സീതാറാം യെച്ചൂരി ഫൗണ്ടേഷന്റെ പരിപാടിക്ക് വേദി നിഷേധിച്ചു; രാഷ്ട്രീയ ഇടപെടലെന്ന് എം എ ബേബി

എം എ ബേബി
കൊൽക്കത്ത : സീതാറാം യെച്ചൂരി ഫൗണ്ടേഷൻ നവംബർ 22ന് സംഘടിപ്പിക്കാനിരുന്ന സിമ്പോസിയത്തിന് വേദി അനുവദിച്ച ബുക്കിങ് റദ്ദാക്കിയതായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററാണ് (ഇസെഡ്‌സിസി) പരിപാടിക്കായി നേരത്തെ ബുക്ക് ചെയ്ത് പണം അടച്ചിരുന്ന ഹാൾ അനുവദിക്കാനാകില്ലെന്ന് അറിയിച്ചത്. നവംബർ 16ന് ലഭിച്ച അറിയിപ്പിൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ എന്നാണ് കാരണമായി വ്യക്തമാക്കിയതെന്നും എം എ ബേബി പറഞ്ഞു.
രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊതുവേദികളിൽ പരിപാടികൾ നടത്താൻ അനുമതി നിഷേധിക്കുന്ന സംഭവം സമീപകാലത്ത് ആവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സാംസ്കാരിക സ്ഥാപനങ്ങൾ ബിജെപിയും സംഘപരിവാറും കൈപ്പിടിയിലൊതുക്കി തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കുകയാണെന്നും അനുബന്ധ സംഘടനകളുടെ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും സമാനമായ സംഭവമുണ്ടായതായി ബേബി ചൂണ്ടിക്കാട്ടി. സിനിമയുമായോ ചലച്ചിത്ര നിർമാണവുമായോ ബന്ധമില്ലാത്ത ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് ക്യാമ്പസിലെ ഓഡിറ്റോറിയത്തിൽ പരിപാടി നടത്താൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ സംഘടനാ പ്രവർത്തകർ ആക്രമിച്ചതായും അദ്ദേഹം ആരോപിച്ചു. സീതാറാം യെച്ചൂരിയുടെ സ്മരണയ്ക്കായി ഫൗണ്ടേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഇത്തരം നടപടികൾ പിന്നോട്ടടിപ്പിക്കില്ലെന്നും എം എ ബേബി വ്യക്തമാക്കി.








0 comments