print edition ദേശീയ സീനിയർ വോളിബോൾ ; കപ്പടിക്കാൻ കേരളം ഒരുങ്ങുന്നു

കേരള വനിതാ ടീം തിരുവനന്തപുരം സായി എൽഎൻസിപിഇയിൽ പരിശീലനത്തിന് തയ്യാറെടുക്കുന്നു
മലപ്പുറം
ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിന് കേരളം ഒരുക്കം തുടങ്ങി. നിലവിൽ പുരുഷ ടീം ചാന്പ്യന്മാരും വനിതകൾ റണ്ണറപ്പുമാണ്. ജനുവരി നാലു മുതൽ 11 വരെ ഉത്തർപ്രദേശിലെ വാരാണസിലാണ് ചാന്പ്യൻഷിപ്പ്. കഴിഞ്ഞ തവണ ജയ്‌പൂരിൽ നടന്ന ചാന്പ്യൻഷിപ്പിൽ ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് സർവീസസിനെയാണ് കീഴടക്കിയാണ് പുരുഷന്മാർ കിരീടം ചൂടിയത്. കേരളത്തിന്റെ ഏഴാം കിരീട നേട്ടമായിരുന്നു. തുടർച്ചയായി അഞ്ച് തവണ കിരീടം നേടിയ വനിതകൾക്ക് കഴിഞ്ഞ തവണ കപ്പ് നഷ്‌ടമായി. കലാശപ്പോരിൽ മലയാളി താരങ്ങൾ അടങ്ങിയ ഇന്ത്യൻ റെയിൽവേസിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോറ്റു.
വനിതാ ടീമിന്റെ പരിശീലന ക്യാന്പ് തിരുവനന്തപുരം സായി എൽഎൻസിപിഇയിൽ നടക്കുന്നു. 21 താരങ്ങളാണ് ക്യാന്പിലുള്ളത്. അന്തിമ ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും. പുരുഷ ടീമിന്റെ ക്യാന്പ് എറണാകുളത്താണ്. പലയിടങ്ങളിലും അഖിലേന്ത്യാ ടൂർണമെന്റുകൾ നടക്കുന്നതിനാൽ കളിക്കാർ എല്ലാവരും എത്തിയിട്ടില്ല. ക്രിസ്‌മസ് കഴിയുന്നതോടെ പുരുഷ ക്യാന്പ് പൂർണസജ്ജമാകും.
ഫെഡറേഷൻ കപ്പ് വോളിബോളിന്റെ 37–ാം പതിപ്പ് ഇത്തവണ കേരളത്തിലാണ്. തൃശൂർ തൃപ്രയാർ ടിഎസ്‌ജിഎ സ്‌റ്റേഡിയത്തിൽ ജനുവരി 18 മുതൽ 25 വരെയാണ് മത്സരം.
പുരുഷ വിഭാഗത്തിൽ എട്ട് ടീമും വനിതാ വിഭാഗത്തിൽ നാല് ടീമുമാണ് പങ്കെടുക്കുക. ദേശീയ സീനിയർ വോളിബോളിൽ ക്വാർട്ടറിൽ കടക്കുന്ന പുരുഷ ടീമുകളും സെമി ഫൈനലിൽ എത്തുന്ന വനിതാ ടീമുകളുമാണ് ഫെഡറേഷൻ കപ്പിൽ കളത്തിലിറങ്ങുക.
2014ൽ എറണാകുളം കിഴക്കന്പലത്താണ് കേരളത്തിൽ അവസാനമായി ഫെഡറേഷൻ കപ്പ് നടന്നത്. അന്ന് പുരുഷ വിഭാഗത്തിൽ സർവീസസിനെ തോൽപിച്ച് തമിഴ്‌നാട് ജേതാക്കളായി. വനിതാ വിഭാഗത്തിൽ കേരളത്തെ കീഴടക്കി റെയിൽവേസ് കിരീടം ചൂടി. 2013ൽ പത്തനംതിട്ട പ്രമാടത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും കേരളമായിരുന്നു ജേതാക്കൾ.










0 comments