Deshabhimani

ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ; ലക്ഷ്യസെന്നിന് കിരീടം, ജപ്പാന്റെ വതനാബെയെ വീഴ്ത്തി

lakshya sen

ലക്ഷ്യ സെൻ| Photo: Sports Star

വെബ് ഡെസ്ക്

Published on Nov 15, 2026, 10:46 AM | 1 min read

കുമാമോട്ടോ : ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാന്റെ കൊകി വതനാബെയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് ലക്ഷ്യയുടെ കിരീടനേട്ടം. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. സ്കോർ: 13-21, 21-18, 21-14.


വതനാബെ ആദ്യ ഗെയിമിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച താരം 21-13ന് ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ലക്ഷ്യ ശക്തമായി തിരിച്ചുവന്നു. മികച്ച സ്മാഷുകളിലൂടെ എതിരാളിയെ സമ്മർദത്തിലാക്കിയ താരം 21-18ന് ഗെയിം നേടി മത്സരം സമനിലയിലാക്കി.


നിർണായകമായ മൂന്നാം ഗെയിമിലും ലക്ഷ്യയുടെ ആധിപത്യമാണ് കണ്ടത്. തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും പിന്നീട് തുടർച്ചയായി പോയിന്റുകൾ നേടി ലക്ഷ്യ മുന്നേറി. ഇടവേളയിൽ 11-7ന് ലീഡ് നേടിയ താരം പിന്നീട് വതനാബെയ്ക്ക് തിരിച്ചുവരവിന് അവസരം നൽകിയില്ല. ഒരുഘട്ടത്തിൽ 17-7ന് മുന്നിലെത്തിയ ലക്ഷ്യ ഒടുവിൽ 21-14ന് ഗെയിം സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.


ഈ മാസം ജർമനിയിൽ നടന്ന ഹൈലോ ഓപ്പൺ സൂപ്പർ 500 കിരീടം നേടിയ ശേഷമാണ് ലക്ഷ്യ ജപ്പാൻ മാസ്റ്റേഴ്സിലും മുത്തമിട്ടത്. ഇതോടെ തുടർച്ചയായ രണ്ടാം ടൂർണമെന്റിലും കിരീടം നേടാൻ ഇന്ത്യൻ താരത്തിനായി. സെമിയിൽ ഇന്തോനേഷ്യയുടെ അൽവി ഫർഹാനെ 21-12, 15-21, 21-11 എന്ന സ്കോറിന് തോൽപ്പിച്ചാണ് ലക്ഷ്യ ഫൈനലിലെത്തിയത്.


മറുവശത്ത് സെമിയിൽ രണ്ടാം സീഡ് താരവും പാരിസ് ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ കുൻലാവുട്ട് വിതിദ്സർണിനെ അട്ടിമറിച്ചാണ് വതനാബെ ഫൈനലിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home