ad
Deshabhimani

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക്‌ വെങ്കലം , പിആർ ശ്രീജേഷ്‌ പരിശീലകൻ

print edition വെങ്കലശ്രീ ; പരിശീലകനായി തിളങ്ങി പി ആർ ശ്രീജേഷ്

p r sreejesh

പി ആർ ശ്രീജേഷ് (ഇടത്ത്) ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിനൊപ്പം

വെബ് ഡെസ്ക്

Published on Dec 12, 2025, 01:45 AM | 2 min read


ചെന്നൈ

പി ആർ ശ്രീജേഷിന്റെ പരിശീലകകുപ്പായത്തിന്‌ വെങ്കലശോഭ. ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ മൂന്നാംസ്ഥാനം നേടിയ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്‌ ഇ‍ൗ മലയാളിയാണ്‌. ഒളിമ്പിക്‌സിൽ രണ്ട്‌ തവണ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു. 2024 പാരിസ്‌ ഒളിമ്പിക്‌സിനുശേഷം കളംവിട്ട മുപ്പത്തേഴുകാരൻ ജൂനിയർ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തു. ഒരുവർഷത്തിനുള്ളിൽ യുവനിരയെ വിജയിക്കുന്ന ടീമായി മാറ്റിയെടുക്കാൻ സാധിച്ചു.


ലൂസേഴ്‌സ്‌ ഫൈനലിൽ അർജന്റീനക്കെതിരെ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ഇന്ത്യ 4–2ന്‌ കളി ജയിച്ച്‌ വെങ്കലം സ്വന്തമാക്കിയത്‌. സെമിയിൽ ചാമ്പ്യൻമാരായ ജർമനിയോട്‌ 1–5ന്‌ തോറ്റു. 24 ടീമുകൾ അണിനിരന്ന ലോകകപ്പിൽ ചിലിയെയും(7–0) ഒമാനെയും(17–0) സ്വിറ്റ്‌സർലൻഡിനെയും(5–0) തകർത്താണ്‌ ക്വാർട്ടറിലെത്തിയത്‌. ബൽജിയത്തെ ഷൂട്ട‍ൗട്ടിൽ കീഴടക്കി(4–3). തുടർന്നാണ്‌ ജർമനിക്ക്‌ മുന്പിൽ പിടഞ്ഞുവീണത്‌.


ഇ‍ൗ മെഡൽ നേട്ടം മഹത്തരമാണെന്ന്‌ ശ്രീജേഷ്‌ പറഞ്ഞു. ‘രണ്ട്‌ ഗോളിന്‌ പിന്നിലായിട്ടും മികച്ച കളി പുറത്തെടുത്തു. ഇത്തരം സന്ദർഭങ്ങളിൽ സമ്മർദം അതിജീവിക്കൽ പ്രധാനമാണ്‌. കളിക്കാർക്ക്‌ അതിന്‌ സാധിച്ചുവെന്നത്‌ വലിയ നേട്ടമായി കരുതുന്നു. ഒളിമ്പിക്‌സ്‌ അടക്കമുള്ള വലിയ വേദികളിൽ ഇത്‌ ഗുണം ചെയ്യും.


സെമയിൽ ജർമനിയോടുള്ള തോൽവി ഹൃദയഭേദകമായിരുന്നു. പക്ഷേ, കളിക്കാർക്ക്‌ ആത്മവിശ്വാസം നൽകി. രണ്ട്‌ ഒളിമ്പിക്‌സിലെ അനുഭവം അവരുമായി പങ്കുവെച്ചു. അവർ അത്‌ ഉൾക്കൊണ്ടാണ്‌ ലൂസേഴ്‌സ്‌ ഫൈനലിൽ ഇറങ്ങിയത്‌. രണ്ട്‌ ഗോളിന്‌ പിന്നിലായിട്ടും സമർത്ഥമായി തിരിച്ചുവരാൻ സാധിച്ചത്‌ അഭിമാനകരമാണെന്ന്‌ ശ്രീജേഷ്‌ പറഞ്ഞു. സീനിയർ തലത്തിലേക്ക്‌ ഉയർത്തിക്കൊണ്ടുവരാവുന്ന കളിക്കാർ ടീമിലുണ്ട്‌. ആറ്‌ ഗോളടിച്ച മൻമീത്‌ സിങ്, അഞ്ച്‌ ഗോൾ വീതം നേടിയ ദിൽരാജ്‌ സിങ്, ഷർദാനന്ദ്‌ തിവാരി എന്നിവർ അതിൽ ഉൾപ്പെടുന്നു.


ഗോൾകീപ്പർ പിൻഗാമിയെന്ന്‌ ശ്രീജേഷിന്‌ ഉറപ്പിച്ച്‌ പറയാവുന്ന കളിക്കാരനാണ്‌ പ്രിൻസ്‌ദീപ്‌ സിങ്. പഞ്ചാബിൽനിന്നുള്ള ഇരുപത്തൊന്നുകാരൻ ഇന്ത്യൻ നേട്ടത്തിൽ പ്രധാനിയായി. പ്രതിരോധക്കാരനായി കളി തുടങ്ങിയ പ്രിൻസ്‌ 2016ൽ ഗോളിയായി. അക്കാലത്ത്‌ ശ്രീജേഷ്‌ റിയോ ഒളിമ്പിക്‌സ്‌ കളിക്കുന്നത്‌ കണ്ടിരുന്നിട്ടുണ്ടെന്ന്‌ പ്രിൻസ്‌ പറഞ്ഞു.


ഒമ്പത്‌ വർഷത്തെ ഇടവേളക്കുശേഷമാണ്‌ ലോകകപ്പിലെ മെഡൽ നേട്ടം. 2001ലും 2016ലും ജേതാക്കളായി. 1997ൽ റണ്ണറപ്പായി. 2005, 2021, 2023 വർഷങ്ങളിൽ നാലാം സ്ഥാനമായിരുന്നു.

ജർമനിയുടെ എട്ടാം ലോകകപ്പാണ്‌ ഇത്തവണത്തേത്‌. ഫൈനലിൽ പൊരുതിക്കളിച്ച സ്‌പെയ്‌നിനെ ഷൂട്ട‍ൗട്ടിൽ 3–2ന്‌ വീഴ്‌ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home