ഒളിമ്പ്യൻ ജിൻസൺ ജോൺസൺ വിരമിക്കൽ പ്രഖ്യാപിച്ചു
print edition മധ്യദൂരത്തിലെ മലയാളി വെളിച്ചം

ജിജോ ജോർജ്
Published on Jan 08, 2026, 12:15 AM | 2 min read
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ എന്ന കൊച്ചുഗ്രാമത്തിൽ നിന്നും ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ നെറുകയിലെത്തിയ കഥയാണ് ജിൻസൺ ജോൺസൺ എന്ന അത്‌ലീറ്റിന്റേത്. ട്രാക്കിൽ രണ്ട് പതിറ്റാണ്ടിന്റെ സമർപ്പണം. 1500 മീറ്റർ ഓട്ടത്തിലെ ദേശീയ റെക്കോഡുകാരൻ 34–ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചു. തീരുമാനം ഫേസ്‌ബുക്കിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.
കൊൽക്കത്തയിൽ 2007ൽ നടന്ന ദേശീയ സ്‌കൂൾ മീറ്റിൽ മെഡൽ നേടിയാണ് തുടക്കം. പിന്നീട് മധ്യദൂര ഓട്ടത്തിൽ രാജ്യത്തിന്റെ പതാകവാഹകനായി. ലോക അത്‌ലറ്റിക് മീറ്റ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ അത്‌ലറ്റിക് മീറ്റ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ സ്ഥിരം സാനിധ്യമായി. 2016 റിയോ ഒളിന്പിക്‌സിൽ 800 മീറ്ററിൽ ട്രാക്കിലിറങ്ങി. രാജ്യത്തെ പ്രതിനിധീകരിച്ചു.

2018 അത്‌ലറ്റിക്‌സ് ജീവിതത്തിലെ മികച്ച വർഷമായിരുന്നു. 800 മീറ്ററിലും 1500 മീറ്ററിലും ദേശീയ റെക്കോഡ് കുറിച്ചു. 800 മീറ്ററിൽ 42 വർഷം പഴക്കമുള്ള ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന ഒരു മിനിറ്റ് 45.77 സെക്കൻഡ് പുതുക്കി ഒരു മിനിറ്റ് 45.65 സെക്കൻഡാക്കി. (2025ൽ മുഹമ്മദ് അഫ്‌സൽ റെക്കോഡ് ഇൗ രണ്ടുതവണ മറികടന്നു). 1500 മീറ്ററിൽ മൂന്ന് മിനിറ്റ് 35.24സെക്കൻഡ് എന്ന സമയം ഇന്നും റെക്കോഡ് ബുക്കിൽ ഇളക്കം തട്ടാതെ ഭദ്രം. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ പൊന്നണിഞ്ഞു. 800 മീറ്ററിൽ വെള്ളിയും സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനത്തിന് പിന്നാലെ അർജുന അവാർഡുമെത്തി. 2020ൽ കോവിഡ് പിടിപെട്ടതോടെ രണ്ടു വർഷക്കാലം കാര്യമായ പ്രകടനം നടത്താനായില്ല. 2022ൽ കലിക്കറ്റ് സർവകലാശാല സ്‌റ്റേഡിയത്തിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പിൽ 1500 മീറ്ററിൽ വെങ്കലം നേടി തിരിച്ചുവന്നെങ്കിലും വീണ്ടും പരിക്കിന്റെ പിടിയിലായി. 2023 ചൈനയിലെ ഹാങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടിയതാണ് അവസാന നേട്ടം.

ട്രാക്കിൽ നിന്നും ഒൗദ്യോഗികമായി പിന്മാറുകയാണെങ്കിലും ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ജിൻസൺ പറഞ്ഞു. ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ ലെവൽ വൺ പരിശീലന കോഴ്‌സിന് ചേർന്നിട്ടുണ്ട്. 15 മുതൽ ബംഗളൂരുവിൽ ഇതിന്റെ പ്രാക്‌ടിക്കൽ ക്ലാസുണ്ട്.
ഹൈദരാബാദിൽ ഇന്ത്യൻ സൈന്യത്തിൽ ജൂനിയർ കമീഷൻഡ് ഓഫീസറായ ജിൻസൺ ചക്കിട്ടപ്പാറ കുളച്ചൽ ജോൺസന്റെയും ശൈലജയുടെയും മകനാണ്. ഭാര്യ: ഡോ. എം എസ് ലക്ഷ്‌മി. മക്കൾ: ഹർദിക്, മീര.
നേട്ടങ്ങൾ
2016 റിയോ ഒളിന്പിക്‌സിൽ 800 മീറ്ററിൽ മത്സരിച്ചു.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസ് 1500 മീറ്റർ സ്വർണം, 800മീറ്റർ വെള്ളി.
2023 ഹാങ്ഷു ഏഷ്യൻ ഗെയിംസ് 1500 മീറ്റർ വെങ്കലം.
2015 വുഹാൻ ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് 800 മീറ്റർ വെള്ളി.
2017 ഭുവനേശ്വർ ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് 800 മീറ്റർ വെങ്കലം.










0 comments