print edition വരവറിയിച്ച് നിഹാലും ജാസിമും ; ദേശീയ വോളിയിൽ തിളങ്ങി യുവതാരങ്ങൾ

കേരളത്തിന് ലഭിച്ച റണ്ണറപ്പ് ട്രോഫിയുമായി മുഹമ്മദ് നിഹാലും (ഇടത്ത്) മുഹമ്മദ് ജാസിമും
ജിജോ ജോർജ്
Published on Jan 17, 2026, 01:27 AM | 1 min read
മലപ്പുറം
ഉത്തർപ്രദേശിലെ വാരാണസിയിൽ സമാപിച്ച ദേശീയ സീനിയർ വോളിബോളിൽ പ്രതീക്ഷ നൽകുന്ന താരോദയമാണ് കേരളത്തിന്റെ യൂണിവേഴ്‌സൽ താരം മുഹമ്മദ് നിഹാൽ. സെമിയിൽ തമിഴ്‌നാടിനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. രാജ്യത്തെ എറ്റവും പരിചയ സന്പന്നായ ജെറോം വിനീതിന്റെ അഭാവത്തിലാണ് കേരളം തുടക്കകാരനായ നിഹാലിനെ കളത്തിലിറക്കിയത്. പരിശീലകരുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഇരുപതുകാരന്റെ പ്രകടനം. പ്രാഥമിക റൗണ്ടിൽ അഞ്ച് മത്സരമുണ്ടായിരുന്നതിനാൽ ആദ്യ കളി മുതൽ പകരക്കാരനായി കളത്തിലിറങ്ങാൻ നിഹാലിന് പരിശീലകൻ ബിജോയി ബാബു അവസരം നൽകി. കോച്ചിന്റെ പ്രതീക്ഷയ്‌ക്കുമപ്പുറം കടന്നതോടെ ആദ്യം ഇറങ്ങുന്ന ആറുപേരുടെ പട്ടികയിൽ ഇടംപിടിച്ചു.
മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ എംഎ ഇക്കണോമിക്‌സ് രണ്ടാംവർഷ വിദ്യാർഥിയാണ്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ കോച്ചായ എസ് മനോജിന് കീഴിലാണ് പരിശീലനം. ബന്ധുവായ ചെറുമോത്ത് അബ്ദുൾ നാസറിന്റെ കീഴിലായിരുന്നു തുടക്കം. പിന്നീട് തൃശൂർ പേരാമംഗലത്ത് സ്‌കൂളിൽ പഠിക്കുന്പോൾ ശിവകുമാറായിരുന്നു പരിശീലകൻ. കോഴിക്കോട് നാദാപുരം കല്ലാച്ചിക്കടുത്ത് വരിക്കോളി ചാത്തൻകുളങ്ങര അസീസിന്റെയും ചെറുമോത്ത് സ്വദേശിനി ഷക്കീലയുടെയും മകനാണ്.
ടീമിലെ മറ്റൊരു യുവതാരം ആലുവ മനക്കപ്പടി സ്വദേശി മുഹമ്മദ് ജാസിമാണ്. മീഡിൽ ബ്ലോക്കറായ ജാസിമും മാവേലിക്കര ബിഷപ്പ് മൂർ കോളേജിന്റെ താരമാണ്. അഖിലേന്ത്യാ അന്തർ സർവകലാശാല ചാന്പ്യൻഷിപ്പിൽ കേരള സർവകലാശാലക്കായി തിളങ്ങി. പ്രൈം വോളി ലീഗിൽ ഡൽഹി തൂഫാൻസ് ടീമിലും ഇടംപിടിച്ചു. ഭക്ഷണം കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ ദേശീയ വോളിയിൽ കാര്യമായി കളത്തിലിറങ്ങാനായില്ലെങ്കിലും നാളെയുടെ താരമായിരിക്കും ജാസിമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ഇവരിൽ പ്രതീഷിക്കാം
‘മികച്ച പ്രകടനമാണ് മുഹമ്മദ് നിഹാൽ ഓരോ കളിയിലും നടത്തിയത്. പ്രാഥമിക റൗണ്ടിൽ ഒൗട്ട് ഡോർ കോർട്ടിൽ തിളങ്ങിയതോടെ അവന്റെ ആത്മവിശ്വാസം കൂടി. ശക്തരായ തമിഴ്‌നാടിനും പഞ്ചാബിനുമെതിരെ തകർപ്പൻ പ്രകടനമായിരുന്നു. ഭാവിയിൽ ഇന്ത്യൻ വോളിക്ക് മൂതൽകൂട്ടാകും. ടീമിലെ മറ്റൊരു താരമായ മുഹമ്മദ് ജാസിമും മികച്ച താരമാണ്. യുവനിരയായിരുന്നു ഇത്തവണ. കേരള വോളിബോളിന് പ്രതീക്ഷ പകരുന്ന പുതിയൊരു തലമുറ വളർന്നുവരുന്നുണ്ട്. ഇവരിൽ നിന്നും മികച്ച പ്രകടനം പ്രതീഷിക്കാം’’
ബിജോയി ബാബു , കേരള ടീം പരിശീലകൻ










0 comments