ad
Deshabhimani

print edition മെഡൽ 
നിറയ്‌ക്കാൻ ട്രാക്ക്‌

a
വെബ് ഡെസ്ക്

Published on Sep 08, 2026, 05:56 AM | 2 min read

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ്‌ ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്‌ കഴിഞ്ഞ തവണ ചൈനയിലെ ഹാങ്‌ഷുവിൽ കണ്ടത്‌. ആ കുതിപ്പിന്‌ ഉ‍ൗർജം പകർന്നത്‌ അത്‌ലറ്റിക്‌സായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഇന്ത്യൻ താരങ്ങൾ മെഡൽ കൊയ്‌തു. ഇക്കുറി 11 മലയാളികൾ ഉൾപ്പെടെ 77 അംഗ അത്‌ലറ്റിക്‌സ്‌ സംഘമാണ്‌ ഇന്ത്യക്ക്‌. 34 പുരുഷന്മാരും 43 വനിതകളും. ജപ്പാനിലെ ഐചി– നഗോയയിൽ നടക്കുന്ന ഗെയിംസിന്‌ 11 ദിവസം മാത്രംശേഷിക്കെ അവസാനഘട്ട തയ്യാറെടുപ്പിലാണ്‌ ഇന്ത്യൻ സംഘം. പത്തിന്‌ നടക്കുന്ന അത്‌ലറ്റിക്‌സ്‌ സീരീസോടെ ഒരുക്കം പൂർത്തിയാകും.


ഹാങ്‌ഷുവിൽ 29 മെഡലുകളായിരുന്നു അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ സന്പാദ്യം. അതിൽ ആറ്‌ സ്വർണം. ഇക്കുറി ജാവലിൻ ത്രോയിലെ സൂപ്പർ താരം നീരജ്‌ ചോപ്ര പരിക്കുകാരണം പിന്മാറിയത്‌ തിരിച്ചടിയാണ്‌. ഉറച്ച മെഡൽ പ്രതീക്ഷ ഇതോടെ നഷ്ടമായി. യാഷ്‌വീർ സിങ്‌ ആണ്‌ പകരക്കാരൻ. ഹർഡിൽസ്‌ താരം തേജസ്‌ ഷിർസെയും പരിക്കുകാരണം പിന്മാറി. എങ്കിലും ഹാങ്‌ഷുവിലേക്കാൾ മെഡൽ ലഭിക്കുമെന്നാണ്‌ ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. ചൈനയും ജപ്പാനുമാണ്‌ അത്‌ലറ്റിക്‌സിൽ വെല്ലുവിളി. ബഹ്‌റൈനും സമീപകാലത്ത്‌ മികച്ച പ്രകടനമാണ്‌ പുറത്തെടുക്കുന്നത്‌.


അവിനാഷ്‌ സാബ്‌ലെ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), ജ്യോതി യാരാജി (100 മീറ്റർ ഹർഡിൽസ്‌), മലയാളി താരങ്ങളായ എം ശ്രീശങ്കർ, ആൻസി സോജൻ (ലോങ്‌ ജന്പ്‌), തേജസ്വിൻ ശങ്കർ (ഡെക്കാത്‌ലൺ), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജന്പ്‌), രോഹിത്‌ യാദവ്‌, അന്നു റാണി (ജാവലിൻ ത്രോ), പ്രിയങ്ക ഗോസ്വാമി (നടത്തം) എന്നിവരാണ്‌ പ്രധാനികൾ. ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിങ്‌ മൂന്നിനങ്ങളിലാണ്‌ ഇറങ്ങുന്നത്‌. 1500, 5000, 10,000 മീറ്റർ എന്നിവയാണ് മത്സരങ്ങൾ.


സാബ്‌ലെ ഹാങ്‌ഷുവിൽ സ്വർണം നേടിയിരുന്നു. പരിക്കിനുശേഷമാണ്‌ തിരിച്ചുവരവ്‌. പുരുഷ ലോങ്‌ ജന്പിൽ ശ്രീശങ്കർ മികച്ച പ്രകടനമാണ്‌ സീസണിൽ നടത്തുന്നത്‌. വനിതകളിൽ അഞ്‌ജു ബോബി ജോർജിന്റെ റെക്കോഡ്‌ തകർത്ത ആൻസിയും പ്രതീക്ഷയിലാണ്‌. ശൈലി സിങ്ങും ലോങ്‌ ജന്പിൽ മത്സരിക്കുന്നു.


ജാവലിനിൽ കോമൺവെൽത്ത്‌ ഗെയിംസിൽ വെങ്കല മെഡൽ നേട്ടക്കാരൻ യാഷ്‌വീർ മെഡൽ സാധ്യതയിലുണ്ട്. ശ്രീലങ്കയുടെ പുത്തൻ താരോദയം രുമേഷ്‌ തരംഗ പതിരഗെയാണ്‌ വെല്ലുവിളി. ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കറും മെഡൽ പ്രതീക്ഷയാണ്‌. 4x400 മീറ്റർ റിലേ പുരുഷ വിഭാഗത്തിൽ കഴിഞ്ഞ തവണ സ്വർണമായിരുന്നു. ഇക്കുറി മലയാളി താരങ്ങളായ മുഹമ്മദ്‌ അഷ്‌ഫാഖും ടി എസ്‌ മനുവും റിലേ ടീമിന്റെ ഭാഗമാണ്‌. പത്തിന്‌ നടക്കുന്ന റിലേ സീരീസ്‌ ഫൈനലിനുശേഷമായിരിക്കും അന്തിമ ടീമിനെ തെരഞ്ഞെടുക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home