print edition ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്; കേരളം ഒരുങ്ങുന്നു

കെ പി അനുശ്രീ, ടി ആർ സേതു
ജിജോ ജോർജ്
Published on Dec 31, 2025, 12:44 AM | 2 min read
മലപ്പുറം: ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം കഠിന പരിശീലനത്തിലാണ്. വോളിയിൽ പ്രതാപം നിലനിർത്തുക എന്നതാണ് ലക്ഷ്യം. ജനുവരി നാല് മുതൽ 11 വരെ ഉത്തർപ്രദേശിലെ വാരണസിയിലാണ് മത്സരം. വനിതകളുടെ പരിശീലന ക്യാന്പ് തിരുവനന്തപുരം സായി എൽഎൻസിപിഇയിലും പുരുഷൻമാരുടെ പരിശീലനം എറണാകുളത്തും നടക്കുകയാണ്. വെള്ളിയാഴ്‌ച ടീം ചാമ്പ്യൻഷിപ്പിനായി പുറപ്പെടും.
ഇന്ത്യൻ ഒളിന്പിക്‌സ് അസോസിയേഷനും വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും(വിഎഫ്‌ഐ) തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചശേഷം നടക്കുന്ന ചാന്പ്യൻഷിപ്പാണ് ഇത്തവണ. 2024–25 വർഷം ജയ്‌പൂരിൽ ചാന്പ്യൻഷിപ്പ് നടത്തിയത് ഇന്ത്യൻ ഒളിന്പിക്‌സ് അസോസിയേഷൻ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയാണ്. ആ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ ടീം ജേതാക്കളായിരുന്നു വനിതകൾ റണ്ണറപ്പും. വിഎഫ്‌ഐ അവസാനം ചാന്പ്യൻഷിപ്പ് നടത്തിയത് അസമിലെ ഗുവാഹത്തിലായിരുന്നു.
അനുശ്രീയും സേതുവും ക്യാപ്‌റ്റന്മാർ
കേരളത്തിന്റെ പുരുഷ– വനിതാ ടീമുകളെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ ടി ആർ സേതുവും വനിതാ ടീമിനെ കെ പി അനുശ്രീയും നയിക്കും. കോഴിക്കോട് ചെറുവറ്റ സ്വദേശിനിയായ കെ പി അനുശ്രീ ചെന്നൈ ഇൻകം ടാക്‌സിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്നു. ഒന്പതാം തവണയാണ് സീനിയർ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ജേഴ്‌സി അണിയുന്നത്. 2023ൽ അനുശ്രീയുടെ ക്യാപ്‌റ്റൻസിയിൽ കേരളം കിരീടം ചൂടിയിരുന്നു. ആലപ്പുഴ ചേർത്തല മുഹമ്മ സ്വദേശിയായ ടി ആർ സേതു കൊച്ചി കസ്‌റ്റംസിലാണ് ജോലി ചെയ്യുന്നത്. ഏഴാം തവണയാണ് സീനിയർ ചാന്പ്യൻഷിപ്പിൽ കേരള ടീമിൽ അംഗമാകുന്നത്.
പുരുഷ ടീം: ടി ആർ സേതു(ക്യാപ്‌റ്റൻ), എൻ ജിതിൻ, എസ് അരവിന്ദൻ, എം സി മുജീബ്, മുഹമ്മദ് ജാസിം, ഇ ജെ ജോൺ ജോസഫ്, പി വി ജിഷ്‌ണു, എറിൻ വർഗീസ്, പി ഹേമന്ത്, കെ രാഹുൽ, മുഹമ്മദ് നിഹാൽ, ജിബിൻ സെബാസ്‌റ്റ്യൻ, കെ ആനന്ദ്, കെ ആദർശ്. ബിജോയ് ബാബു(മുഖ്യ പരിശീലകൻ), വിവേക് കമലാക്ഷൻ, മധുസൂദനപ്പണിക്കർ(സഹ പരിശീലകർ), മുഹമ്മദ് അഷറഫ്(മാനേജർ).
വനിതാ ടീം: കെ പി അനുശ്രീ(ക്യാപ്‌റ്റൻ), വി നന്ദന, ബിനീഷ അലിൻ സിബി, കെ അമിത, എ ആർ ഭൂമിക, അന്ന മാത്യു, കെ ആര്യ, കെ അഭിരാമി, അനഘ രാധാകൃഷ്‌ണൻ, എസ് ആര്യ, ആൻ വി ജേക്കബ്, എയ്‌ഞ്ചൽ തോമസ്, ശിവപ്രിയ ഗോവിന്ദ്, കെ ആർ രശ്‌മിത. ഡോ. സി എസ് സദാനന്ദൻ(മുഖ്യ പരിശീലകൻ). പി ശിവകുമാർ, അശ്വനി എസ് കുമാർ(സഹ പരിശീലകർ). എം പി ഹരിദാസ്(മാനേജർ).










0 comments