വിജില ഇനിയും കാത്തിരിക്കണം; സ്വന്തം റെക്കോഡുമായി

കെ വി വിജില, 2001ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന കായികമേളയില്‍ വിജില 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ സ്വര്‍ണം നേടുന്നു
എൻ കെ സുജിലേഷ്
Published on Oct 28, 2025, 08:40 AM | 2 min read
കണ്ണൂർ: ആ റെക്കോഡിന് അടുത്ത വർഷം 25 വയസാകും. സ്‌കൂൾ കായികമേളയുടെ കെട്ടിലും മട്ടിലും മാറ്റങ്ങളേറെ വന്നെങ്കിലും വിജിലയുടെ റെക്കോഡിനുമാത്രം മാറ്റമുണ്ടായില്ല. ഏറ്റവും പഴക്കമുള്ള രണ്ട് റെക്കോഡുകൾ ഇക്കുറി മാഞ്ഞെങ്കിലും വിജില ഇനിയും കാത്തിരിക്കണം. 2001ൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോട്ടയം നാഗന്പടം മൈതാനത്ത് കുറിച്ച റെക്കോഡ് തകർക്കുന്നവർക്കുള്ള സമ്മാനവുമായാണ് വിജില മാർട്ടിന്റെ കാത്തിരിപ്പ്.
2001ൽ കോട്ടയത്ത് രണ്ട് റെക്കോഡുകളാണ് തൃശൂർ സായിയിലെ കെ വി വിജില കുറിച്ചത്. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും. വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു വിജില. 400 മീറ്ററിൽ കെ എം ബീനമോളുടെ റെക്കോഡാണ് മാറ്റിയെഴുതിയത്. ഇത് പിന്നീട് ടിന്റു ലൂക്ക മറികടന്നു. 400 മീറ്റർ ഹർഡിൽസിലെ 1.001 മിനിറ്റ് 24 വർഷത്തിനിപ്പുറവും റെക്കോഡ് ബുക്കിൽ മായാതെ കിടക്കുന്നു.
കുളത്തുവൽ സെന്റ് ജോർജ് ഹൈസ്‌കൂളിലൂടെയാണ് വിജില കായികരംഗത്ത് വരവറിയിച്ചത്. 1998ൽ ഒന്പതിൽ പഠിക്കുന്പോൾ സംസ്ഥാന സ്‌കൂൾ കായികമേളയിൽ 1500 മീറ്ററിൽ വെങ്കലം. പിറ്റേവർഷം തൃശൂർ സായിയിൽ സെലക്‌ഷൻ ലഭിച്ചതോടെ വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറി. അവിടെ പരിശീലകനായിരുന്ന വാൾട്ടർ ജോണാണ് 400 മീറ്ററിലേക്കും 400 മീറ്റർ ഹർഡിൽസിലേക്കും വഴിതിരിച്ചുവിട്ടത്. 2001ൽ രണ്ടിനത്തിലും റെക്കോഡ്. തൃശൂർ സെന്റ് മേരീസ് കോളേജിലെ പഠനത്തിനിടയിലും യൂണിവേഴ്‌സിറ്റി, ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റുകളിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി. 2004ൽ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ച വിജില സതേൺ റെയിൽവേ സ്‌പോർട്‌സ് ടീമിനുവേണ്ടിയും മീറ്റുകളിലിറങ്ങി നേട്ടംകൊയ്‌തു. നിലവിൽ തലശേരി റെയിൽവേ സ്‌റ്റേഷനിൽ ചീഫ-് കമേഴ്‌സ്യൽ സൂപ്രണ്ടാണ്. കുടിയാന്മല സ്വദേശിയും സൈനികനുമായ മാർട്ടിനും മക്കളായ ക്രിസ് മാർട്ടിനും നിയ മാർട്ടിനുമൊപ്പം കണ്ണൂരിലാണ് താമസം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിന്പിക്‌സിൽ ഞായറാഴ്‌ചയായിരുന്നു 400 മീറ്റർ ഹർഡിൽസ് മത്സരം. റെക്കോഡ് തകർക്കുന്നവർക്ക് സമ്മാനം നൽകുമെന്ന വാഗ്‌ദാനവുമായി കഴിഞ്ഞ നാലുവർഷമായി വിജില കാത്തിരിക്കുന്നു. 38, 37 വർഷം പഴക്കമുള്ള റെക്കോഡുകളാണ് 100 മീറ്ററിൽ ഇക്കുറി തകർന്നത്. സിന്തറ്റിക് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങൾ ഏറെയുള്ളതിനാൽ വരും വർഷങ്ങളിൽ റെക്കോഡ് തിരുത്താൻ ആളെത്തുമെന്നുതന്നെയാണ് വിജിലയുടെ പ്രതീക്ഷ.










0 comments