Deshabhimani

'ഭാഗ്യം കൊണ്ട് മാത്രം മുഖ്യമന്ത്രിയായി'; രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് എംഎൽഎ, തെലങ്കാന കോൺഗ്രസിൽ കലഹം രൂക്ഷം

revanth reddy
വെബ് ഡെസ്ക്

Published on Nov 19, 2026, 10:52 PM | 2 min read

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വികസന ഫണ്ട് വിതരണത്തിലെ വിവേചനവും അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി സ്വന്തം പാർട്ടിയിലെ എംഎൽഎമാർ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. മുനുഗോഡ് എംഎൽഎ കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയാണ് രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.


'എന്ത് തരത്തിലുള്ള മുഖ്യമന്ത്രിയാണ് നിങ്ങൾ? എന്ത് ഭാഷയാണ് നിങ്ങളുടെ വായിൽനിന്ന് വരുന്നത്? ഭാഗ്യംകൊണ്ട് മാത്രം മുഖ്യമന്ത്രിയായ ആളാണ്. 'ദയവുചെയ്ത് വരുന്ന രണ്ട് വർഷമെങ്കിലും നന്നായി ഭരിക്കൂ. തെലങ്കാനയിലെ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ' എന്നായിരുന്നു മുനുഗോഡിലെ പെൻഷൻ വിതരണ പരിപാടിയിൽ സംസാരിക്കവെ കോമതിറെഡ്ഡിയുടെ വിമർശനം.


എംഎൽഎമാർക്ക് വികസന ഫണ്ട് അനുവദിക്കാത്തതിലും മുഖ്യമന്ത്രി ഭീഷണിയുടെ ഭാഷയിൽ സംസാരിക്കുന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടിയിലെ മുതിർന്ന എംഎൽഎ വികസന ഫണ്ട് ആവശ്യപ്പെടുമ്പോൾ അനുകൂലമായ മറുപടിയെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അതിന് പകരം എതിർക്കുന്നവരെ ഇല്ലാതാക്കുമെന്ന ഭീഷണിയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.


രേവന്ത് റെഡ്ഡിയുടെ കൊടങ്കൽ മണ്ഡലത്തിനും ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയുടെ മധിര മണ്ഡലത്തിനും മാത്രമായി വികസന പ്രവർത്തനങ്ങൾ ഒതുങ്ങുകയാണെന്ന ആരോപണവും കോമതിറെഡ്ഡി ആവർത്തിച്ചു. തെലങ്കാനയിൽ കൊടങ്കലും മധിരയും മാത്രമല്ല ഉള്ളത്. പതിനായിരമോ ഇരുപതിനായിരമോ കോടി രൂപ കൊടങ്കലിന് അനുവദിച്ചാലും എതിർപ്പില്ല. എന്നാൽ പിന്നാക്കം നിൽക്കുന്ന മുനുഗോഡിന് അർഹമായ വികസന ഫണ്ട് ലഭിക്കണം.


ഫണ്ട് ലഭിക്കാത്തതിനാൽ റോഡുകൾ, ജലസേചന പദ്ധതികൾ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണെന്നും ചൊട്ടുപ്പലിൽ 100 കിടക്കകളുള്ള ആശുപത്രിക്ക് അന്തിമാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തിൽ തെലങ്കാനയിലെ ജനങ്ങൾ ഒട്ടും സന്തുഷ്ടരല്ലെന്നും കോമതിറെഡ്ഡി തുറന്നടിച്ചു.


കാബിനറ്റിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾക്ക് പിന്നിലെന്ന ആരോപണവും അദ്ദേഹം തള്ളി. പദവികൾക്ക് പിന്നാലെ പോകുന്നയാളല്ല താനെന്നും സാധാരണക്കാർക്കുവേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണം സംരക്ഷിക്കേണ്ട ജനപ്രതിനിധിയാണ് താനെന്നും കമ്മിഷൻ വാങ്ങുകയോ നൽകുകയോ ചെയ്യാറില്ലെന്നും വ്യക്തമാക്കി.


ബിആർഎസ് ഭരണകാലത്ത് അഴിമതി നടത്തിയിരുന്ന കരാറുകാർക്ക് തന്നെയാണ് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷവും കരാറുകൾ നൽകുന്നതെന്നും കോമതിറെഡ്ഡി ആരോപിച്ചു. കരാറുകാരിൽനിന്ന് ഉദ്യോഗസ്ഥർ 10 മുതൽ 20 ശതമാനം വരെ കമ്മിഷൻ വാങ്ങുന്നുണ്ടെന്ന് കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡ്ഡിയും നേരത്തെ ആരോപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഭരണത്തിൽ അഴിമതിയും കമ്മിഷൻ ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ശക്തമാവുകയാണ്.


മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎമാർ തന്നെ പരസ്യമായി രംഗത്തെത്തിയതോടെ തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home