44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രം കുറിച്ച് ഇന്ത്യ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ ഇന്ത്യയുടെ സാവൻ ബർവാളിന് ചരിത്ര നേട്ടം. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ സാവൻ വെള്ളി മെഡൽ സ്വന്തമാക്കി. വ്യക്തിഗത മികച്ച സമയം (Personal Best) കുറിച്ചാണ് താരം ഇന്ത്യയ്ക്കായി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. 44 വർഷ നീണ്ട നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഏഷ്യൻ ഗെയിംസ് മാരത്തണിൽ ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കുന്നത്. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ഇതിനുമുമ്പ് മാരത്തണിൽ മെഡൽ നേടിയത്.
ആവേശകരമായ പോരാട്ടത്തിൽ 2:10:49 സമയത്തിൽ ഫിനിഷ് ചെയ്ത ജപ്പാന്റെ ഇചിതാക യമഷിത സ്വർണം നേടി. സാവനേക്കാൾ വെറും 48 സെക്കൻഡ് മുന്നിലായിരുന്നു യമഷിത. 2:12:13 സമയത്തിൽ ഓടിയെത്തിയ ചൈനയുടെ പെയ്യു ഫെങ് വെങ്കലം നേടി.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സാവൻ ഒരു ഘട്ടത്തിൽ ഒന്നാമതായിരുന്നു. പകുതി ദൂരം പിന്നിട്ടപ്പോൾ 1:05:54 സമയത്തോടെ രണ്ടാം സ്ഥാനത്തേക്ക് മാറിയ താരം ഫിനിഷിംഗ് ലൈൻ വരെ ആ ആധിപത്യം നിലനിർത്തി. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ കാർത്തിക് കർക്കേര 17-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ആകെ 19 മത്സരാർത്ഥികളാണുണ്ടായത്.
ഈ വർഷം ഏപ്രിലിൽ നടന്ന റോട്ടർഡാം എൻഎൻ മാരത്തണിൽ, ശിവനാഥ് സിങ്ങിന്റെ 48 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തിരുത്തി സാവൻ വാർത്തകളിൽ ഇടം നേടിയിരുന്നു.









0 comments