കേരളയിൽ പരീക്ഷാ ഫീസ് കൂട്ടും; വിദ്യാർഥികൾക്ക് അമിതഭാരം

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ വ്യാഴാഴ്‌ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. 2027 ജനുവരി ഒന്നുമുതൽ വിജ്ഞാപനംചെയ്യുന്ന മുഴുവൻ പരീക്ഷകൾക്കും അനുബന്ധ സർവീസ് ചാർജിലുമാണ് 10 ശതമാനം വർധനയുണ്ടാകുക. വിദ്യാർഥി പ്രതിനിധി എസ് ശ്രീജിത്ത് വിയോജിപ്പ് രേഖപ്പെടുത്തി. പരീക്ഷാ ഫീസിൽ കാലോചിതമായ മാറ്റങ്ങൾ മാത്രമേ പാടുള്ളൂവെന്നും വിദ്യാർഥികൾക്കുമേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ വിമർശിച്ച് യുഡിഎഫ് സിൻഡിക്കറ്റ് അംഗം അജയ് ജുവൽ കുര്യാക്കോസ് പ്രമേയം അവതരിപ്പിച്ചത് വിവാദത്തിനിടയാക്കി. രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയുള്ള പ്രമേയം കീഴ്‌വഴക്കമല്ലെന്നും പ്രമേയം പിൻവലിക്കണമെന്നും ഇടതുപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. വിയോജിപ്പും രേഖപ്പെടുത്തി. വിദ്യാർഥി രാഷ്‌ട്രീയം ശാപമാണെന്നായിരുന്നു യുഡിഎഫ് അംഗത്തിന്റെ പരാമർശം. ബിജെപിയുടെ രണ്ട് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
സർവകലാശാല പ്രസ് ജീവനക്കാരുടെ പെർഫോമൻസ് അലവൻസ് അഞ്ചുശതമാനമാക്കി വെട്ടിക്കുറച്ചു. ആനുകൂല്യങ്ങൾ നിഷേധിക്കുന്ന യുഡിഎഫ് സിൻഡിക്കറ്റ് തീരുമാനത്തിൽ ഇടതുപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.
1986 മുതൽ കേരള സർവകലാശാലയിൽ യുജി, പിജി കോഴ്സുകളിൽ പഠിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ വിദ്യാർഥികൾക്ക് മേഴ്‌സി ചാൻസ് പരീക്ഷ അനുവദിക്കാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള ചട്ടങ്ങളും നിബന്ധനകളും അനുസരിച്ചായിരിക്കും അവസരം.








0 comments