ad
Deshabhimani

ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌

print edition ഫോട്ടോ ഫിനിഷിലേക്ക്‌; കിരീടം റിലേ 
നിർണയിക്കും

SCHOOL

ഭിവാനിയിൽ നടക്കുന്ന ദേശീയ സീനിയർ സ്-കൂൾ അത്-ലറ്റിക്-സ് ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ കേരളത്തിന്റെ നിവേദ് കൃഷ്ണ ഒന്നാമതെത്തുന്നു ഫോട്ടോ: പി വി സുജിത്

avatar
കെ പി അക്ഷയ്

Published on Nov 30, 2025, 12:00 AM | 2 min read

ഭിവാനി (ഹരിയാന): ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ 100 മീറ്റർ ഫൈനൽപോലെ ആവേശകരമായ അന്ത്യത്തിലേക്ക്‌. ഇന്ന്‌ മൂന്ന്‌ ഇനങ്ങൾ മാത്രം ശേഷിക്കെ ഓവറോൾ ചാന്പ്യൻഷിപ്പിനായുള്ള പോരാട്ടം കനത്തു. ഹാട്രിക്‌ കിരീടം മോഹിക്കുന്ന കേരളത്തിന്‌ മഹാരാഷ്‌ട്രയും ആതിഥേയരായ ഹരിയാനയും വെല്ലുവിളി ഉയർത്തുന്നു. കേരളത്തിനും മഹാരാഷ്‌ട്രക്കും 56 പോയിന്റാണ്‌. തൊട്ടുപിന്നിൽ 49 പോയിന്റുമായി ഹരിയാനയുണ്ട്‌. ആൺകുട്ടികളിൽ 35 പോയിന്റുമായി കേരളമാണ്‌ മുന്നിൽ. ഉത്തർപ്രദേശിന്‌ 20 പോയിന്റ്‌. പെൺകുട്ടികളിൽ 41 പോയിന്റോടെ ഹരിയാന ഒന്നാമതാണ്‌. മഹാരാഷ്‌ട്രക്ക്‌ 38. കേരളം 21 പോയിന്റുമായി മൂന്നാമതുണ്ട്‌.


നാലാം ദിനമായ ഇന്നലെ കേരളത്തിന്‌ ഒരു സ്വർണവും രണ്ട്‌ വെങ്കലവും ലഭിച്ചു. ഇതോടെ ആകെ മെഡൽ നേട്ടം പതിനഞ്ചായി. ഏഴ്‌ സ്വർണവും മൂന്ന്‌ വെള്ളിയും അഞ്ച്‌ വെങ്കലവും. ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ആൺകുട്ടികൾ സ്വർണം നേടിയപ്പോൾ പെൺകുട്ടികൾ വെങ്കലം കരസ്ഥമാക്കി. പെൺകുട്ടികളുടെ പോൾവോൾട്ടിലാണ്‌ മറ്റൊരു വെങ്കല നേട്ടം.


ആൺകുട്ടികളുടെ റിലേയിൽ കേരളത്തിന്റെ തകർപ്പൻ ഫിനിഷിനാണ്‌ ഭിവാനിയിലെ ഭീം സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. വി അഭിഷേക്‌ (ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ കടകശേരി, മലപ്പുറം), കെ അഭിജിത്ത്‌ (സിഎഫ്‌ഡി എച്ച്‌എസ്‌എസ്‌ മാത്ത‍ൂർ, പാലക്കാട്‌), സി കെ ഫസലുൾ ഹഖ്‌ (നാവാമുകുന്ദ എച്ച്‌എസ്‌എസ്‌ തിരുനാവായ, മലപ്പുറം), ജെ നിവേദ്‌ കൃഷ്ണ (ജിഎച്ച്‌എസ്‌എസ്‌ ചിറ്റൂർ, പാലക്കാട്‌) എന്നിവരാണ്‌ കേരളത്തെ പ്രതിനീകരിച്ചത്‌. അവസാന ലാപ്പിലോടിയ നിവേദിന്‌ ഫസലുൾ ഹഖ്‌ ബാറ്റൺ കൈമാറുന്പോൾ മൂന്നാമതായിരുന്നു കേരളം. നിവേദിന്റെ മാസ്‌മരിക പ്രകടനം കേരളത്തെ സ്വർണത്തിന്‌ അർഹരാക്കി. 41.68 സെക്കൻഡിലാണ്‌ സുവർണ ഫിനിഷ്‌. മഹാരാഷ്‌ട്ര (41.70), കർണാടക (42.47) ടീമുകളാണ്‌ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്‌. നിവേദിന്റെ രണ്ടാം സ്വർണവും മൂന്നാം മെഡലുമാണ്‌. 200 മീറ്ററിൽ ഒന്നാമതെത്തിയ പ്ലസ്‌ടുക്കാരൻ നൂറിൽ വെങ്കലം നേടിയിരുന്നു. ടീമംഗമായ ഫസലുൾ ഹഖിന്റെ രണ്ടാം സ്വർണമാണ്‌.


പെൺകുട്ടികളുടെ റിലേയിൽ മഹാരാഷ്‌ട്ര, കർണാടക ടീമുകൾക്ക്‌ പിന്നാലെ മൂന്നാമതായാണ്‌ കേരളം ഫിനിഷ്‌ ചെയ്തത്‌. മഹാരാഷ്‌ട്ര 47.61 സെക്കൻഡിൽ സ്വർണമണിഞ്ഞു. കർണാടക 49.12 സെക്കൻഡിൽ വെള്ളിയായി. കേരളം 49.33 സെക്കൻഡിൽ ഫിനിഷിങ്‌ ലൈൻ തൊട്ടു. എസ്‌ അക്ഷയ (പുളിയപ്പറന്പ്‌ എച്ച്‌എസ്‌എസ്‌, പാലക്കാട്‌), ഋതുപർണ രമേശൻ (വിഎംഎച്ച്‌എസ്‌എസ്‌ വടവന്നൂർ, പാലക്കാട്‌), ഇ ജെ സോണിയ (ആർഎംഎച്ച്‌എസ്‌എസ്‌ ആളൂർ, തൃശൂർ), ആദിത്യ അജി (നാവാമുകന്ദ എച്ച്‌എസ്‌എസ്‌ തിരുനാവായ, മലപ്പുറം) എന്നിവരായിരുന്നു ടീമംഗങ്ങൾ. ഇതിൽ ആദിത്യ, സോണിയ എന്നിവരുടെ രണ്ടാം മെഡലാണ്‌. 100 മീറ്റർ ഹർഡിൽസിൽ ആദിത്യ സ്വർണം നേടിയിരുന്നു. ഹൈജന്പിൽ സോണിയ വെങ്കലവും.​


പെൺകുട്ടികളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ എമി ട്രീസ ജിജിയാണ്‌ വെങ്കലം നേടിയത്‌. മികച്ച ഉയരമായ 2.80 മീറ്റർ ചാടിയാണ് നേട്ടം. എറണാകുളം കോതമംഗലം മാർ ബേസിലിൽ പ്ലസ് ടു വിദ്യാർഥിയായ എമിയുടെ ആദ്യ ദേശീയ മെഡലാണ്‌. മൂന്ന്‌ വർഷമായി സി ആർ മധുവിന്റെ കീഴിൽ പരിശീലിക്കുന്നു. അച്ഛൻ: ജിജി എം ജോൺ (പെയിന്റ്‌ തൊഴിലാളി). അമ്മ: ജോസ്‌ലിൻ ജിജി. സഹോദരൻ: എഡ്‌വിൻ ജിജി ജോൺ (വിദ്യാർഥി). കണ്ണൂർ പേരാവൂരിലെ മണത്തണ സ്വദേശിയാണ്. ഹരിയാനയുടെ ജ്യോതി (3.10 മീറ്റർ) സ്വർണവും തമിഴ്‌നാടിന്റെ ആർ മഹാലക്ഷ്‌മി (3 മീറ്റർ) വെള്ളിയും സ്വന്തമാക്കി.


കിരീടം റിലേ 
നിർണയിക്കും


ദേശീയ സ്-കൂൾ മീറ്റിൽ ഓവറോൾ ജേതാക്കളെ നിർണയിക്കുക ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4x400 മീറ്റർ റിലേയായിരിക്കും. സ്വർണം നേടിയാൽ 10 പോയിന്റാണ്‌. വെള്ളിക്ക്‌ അഞ്ചും വെങ്കലത്തിന്‌ മൂന്നും പോയിന്റ്‌. കേരളം, മഹാരാഷ്‌ട്ര, ഹരിയാന ടീമുകൾ ഫൈനലിലെത്തിയിട്ടുണ്ട്‌. പെൺകുട്ടികളുടെ ജാവലിൻ ത്രോയും ബാക്കിയുണ്ട്‌. വിജയികൾക്ക്‌ പോയിന്റ്‌ അഞ്ച്‌, മൂന്ന്‌, ഒന്ന്‌ ക്രമത്തിലാണ്‌. ഇ‍ൗ ഇനത്തിൽ കേരളത്തിന്‌ ആളില്ല. മഹാരാഷ്‌ടക്കും ഹരിയാനക്കും പ്രതിനിധികളുണ്ട്‌. അവസാന ദിനമായ ഇന്ന്‌ ഇരുവിഭാഗങ്ങളിലും ക്രോസ്‌കൺട്രി ഫൈനൽ നടക്കുമെങ്കിലും ചാന്പ്യൻഷിപ്പ്‌ പോയിന്റിൽ ഇത്‌ പരിഗണിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home