വയോധികൻ പാടത്ത് മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് സൂചന

പുതുപ്പാടി: ജോലിക്ക് പോയ വയോധികൻ പാടത്ത് മരിച്ച നിലയിൽ. കോഴിക്കോട് പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദനെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെ വയലിൽ പണിയെടുക്കാനായി പോയതായിരുന്നു ചന്ദൻ.
വൈകിട്ട് നാലരയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ മകൻ സ്ഥലത്തെത്തിയപ്പോഴാണ് പാടത്ത് ചന്ദനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയിൽ തൊലി ഉരിഞ്ഞിരുന്നു. ഷർട്ട് ധരിക്കാതെ വയലിൽ പണി എടുക്കുകയായിരുന്നു ചന്ദൻ.
താമരശ്ശേരി പൊലീസ് ഇൻക്വിസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. സൂര്യാതപമെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.









0 comments