ചരിത്ര വെങ്കലവുമായി സുചിക; എംഎംഎയിൽ ഇന്ത്യക്ക് ആദ്യ മെഡൽ

നഗോയ : ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കല നേട്ടത്തോടെ ചരിത്രം കുറിച്ച് സുചിക തരിയാൽ. എംഎംഎയിൽ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിക്കൊടുത്താണ് സുചിക ചരിത്രത്തിലിടം നേടിയത്. സെമിഫൈനലിൽ സിംഗപ്പൂരിന്റെ ടിയോ ഹുയി ഹൂണിനോടാണ് സൂചിക പരാജയപ്പെട്ടത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാഞ്ചിമെഗ് ബൈഗൽമയെ 2-0ന് പരാജയപ്പെടുത്തിയാണ് അവസാന നാലിൽ സുചിക ഇടം നേടിയത്.
ജൂഡോയിലും കുറാഷിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള തരിയാൽ ഒരു മൾട്ടി ഡിസിപ്ലിനറി കോംബാറ്റ് സ്പോർട്സ് താരമാണ്. കാൽമുട്ടിനേറ്റ പരിക്കിനെ മറികടന്ന് ഏഷ്യൻ ഗെയിംസ് എംഎംഎയിൽ പങ്കെടുക്കാൻ സുചികെയത്തിയത്. 2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലാണ് എംഎംഎ ഉൾപ്പെടുത്തിയത്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിലും 2023ലെ ഏഷ്യൻ ഗെയിംസിൽ കുറാഷിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2024ലെ ജ്യു-ജിറ്റ്സു ലോക ചാമ്പ്യൻ കൂടിയായ സുചികയുടെ കായിക യാത്രയിലെ ഏറ്റവും പുതിയ അധ്യായമാണിത്.









0 comments