print edition അനുശ്രീക്കൊപ്പം യുവ സ്‌മാഷ്

കെ പി അനുശ്രീ ദേശീയ വോളി ചാമ്പ്യൻമാർക്കുള്ള മെഡലും ട്രോഫിയുമായി
ജിജോ ജോർജ്
Published on Jan 14, 2026, 12:15 AM | 2 min read
മലപ്പുറം
ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിനായി ഉത്തർപ്രദേശിലെ വാരാണസിയിലേക്ക് കേരള ടീം വിമാനം കയറുന്പോൾ ഇത്രയും പുതിയ താരങ്ങളുമായി പോയിട്ട് എന്തുകാര്യമെന്ന് പലരും നെറ്റിചുളിച്ചു. പുതുമുഖങ്ങൾ നിറഞ്ഞ ഒരു ടീമിനെ മുന്നിൽ നിന്നും നയിക്കുക എന്ന വലിയ ദൗത്യമായിരുന്നു ക്യാപ്‌റ്റൻ കെ പി അനുശ്രീയ്‌ക്കുണ്ടായിരുന്നത്. കേരളത്തെ കിരീടത്തിലേക്ക് നയിച്ച് ആ ദൗത്യം വിജയകരമാക്കി.
ഇന്ത്യൻ ക്യാപ്‌റ്റൻ കൂടിയായ ഇരുപത്തിയെട്ടുകാരി ഒന്പതാം തവണയാണ് ദേശീയ ചാന്പ്യൻഷിപ്പിന് ഇറങ്ങിയത്. ടീമിലെ ഭൂരിപക്ഷം താരങ്ങളും പുതുമുഖങ്ങളായിരുന്നതും വാരാണസിയിലെ കടുത്ത തണുപ്പും വലിയ പ്രതിസന്ധിയായിരുന്നു.
നിർണായകഘട്ടങ്ങളിൽ സഹതാരങ്ങൾക്ക് ആത്മവിശ്വാസവും കരുത്തും പകർന്ന് ക്യാപ്‌റ്റൻ മുന്നിൽ നിന്നപ്പോൾ കേരളം സ്വർണകപ്പിൽ മുത്തമിട്ടു. മുഖ്യപരിശീലകൻ ഡോ. സി എസ് സദാനന്ദന്റെ തന്ത്രങ്ങളും നിർണായകമായി.
കോഴിക്കോട് ചെറുവറ്റ സ്വദേശിയായ അനുശ്രീ പയിന്പ്ര വോളിഫ്രണ്ട്‌സ് അക്കാദമിയിലെ ദിനേശ്‌കുമാറിന് കീഴിൽ വോളിബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. എട്ട് വർഷം തിരുവനന്തപുരം കെഎസ്‌ഇബിയുടെ താരമായിരുന്നു. വോളിബോൾ താരവും തമിഴ്‌നാട് തിരുവാരൂർ സ്വദേശിയുമായ കെ പ്രവീൺകുമാറിനെ വിവാഹം ചെയ്‌തതോടെ ചെന്നൈ ഇൻകം ടാക്‌സിലേക്ക് മാറി. സഹോദരൻ കെ പി അതുൽ സർവീസസിന്റെ വോളിബോൾ താരമാണ്.
ബിനീഷ അലിൻ സിബി, എ ആർ ഭൂമിക, എസ് ആര്യ, ആൻ വി ജേക്കബ്, എയ്‌ഞ്ചൽ തോമസ്, കെ ആര്യ എന്നിവരുടെ സീനിയർ തലത്തിലെ ആദ്യ ദേശീയ ചാന്പ്യൻഷിപ്പായിരുന്നു. കെ അമിത, അന്ന മാത്യു, അനഘ രാധാകൃഷ്‌ണൻ, വി നന്ദന, കെ അഭിരാമി എന്നിവരും സീനിയർ ടീമിൽ എത്തിയിട്ട് മൂന്നു വർഷത്തിൽ താഴെ മാത്രം. സതേൺ റെയിൽവേ താരമായ ശിവപ്രിയ ഗോവിന്ദും സിആർപിഎഫ് താരമായ കെ ആർ രശ്‌മിതയും മുന്പും കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ കുപ്പായം അണിയുന്നത് ആദ്യം. കേരള വോളിബോളിന്റെ പ്രതാപം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളയിക്കുന്നതായി പുതിയ താരങ്ങളുടെ പ്രകടനം.
രാജ്യാന്തര താരങ്ങളായ കെഎസ്‌ഇബിയുടെ കെ എസ് ജിനി, എം ശ്രുതി, എസ് സൂര്യ, അഞ്‌ജലി ബാബു, അശ്വതി രവീന്ദ്രൻ, കൃഷ്‌ണ, മായ തോമസ്, കേരള പൊലീസിന്റെ എൻ എസ് ശരണ്യ എന്നിവർ രണ്ട് വർഷത്തിനിടെയാണ് കളംവിട്ടത്. പരിചയസന്പന്നരായ ജി അഞ്‌ജുമോൾ, ആർ എസ് ശിൽപ എന്നിവർ പരിക്കുകാരണം ടീമിൽ ഇടംപിടിക്കാതിരുന്നതും വെല്ലുവിളിയായിരുന്നു. ഒറ്റയടിക്ക് മുതിർന്ന താരങ്ങൾ കളംവിട്ടെങ്കിലും കെഎസ്‌ഇബിയിൽ നിന്നും വളരെ പെട്ടെന്ന് കെ അമിത, അന്ന മാത്യു, അനഘ രാധാകൃഷ്‌ണൻ, വി നന്ദന, എസ് ആര്യ, ആൻ വി ജേക്കബ് എന്നിവർ സീനിയർ തലത്തിലേക്ക് ഉയർന്നുവന്നത് കരുത്തായി. സായി താരങ്ങളും വിദ്യാർഥികളുമായ ബിനീഷ അലിൻ സിബി, എ ആർ ഭൂമിക എന്നിവർ പ്രതീക്ഷ പകരുന്നു.










0 comments