ഷൂട്ടിങ് റേഞ്ചിൽ സ്വർണം തേടി ഇന്ത്യ: ബാഡ്‌മിന്റണിൽ ധ്രുവ്– ടാനിഷ സഖ്യം പ്രീ ക്വാർട്ടിൽ

നഗോയ: ഏഷ്യൻ ഗെയിംസ് 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ. യോഗ്യതാ റൗണ്ടിൽ കമൽജീതും സുരുചി ഇന്ദർ സിങ്ങും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 587 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയാണ് ഫൈനൽ പ്രവേശനം. 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും ഇന്ത്യ ഇന്നിറങ്ങും ഇറങ്ങും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തിരിച്ചടികൾക്ക് ശേഷം വലിയൊരു തിരിച്ചുവരവാണ് ഷൂട്ടിങിൽ ഇന്ത്യയുടെ ലക്ഷ്യം.
ഷൂട്ടിങ്ങിൽ സ്വർണമാണ് ലക്ഷ്യം. തുടർച്ചയായ രണ്ടാംദിനവും സ്‌കീറ്റിൽ കിട്ടിയ വെങ്കലമാണ് ആശ്വാസം. മിക്‌സഡ് ഇനത്തിൽ പരിനാസ് ധലിവാലും ആനന്ദ്‌ജീത് സിങ്ങുമാണ് മെഡൽ നേടിയത്. ഇരുവരും കഴിഞ്ഞദിവസം ഡബിൾസിലും വെങ്കലം നേടിയിരുന്നു. ഷൂട്ടിങ്ങിൽ ഇതുവരെ നാല് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യക്ക് കിട്ടിയത്. ഒന്പത് സ്വർണം നേടിയ ചൈനയാണ് ഒന്നാമത്.
ഹാങ്‌ഷുവിൽ ഏഴ് സ്വർണമായിരുന്നു ഇന്ത്യ ഷൂട്ടിങ്ങിൽ മാത്രം നേടിയത്. ഇക്കുറി അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഇനങ്ങളിൽ പൊന്നില്ല. അഞ്ചാംദിനം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്‌റ്റളിലാണ് പ്രതീക്ഷയോടെ ഇറങ്ങിയത്. എന്നാൽ കമൽജീത്, ആകാശ് ഭരദ്വാജ്, കേദാർലിങ് ഉചഗാൻവെ എന്നിവർക്ക് എട്ട് പേർ അണിനിരക്കുന്ന ഫൈനലിലേക്ക് മുന്നേറാനായില്ല. ഒന്പതാം സ്ഥാനത്തെത്തിയ കമൽജീതിന്റേതാണ് മികച്ച പ്രകടനം. ആകാശ് 11–ാമതും കേദാർലിങ് 35–ാമതുമാണ് മത്സരം പൂർത്തിയാക്കിയത്. ടീം ഇനത്തിൽ നാലാമതുമായി.
കഴിഞ്ഞ ദിവസം ഒളിന്പിക്‌സിലെ ഇരട്ട മെഡൽ ജേതാവ് മനു ഭാക്കെറും ലോകകപ്പ് സ്വർണ നേട്ടക്കാരായ ഇഷാ സിങ്ങും സുരുചി സിങ്ങും വനിതകളുടെ വിഭാഗത്തിലും നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തെ 22 മെഡൽ നേട്ടത്തിലേക്ക് ഇക്കുറി എത്താൻ സാധ്യത മങ്ങി.
സ്‌കീറ്റിൽ തുടർച്ചയായ മൂന്നാം വെങ്കല മെഡലാണ്. കഴിഞ്ഞ ദിവസം പുരുഷ, വനിതാ ഡബിൾസിലാണ് മൂന്നാംസ്ഥാനം നേടിയത്. മികസഡ് ഡബിൾസിൽ നാല് ടീമുകളായിരുന്നു മത്സരിച്ചത്. പരിനാസ് ധലിവാലും ആനന്ദ്‌ജീത് സിങ്ങും മൂന്നാമതെത്തി. ചൈന ലോക റെക്കോഡോടെ സ്വർണം നേടി. ദക്ഷിണ കൊറിയക്കാണ് വെള്ളി.
ബാഡ്‌മിന്റൺ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില–ടാനിഷ ക്രസ്‌റ്റോ സഖ്യം പ്രീ ക്വാർട്ടിൽ പ്രവേശിച്ചു. മാലിദ്വീപ് ജോഡിയെ 21-8, 21-7 എന്ന സ്കോറിന് അനായാസം പരാജയപ്പെടുത്തിയാണ് മുന്നേറ്റം.









0 comments