണന നൽകി. ജനങ്ങളുടെ നികുതിപ്പണം പുതിയ സ്റ്റേഡിയങ്ങൾക്കായി പാഴാക്കാതെ ജനക്ഷേമത്തിനും ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ വികസനത്തിനും ഉപയോഗിക്കണമെന്ന വലിയ സന്ദേശമാണ് ഇതിലൂടെ ഗ്ലാസ്ഗോ നൽകിയത്. സുസ്ഥിരസംഘാടനത്തിന്റെ മറ്റൊരു ഉദാത്ത മാതൃകയാണ് ജപ്പാനിലെ നഗോയ നഗരത്തിലും ഐച്ചി പ്രവിശ്യയിലുമായി അരങ്ങേറിയ 20–-ാമത് ഏഷ്യൻ ഗെയിംസ്. 1958-ൽ ടോക്കിയോയും 1994-ൽ ഹിരോഷിമയും കഴിഞ്ഞാൽ ഏഷ്യൻഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ജപ്പാൻ നഗരമാണ് നഗോയ. 45-ലധികം ഏഷ്യൻരാജ്യങ്ങളിൽ നിന്നായി 11,000-ത്തിലധികം കായികതാരങ്ങൾ മാറ്റുരച്ച മേളയിൽ, ഉദ്ഘാടന–-സമാപനചടങ്ങുകൾക്കും അത്ലറ്റിക്സിനുമായി നഗോയയിലെ ചരിത്രപ്രസിദ്ധമായ പാലോമ മിസുഹോ സ്റ്റേഡിയം സജ്ജമാക്കി. 'സോഷ്യൽ ഗുഡ് ഗെയിംസ്'’ എന്ന ആശയത്തിലൂന്നിയാണ് സംഘാടകസമിതി ഔദ്യോഗിക സുസ്ഥിരവികസന നയരേഖ വിഭാവനംചെയ്തത്. 2005-ലെ ഐച്ചി എക്സ്പോ മുന്നോട്ടുവെച്ച പരിസ്ഥിതിബോധത്തിലും ആഗോളപൗരത്വത്തിലുമൂന്നി, "ഐച്ചി-നാഗോയ 2026-നപ്പുറവും-ഏഷ്യയെയും ഭാവിയെയും ബന്ധിപ്പിക്കുന്ന സൗഹൃദപ്പാലം" എന്ന പ്രമേയത്തിലൂന്നിയാണ് ഈ കായികമാമാങ്കം സംഘടിപ്പിക്കപ്പെട്ടത്.
നഗോയ തുറമുഖത്ത് നങ്കൂരമിട്ട 'കോസ്റ്റ സെറീന' എന്ന ആഡംബര ക്രൂയിസ് കപ്പലിൽ 4,600-ഓളം പേർക്കായി 'ഫ്ലോട്ടിങ് വില്ലേജും' പുനരുപയോഗസാധ്യമായ തടികൊണ്ട് നിർമ്മിച്ച 2,400-ലേറെ 'മൊഡ്യൂളാർ കണ്ടെയ്നർ വീടുകളും' സജ്ജീകരിച്ചു. ഗെയിംസിനുശേഷം എളുപ്പത്തിൽ അഴിച്ചുമാറ്റി ദുരന്തനിവാരണ ഷെൽട്ടറുകളായി പുനരുപയോഗിക്കാൻ കഴിയുന്നവയാണ് ഈ കണ്ടെയ്നർ വീടുകൾ. ബാക്കിവന്ന കായികപ്രതിനിധികൾക്കായി നഗരത്തിലെ ഹോട്ടലുകളിലും താമസമൊരുക്കി.
മേളയ്ക്കാവശ്യമായ കസേരകൾ, താൽക്കാലിക പന്തലുകൾ, ഓഫീസ് സാമഗ്രികൾ, ഐ.ടി ഉപകരണങ്ങൾ എന്നിവ വാടകവ്യവസ്ഥയിലാണ് ലഭ്യമാക്കിയത്. ഇതുവഴി മാലിന്യമുണ്ടാകുന്നത് ഗണ്യമായി കുറയ്ക്കാനും, 'സസ്റ്റൈനബിൾ പ്രൊക്യൂർമെന്റ് കോഡ്'’ അനുസരിച്ചുള്ള പരിസ്ഥിതിസൗഹൃദ ശേഖരണനയം നടപ്പാക്കാനും സാധിച്ചു. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും സർക്കുലർ ഇക്കോണമിയും സമന്വയിപ്പിച്ചാണ് മെഡലുകൾ രൂപകൽപ്പനചെയ്തത്. ഇതിനായി ഇ-വേസ്റ്റുകൾ ശാസ്ത്രീയമായി പുനരുപയോഗിച്ചു. പ്രായം, ലിംഗഭേദം, ഭിന്നശേഷി എന്നിവയ്ക്കതീതമായി ഏവർക്കും ഒരുപോലെ കൈകോർക്കാൻ കഴിയുന്ന ഇൻക്ലൂസിവ് വോളന്റിയറിംഗ് സംസ്കാരത്തിനും തുടക്കമിടാൻ സാധിച്ചു. കായികരംഗവും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളും സമന്വയിപ്പിച്ചുള്ള പ്രദർശനങ്ങളും, പ്രമുഖ കായികതാരങ്ങളുമായുള്ള സംവാദങ്ങളും കുട്ടികൾക്കായി ഒരുക്കി. ഭാവിതലമുറയിലേക്ക് കായികക്ഷമതയ്ക്കൊപ്പം ഹരിതചിന്താഗതിയുടെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും മഹത്തായ പാരമ്പര്യം പകർന്നുനൽകുക എന്നതായിരുന്നു ഈ ബഹുമുഖസംരംഭത്തിന്റെ പ്രധാനലക്ഷ്യം.
2020-ലെ ടോക്കിയോ ഒളിമ്പിക്സ് ജപ്പാനിലെ ജനങ്ങളിൽ നിന്ന് ശേഖരിച്ച പഴയ ഇലക്ട്രോണിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് മെഡലുകൾ നിർമിക്കുകയും, പൂർണമായും റീസൈക്കിൾ ചെയ്യാൻ കഴിയുന്ന കാർഡ്ബോർഡ് കിടക്കകളും പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ഇന്ധനവും പ്രയോജനപ്പെടുത്തുകയും ചെയ്താണ് മാതൃകയായത്. 2022-ലെ ബെയ്ജിംഗ് ഒളിമ്പിക്സ് വേദികൾ പൂർണമായും സോളാർ, കാറ്റാടി വഴിയുള്ള പുനരുപയോഗ ഊർജ്ജത്തിലാണ് പ്രവർത്തിപ്പിച്ചത്. ഐസ് സ്കേറ്റിംഗ് വേദികളിൽ പരിസ്ഥിതി സൗഹൃദപരമായ സി.ഒ.2 കൂളിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചു. 2024-ലെ പാരിസ് ഒളിമ്പിക്സ് മുൻകാലങ്ങളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ പകുതിയായി കുറച്ചതോടൊപ്പം, അത്ലറ്റ്സ് വില്ലേജിലും സ്റ്റേഡിയങ്ങളിലും പ്രാദേശികമായി ഉൽപ്പാദിപ്പിച്ച സസ്യഭക്ഷണത്തിന് മുൻഗണന നൽകുകയും ചെയ്തു.
വരാനിരിക്കുന്ന 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ഒരു പുതിയ സ്ഥിര സ്റ്റേഡിയം പോലും നിർമിക്കാതെ, നിലവിലുള്ള ചരിത്രപ്രസിദ്ധമായ വേദികൾ മാത്രം പ്രയോജനപ്പെടുത്തുന്ന 'നോ-ബിൽഡ്' മാതൃകയാണ് നടപ്പാക്കുന്നത്. ഇവയ്ക്ക് പുറമെ, പൂർണമായും ഇലക്ട്രിക് കാറുകൾ മാത്രം അണിനിരത്തി താത്കാലിക ട്രാക്കുകളിൽ സംഘടിപ്പിക്കുന്ന ഫോർമുല ഇ റേസിംഗും, 2030-ഓടെ ഹരിതഗൃഹ വാതക പുറന്തള്ളൽ പകുതിയായി കുറയ്ക്കാൻ ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ചേർന്ന് രൂപീകരിച്ച 'യു.എൻ സ്പോർട്സ് ഫോർ ക്ലൈമറ്റ് ആക്ഷൻ ഫ്രെയിംവർക്കും' ആഗോള കായികലോകത്തെ മറ്റ് സുപ്രധാന പരിസ്ഥിതി മുന്നേറ്റങ്ങളാണ്. ആർഭാടവും ധൂർത്തും സൃഷ്ടിക്കുന്ന ഭീമമായ സാമ്പത്തികബാധ്യതകളെക്കുറിച്ചുള്ള തിരിച്ചറിവാണ് ഹരിത-മിതവ്യയ മാതൃകയിലേക്ക് കായികലോകത്തെ നയിച്ചത്. ഒരു കായികമേളയുടെ മാഹാത്മ്യവും പ്രൗഢിയും അളക്കേണ്ടത് അതിനായി വാരിയെറിയുന്ന പണത്തിന്റെ കണക്കുകൾ നോക്കിയല്ല; മറിച്ച് കായികതാരങ്ങൾക്കും കാണികൾക്കും അത് നൽകുന്ന മികച്ച അനുഭവവും, ആതിഥേയനഗരത്തിന് സമ്മാനിക്കുന്ന സുസ്ഥിരവികസനവും മുൻനിർത്തിയാകണം. ദീർഘവീക്ഷണത്തോടെയും ആസൂത്രണത്തോടെയും മേളകൾ നടപ്പിലാക്കിയാൽ, ഇവ നഗരങ്ങളെ കടക്കെണിയിലാക്കുന്ന ദുരന്തങ്ങളാവാതെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും കായികരംഗത്തിനും പുതുജീവൻ പകരുന്ന ഉത്തേജകമായി മാറും. പാരീസും ഗ്ലാസ്ഗോയും നഗോയയും പ്രായോഗികമായി തെളിയിച്ച ഈ ലാളിത്യത്തിന്റെയും സുസ്ഥിരതയുടെയും ഹരിതമാതൃക, വരാനിരിക്കുന്ന ആഗോളകായികമാമാങ്കങ്ങൾക്ക് കൃത്യമായ വഴികാട്ടിയാണ്. നിലവിലുള്ള കായികവേദികൾ പരമാവധി പുനരുപയോഗിക്കുക, താത്കാലികവും പുനരുപയോഗിക്കാവുന്നതുമായ പരിസ്ഥിതിസൗഹൃദഘടനകൾ നിർമ്മിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവയാണ് ഈ പുതിയ കായികസംസ്കാരത്തിന്റെ അടിത്തറ. ഈ 'ലാളിത്യത്തിന്റെ കായികവിപ്ലവം' വരുംകാല ഒളിമ്പിക്സുകൾക്കും മറ്റ് കായികമേളകൾക്കും പുതിയൊരു സംഘാടന മാനദണ്ഡമാണ് മുന്നോട്ടുവയ്ക്കുന്നത്.








0 comments