റബ്ബർ ഫാക്ടറിയിലെ ഭിത്തി തകർന്ന് വീണു; മൂന്ന് തൊഴിലാളികൾ മരിച്ചു

മുംബൈ: റബ്ബർ ഫാക്ടറിയിലെ ഭിത്തി തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ റബ്ബർ നിർമ്മാണ യൂണിറ്റിന്റെ ഭിത്തി തകർന്നാണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പാൽഘർ ജില്ലയിലെ വാഡ താലൂക്കിലുള്ള പാലി പോഷേരി ഗ്രാമത്തിലെ ടീന റബ്ബർ ഫാക്ടറിയിലായിരുന്നു അപകടം.
അപകടത്തിൽ കേശവ് ഗുങ്കുന (55), രഞ്ജന കോമ്പ് (35), മീര ഗാവ്‌ലി (60) എന്നിവരാണ് മരിച്ചത്. സ്റ്റോറൂമിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അകത്തെ ഭിത്തി ഇടിഞ്ഞുവീണ് മൂവരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.
ഉടൻതന്നെ രക്ഷാപ്രവർത്തകർ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫാക്ടറിയുടെ സ്റ്റോറൂമിൽ വലിയ തോതിൽ ഭാരമുള്ള ചാക്കുകൾ ഭിത്തിയോട് ചേർത്ത് അടുക്കിവെച്ചിരുന്നു. ഈ ഭാരക്കൂടുതൽ കാരണമാണ് ഭിത്തി തകർന്നുവീണതെന്ന് അപ്ടി ഗ്രാമപഞ്ചായത്ത് സർപഞ്ച് പ്രമോദ് പാട്ടീൽ വ്യക്തമാക്കി.









0 comments