Deshabhimani

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് ആറാം കിരീടം

Hockey India

ടീം ഇന്ത്യ | Photo:X

വെബ് ഡെസ്ക്

Published on Nov 05, 2026, 09:20 PM | 1 min read

മൊഹാലി : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ ജപ്പാനെ 4-1ന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആറാം കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്.


മൂന്നാം മിനിറ്റിൽ കസുമാസ മാറ്റ്‌സുമോട്ടോയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇന്ത്യക്ക് ലക്ഷ്യം കാണാനായില്ല. ജപ്പാന്റെ പ്രതിരോധവും ഇന്ത്യൻ മുന്നേറ്റങ്ങൾക്ക് തടസ്സമായി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 0-1ന് പിന്നിലായിരുന്നു.


മൂന്നാം ക്വാർട്ടറിൽ ഷിലാനന്ദ് ലക്രയിലൂടെ ഇന്ത്യ സമനില പിടിച്ചു. ആദിത്യയുടെ ക്രോസിൽനിന്നായിരുന്നു ലക്രയുടെ ഗോൾ. ഇതോടെ സ്കോർ 1-1 എന്ന നിലയിലായി. നാലാം ക്വാർട്ടറിൽ ഹാർദിക് സിങ്ങിന്റെ പാസിൽ ദിൽപ്രീത് സിങ് ഗോൾ നേടിയതോടെ ഇന്ത്യ 2–1ന് മുന്നിലെത്തി.


പിന്നാലെ ലഭിച്ച പെനാൽറ്റി കോർണർ അവസരം ജുഗ്രാജ് സിങ് ഗോളാക്കി മാറ്റിയതോടെ ഇന്ത്യ ലീഡ് 3-1 ആക്കി. അഭിഷേകിന്റെ പുഷിൽനിന്ന് ലഭിച്ച പന്ത് ശക്തമായ ഡ്രാഗ് ഫ്ലിക്കിലൂടെ ജുഗ്രാജ് വലയിലെത്തിക്കുകയായിരുന്നു. വിവേക് സാഗർ പ്രസാദിന്റെ ഗോളിലൂടെ ഇന്ത്യ നാലാം ഗോളും നേടി. റീബൗണ്ടിൽ ലഭിച്ച പന്ത് വിവേക് വലയിലെത്തിച്ചു.


ഇതോടെ 4-1ന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ആറാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. മത്സരത്തിനിടെ ഹാർദിക് സിങ് തന്റെ 200-ാം അന്താരാഷ്ട്ര മത്സരവും കളിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home