സംഘ്പരിവാറിനെതിരെയോജിച്ച സമരനിര ഉയരണം: ഐഎൻഎൽ സെമിനാർ

ഐഎൻഎൽ ദേശീയ സെമിനാർ എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
ന്യുഡൽഹി: തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും ഇന്ത്യയിലെ സാധാരണ ജനജീവിതം നരകതുല്ല്യമാക്കുമ്പോൾ ഏതാനും ചില കോർപ്പറേറ്റുകൾ റോക്കറ്റ് വേഗത്തിൽ വളരുകയാണെന്ന് ഐഎൻഎൽ ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ജനവിധിയും ഭരണകർത്താക്കളെയും ഏതോ നിഗൂഢ കേന്ദ്രത്തിൽനിന്നും തീരുമാനിക്കുന്നതിലൂടെ അട്ടിമറിക്കപ്പെടുന്നത് പൗരസ്വാതന്ത്ര്യമാണ്. ഇതിനെതിരെ ഉയരുന്ന എതിർ ശബ്‌ദങ്ങളെ മതജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്ന കുതന്ത്രമാണ് സംഘ്പരിവാറിനെ ഉപയോഗിച്ച് കോർപ്പറേറ്റുകൾ പയറ്റുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യ ഒരുമിക്കുന്ന കാഴ്ചയാണ് സമീപകാലത്തെ സമരങ്ങളെന്നും പ്രതിനിധികൾ അഭിപ്രായപെട്ടു.
ഐഎൻഎൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 105–ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ‘ഫ്യൂച്ചർ ഇന്ത്യ– ചിന്തകളെ പുനർനിർവചിക്കുക’ എന്ന വിഷയത്തിൽ നടന്ന സെമിനാർ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രിമാരായ മണിശങ്കർ അയ്യർ മുഖ്യ പ്രഭാഷണം നടത്തി. മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, മുൻ എംപി ഡാനിഷ് അലി, ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ ഡോ. സഫറുൽ ഇസ്‌ലാം ഖാൻ, മഗ്‌സസെ പുരസ്‌കാര ജേതാവ് ഡോ. സന്ദീപ് പാണ്ഡെ, തമിഴ്‌നാട് മുൻ എംഎൽഎ അഡ്വ. എംജികെ നിസാമുദ്ദീൻ, ഓൾ ഇന്ത്യ പീസ് മിഷൻ പ്രസിഡന്റ് സർദാർ ദയാ സിംഗ്, സോഷ്യലിസ്റ്റ് പാർടി ഓഫ് ഇന്ത്യ പ്രതിനിധി അഡ്വ. നിംഗപ്പ ദേവരാജ് തുടങ്ങിയവർ സംസാരിച്ചു.
ഐഎൻഎൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ മോഡറേറ്ററായി. സി പി അൻവർ സാദത്ത് ആമുഖ പ്രഭാഷണവും സമദ് നരിപ്പറ്റ വിഷയാവതരണവും നടത്തി. ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ റഫീഅഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു. ഡിജിറ്റൽ അംഗത്വത്തിൻ്റെ വിതരണം ഐഎൻഎൽ തമിഴ്നാട് പ്രസിഡൻ്റ് നാഗൂർരാജക്ക് നൽകി പ്രൊഫ മുഹമ്മദ് സുലൈമാൻ നിർവഹിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ പ്രഭാഷണം നാഷണൽ വിമൻസ് ലീഗ് അഖിലേന്ത്യാ കമ്മിറ്റി പ്രസിഡന്റ് തസ്നീം ഷാജഹാൻ നിർവഹിച്ചു. ഐഎൻഎൽ ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിച്ചു.








0 comments