ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിത്തിളക്കം; 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ താരം വിവാൻ കപൂർ

വിവാൻ കപൂർ| Photo:PTI
ന്യൂഡൽഹി : 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ. ദോഹയിൽ നടക്കുന്ന ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ട്രാപ് ഇനത്തിൽ വെള്ളി മെഡൽ നേടിയതോടെയാണ് 24കാരനായ താരത്തിന് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്. ഫൈനലിൽ സ്വർണം നഷ്ടമായെങ്കിലും വെള്ളി നേട്ടത്തിലൂടെ വിവാൻ ഇന്ത്യക്കായി ഒളിമ്പിക്സ് ക്വാട്ട ഉറപ്പിച്ചു.
ഫൈനലിൽ 30 ഷോട്ടുകൾ പൂർത്തിയായപ്പോൾ വിവാനും കുവൈത്തിന്റെ അബ്ദുൽറഹ്മാൻ അൽഫൈഹാനും 29 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടർന്ന് നടന്ന ഷൂട്ട്ഓഫിൽ ഒരു ഷോട്ട് നഷ്ടമായതോടെയാണ് വിവാന് സ്വർണം കൈവിട്ടത്. അൽഫൈഹാൻ സ്വർണം നേടി. 2024 പാരിസ് ഒളിമ്പിക്സിൽ വെള്ളി നേടിയ ചൈനയുടെ ക്വി യിങ് വെങ്കലം സ്വന്തമാക്കി.
ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ ട്രാപ് വിഭാഗത്തിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് വിവാൻ. കർണി സിങ്, മൻവജിത് സിങ് സന്ധു, സൊരാവർ സിങ് സന്ധു എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചവർ. 2006ൽ ലോക ചാമ്പ്യനായ മൻവജിത് സിങ് സന്ധുവിന് പിന്നാലെ ഈ ഇനത്തിൽ ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനുള്ള അവസരവും വിവാന് നഷ്ടമായി.
ജയ്പുരിൽ നിന്നുള്ള വിവാൻ ഒരു ആഡംബര പരവതാനി കയറ്റുമതി വ്യവസായ കുടുംബത്തിലെ അംഗമാണ്. 110 വർഷമായി കുടുംബം നടത്തിവരുന്ന ബിസിനസിൽ കോവിഡ് കാലത്ത് പിതാവിനും സഹോദരനുമൊപ്പം പ്രവർത്തിച്ചിരുന്ന വിവാൻ പിന്നീട് ഷൂട്ടിങ്ങിൽ സജീവമായി. 2014 മുതൽ ജൂനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുവരുന്ന താരം മികച്ച പ്രകടനങ്ങളിലൂടെയാണ് സീനിയർ തലത്തിൽ ശ്രദ്ധ നേടിയത്.
ആദ്യമായാണ് വിവാൻ ലോക ചാമ്പ്യൻഷിപ്പിന്റെ സീനിയർ ഫൈനലിലെത്തുന്നത്. ലോകോത്തര താരങ്ങൾക്കൊപ്പം മത്സരിച്ചതിന്റെ അനുഭവവും പരിശീലകരുടെ പിന്തുണയും സമ്മർദം അതിജീവിക്കാൻ സഹായിച്ചെന്ന് താരം പ്രതികരിച്ചു. വിദേശ പരിശീലകൻ പീറ്റർ വിസ്ലോസിനും വ്യക്തിഗത പരിശീലകൻ ജിയോവാനി സെർനോഗൊറാസിനും വിവാൻ നന്ദി അറിയിച്ചു.
2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഷൂട്ടറാണ് വിവാൻ. പുരുഷ 10 മീറ്റർ എയർ പിസ്റ്റളിൽ ജയ്പാൽ മാൽവിയയും പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ നീരജ് കുമാറും നേരത്തെ ക്വാട്ട നേടിയിരുന്നു.








0 comments