ad
Deshabhimani

ദേശീയ വോളിയിൽ 
കേരളത്തിന്‌ വനിതാ കിരീടം

print edition ഗോൾഡൻ ഗേൾസ്‌

volleyball

ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ ജേതാക്കളായ കേരളത്തിന്റെ വനിതാ ടീം ട്രോഫിയും മെഡലുകളുമായി സെൽഫി എടുക്കുന്നു

വെബ് ഡെസ്ക്

Published on Jan 12, 2026, 02:56 AM | 2 min read

വാരാണസി

ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ജേതാക്കൾ. ഫൈനലിൽ കരുത്തരായ ഇന്ത്യൻ റെയിൽവേസിനെ അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ കീഴടക്കി(22–25, 25–20, 25-–15, 22– - 25,15-–10). പതിനാറാം ദേശീയ കിരീടമാണ്‌. പുരുഷ വിഭാഗം കലാശപ്പോരിൽ പക്ഷേ, ജയിക്കാനായില്ല. ഏകപക്ഷീയമായ മൂന്ന്‌ സെറ്റുകൾക്ക്‌ ഇന്ത്യൻ റെയിൽവേസ്‌ കേരളത്തെ കീഴടക്കി(19–25, 17–25, 19–25).


പരിചയ സന്പന്നരായ റെയിൽവേ താരങ്ങളുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ്‌ കേരളം മുന്നേറിയത്‌. ഇന്ത്യൻ ക്യാപ്‌റ്റനായ കെ പി അനുശ്രീയുടെ നേതൃത്വത്തിൽ രണ്ടാം കിരീട നേട്ടമാണ്‌. ചാന്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാനും അനുശ്രീക്കായി.


റെയിൽവേസ്‌ ഒപ്പത്തിനൊപ്പം എത്തിയ സമയങ്ങളിൽ കേരള പരിശീലകൻ ഡോ. സി എസ്‌ സദാനന്ദൻ തന്ത്രങ്ങൾ മാറ്റിയതും ടീമിന്‌ ഗുണകരമായി. നിർണായകമായ അവസാന സെറ്റിൽ കേരളം വ്യക്തമായ ആധിപത്യം പുലർത്തി. തുടക്കത്തിൽ 3–0ന്‌ ലീഡ്‌ നേടി. തിരിച്ചുവരവിന്‌ റെയിൽവേസും ശ്രമിച്ചതോടെ മത്സരം മുറുകി. 3–3, 5–5 എന്നിങ്ങനെ റെയിൽവേസ്‌ ഒപ്പംപിടിച്ചു. എന്നാൽ കിട്ടിയ അവസരങ്ങൾ കേരളം മുതലാക്കിയതോടെ റെയിൽവേയുടെ പാളം തെറ്റി. അനുശ്രീയുടെയും അനഘ രാധകൃഷ്‌ണന്റെയും തകർപ്പൻ സ്‌മാഷുകൾ നിർണായകമായി. അന്ന മാത്യുവും എ ആർ ഭൂമികയും ലിബറോ ശിവപ്രിയയും ശക്തമായ പ്രതിരോധം തീർത്തു. സെറ്റർ വി നന്ദനയും യൂണിവേഴ്‌സൽ ആൻ വി ജേക്കബും അവസരത്തിനൊത്ത്‌ ഉയർന്നതും കരുത്തായി.


മലയാളി താരം എയ്‌ഞ്ചൽ ജോസഫിന്റെ ക്യാപ്‌റ്റൻസിയിൽ ഇറങ്ങിയ റെയിൽവേസ്‌ ആദ്യ സെറ്റ്‌ സ്വന്തമാക്കി. രണ്ടും മൂന്നും സെറ്റുകൾ അനായാസം കരസ്ഥമാക്കി കേരളം തിരിച്ചുവന്നു. നാലാം സെറ്റിന്റെ തുടക്കത്തിൽ തന്നെ റെയിൽവേസ്‌ ലീഡ്‌ നേടി. എന്നാൽ കേരളം തിരിച്ചടിക്കാൻ ശ്രമിച്ചു. 17–20, 22–23 എന്ന നിലയിൽ വരെ എത്തിയെങ്കിലും 22–25ൽ സെറ്റ്‌ നഷ്ടമായി.


14 അംഗ ടീമിലെ ആറുപേർ തിരുവനന്തപുരം കെഎസ്‌ഇബിയുടെ താരങ്ങളാണ്‌. നിലവിൽ ചെന്നൈ ഇൻകം ടാക്‌സിൽ ആണെങ്കിലും ക്യാപ്‌റ്റൻ കെ പി അനുശ്രീ എട്ട്‌ വർഷം കെഎസ്‌ഇബിയുടെ താരമായിരുന്നു.


volleyball
റണ്ണറപ്പിനുള്ള ട്രോഫിയുമായി കേരള പുരുഷ ടീം


പുരുഷ വിഭാഗത്തിൽ കേരളത്തിന്‌ കാര്യമായ അവസരം നൽകാതെയാണ്‌ റെയിൽവേസിന്റെ നേട്ടം. മലയാളി താരങ്ങളായ ജോർജ്‌ ആന്റണി, എമിൽ ടോളി ജോസഫ്‌ എന്നിവരടങ്ങിയതായിരുന്നു റെയിൽവേ സംഘം.


കേരളത്തിന്റെ വി നന്ദന മികച്ച സെറ്ററായും ശിവപ്രിയ ലിബറോയായും തെരഞ്ഞെടുക്കപ്പെട്ടു. അനഘയാണ്‌ മൂല്യമേറിയ താരം. പുരുഷ വിഭാഗത്തിൽ റെയിൽവേസിന്റെ രോഹിത്‌ മികച്ച അറ്റാക്കറാണ്‌. കേരളത്തിന്റെ ജോൺ ജോസഫാണ്‌ ബ്ലോക്കർ. ലിബറോ പുരസ്‌കാരം ആനന്ദും നേടി.


വനിതാ ടീം: കെ പി അനുശ്രീ(ക്യാപ്‌റ്റൻ– ഇൻകം ടാക്‌സ്‌ ചെന്നൈ), വി നന്ദന, കെ അമിത, അന്ന മാത്യു, അനഘ രാധാകൃഷ്‌ണൻ, എസ്‌ ആര്യ, ആൻ വി ജേക്കബ്‌(ആറുപേരും കെഎസ്‌ഇബി), ബിനീഷ അലിൻ സിബി, എ ആർ ഭൂമിക(സായി തിരുവനന്തപുരം), കെ അഭിരാമി(കേരള പൊലീസ്‌), എയ്‌ഞ്ചൽ തോമസ്‌, കെ ആര്യ(രണ്ടുപേരും സ‍ൗത്ത്‌ സെന്റർ റെയിൽവേ), ശിവപ്രിയ ഗോവിന്ദ്‌(സതേൺ റെയിൽവേ), കെ ആർ രശ്‌മിത(സിആർപിഎഫ്). ഡോ. സി എസ്‌ സദാനന്ദൻ(മുഖ്യ പരിശീലകൻ). പി ശിവകുമാർ, അശ്വനി എസ്‌ കുമാർ(സഹ പരിശീലകർ). എം പി ഹരിദാസ്(മാനേജർ).


പുരുഷ ടീം: ടി ആർ സേതു(ക്യാപ്‌റ്റൻ), എൻ ജിതിൻ, എസ്‌ അരവിന്ദൻ, എം സി മുജീബ്‌, മുഹമ്മദ്‌ ജാസിം, ഇ ജെ ജോൺ ജോസഫ്‌, പി വി ജിഷ്‌ണു, എറിൻ വർഗീസ്‌, പി ഹേമന്ത്‌, കെ രാഹുൽ, മുഹമ്മദ്‌ നിഹാൽ, ജിബിൻ സെബാസ്‌റ്റ്യൻ, കെ ആനന്ദ്‌, കെ ആദർശ്‌. ബിജോയ്‌ ബാബു(മുഖ്യ പരിശീലകൻ), വിവേക്‌ കമലാക്ഷൻ, മധുസൂദനപ്പണിക്കർ(സഹ പരിശീലകർ), മുഹമ്മദ്‌ അഷറഫ്‌(മാനേജർ).





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home