കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റ്
print edition കളത്തിൽ തിളങ്ങി സിൻഡറോവ്

ജാവോഖിർ സിൻഡറോവ്
പെജിയ (സൈപ്രസ്): ഉസ്‌ബെകിസ്ഥാൻ ഗ്രാൻഡ്‌മാസ്‌റ്റർ ജാവോഖിർ സിൻഡറോവ് കളം പിടിച്ചു. കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിൽ രണ്ട് റൗണ്ട് ശേഷിക്കെ ഇരുപതുകാരൻ ഒമ്പത് പോയിന്റുമായി ഒന്നാമതാണ്. ഇന്നത്തെ മത്സരത്തിൽ സമനില നേടിയാൽ പുതിയ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള പോരിന് യോഗ്യത നേടും. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷുമായാകും പോരാട്ടം.
12 റൗണ്ട് പൂർത്തിയായപ്പോൾ ആറ് വീതം ജയവും സമനിലയുമായി സിൻഡറോവ് മുന്നിലാണ്. കാൻഡിഡേറ്റ് ടൂർണമെന്റിൽ ഒരു കളിക്കാരൻ ആറ് ജയം നേടുന്നത് ആദ്യമാണ്. തൊട്ടടുത്തുള്ള നെതർലൻഡ്‌സിന്റെ അനീഷ് ഗിരിക്ക് ഏഴ് പോയിന്റാണുളളത്. രണ്ട് പോയിന്റ് വ്യത്യാസം സിൻഡറോവിന് മുൻതൂക്കം നൽകുന്നു. ഇന്ന് പതിമൂന്നാം റൗണ്ടിൽ അനീഷ് ഗിരിയാണ് എതിരാളി. മൂന്നാംസ്ഥാനത്തുള്ള അമേരിക്കൻ താരം ഫാബിയാനോ കരുവാനക്ക് ആറ് പോയിന്റാണുള്ളത്.
ഇന്ത്യൻ പ്രതീക്ഷയായിരുന്ന ആർ പ്രഗ്‌നാനന്ദ അഞ്ച് പോയിന്റുമായി ഏഴാംസ്ഥാനത്താണ്. എട്ട് പേരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലിയും ചൈനീസ് താരം സു ജിനെറും ഏഴ് പോയിന്റുമായി ഒന്നാമതാണ്. പ്രഗ്‌നാനന്ദയുടെ സഹോദരിയാണ് വൈശാലി. 12–ാംറൗണ്ടിൽ 39 നീക്കത്തിൽ ജിനെറിനോട് തോറ്റത് തിരിച്ചടിയായി. ഇന്ന് വൈശാലി ചൈനയുടെ ടാൻ സോങ് യിയെ നേരിടും. ജിനെർ അലക്‌സാന്ദ്ര ഗൊര്യാച്‌കിനയുമായി ഏറ്റുമുട്ടും. ഇന്ത്യൻ താരം ദിവ്യ ദേശ്‌മുഖ് അഞ്ച് പോയിന്റുമായി ഏഴാമതാണ്. ചാമ്പ്യനാകുന്ന കളിക്കാരി നിലവിലെ ലോക ജേത്രി ചൈനയുടെ ജു വെൻജുനെ നേരിടാൻ അർഹത നേടും.










0 comments