വടക്കുകിഴക്കൻ കാറ്റ് സജീവം; കേരളത്തിൽ രാത്രിയിൽ തണുപ്പ് കൂടുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വടക്കുകിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് രാത്രികാല തണുപ്പ് വർധിക്കുന്നു. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. ഇടുക്കി കുണ്ടള ഡാമിൽ ശനിയാഴ്ച കുറഞ്ഞ താപനില 7.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
മൂന്നാറിൽ 9.7 ഡിഗ്രിയും വട്ടവടയിൽ 10.9 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. കുണ്ടള, മൂന്നാർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ പുലർച്ചെ കോടമഞ്ഞും ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളിലും തണുപ്പ് വർധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽനിന്നുള്ള തണുത്ത വടക്കുകിഴക്കൻ കാറ്റാണ് താപനില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുലാവർഷം ദുർബലമായതോടെ ആകാശം തെളിഞ്ഞതും രാത്രിയിലെ തണുപ്പ് വർധിക്കാൻ കാരണമായി. പകൽ ഭൂമിയിൽ ശേഖരിക്കപ്പെടുന്ന ചൂട് രാത്രിയിൽ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.
അതേസമയം, പകൽ സമയത്ത് സംസ്ഥാനത്ത് ചൂടിന് കാര്യമായ കുറവില്ല. പലയിടങ്ങളിലും താപനില 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ്. മഴയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 14 വരെ സംസ്ഥാനത്ത് 21 ശതമാനം മഴക്കുറവുണ്ടായി. 404.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 321 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
വരുംദിവസങ്ങളിലും ഹൈറേഞ്ച് മേഖലകളിൽ രാത്രികാല തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഡിസംബർ പകുതിയോടെ തണുപ്പ് കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.








0 comments