കർഷക സമരത്തിന് ആറു വർഷം; നവംബര്‍ 26 ന് രാജ്യവ്യാപക പ്രക്ഷോഭവുമായി സംയുക്ത കിസാൻ മോർച്ച

ലഖ്‌നൗ: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ കർഷകർ നടത്തിയ പോരാട്ടത്തിന്റെ ആറാം വാർഷിക ദിനമായ നവംബർ 26 ന് രാജ്യവ്യാപക പ്രക്ഷോഭവുമായി സംയുക്ത കിസാൻ മോർച്ച. ഉത്തർപ്രദേശിലെ 75 ജില്ലാ ആസ്ഥാനങ്ങളിലും ന്യൂഡൽഹിയിലും ധർണ സംഘടിപ്പിക്കും.
ലഖ്‌നൗവിലെ ലക്ഷ്മി സെഹ്ഗാൾ ഭവനിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച ഉത്തർപ്രദേശ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. കർഷകർ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് എസ്കെഎം ദേശീയ നേതാക്കളായ പി കൃഷ്ണപ്രസാദ്, ആശിഷ് മിറ്റൽ എന്നിവർ വ്യക്തമാക്കി.
2020 ലാണ് മോദി ഭരണകൂടം നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ സ്തംഭിപ്പിച്ച കർഷകപ്രക്ഷോഭം നടന്നത്. പതിനായിരക്കണക്കിന് കർഷകരാണ് സമരത്തിന്റെ ഭാഗമായത്. കര്‍ഷക പ്രവാഹത്തെ ഹരിയാന സര്‍ക്കാറും പൊലീസും ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും കർഷകർ ഡൽഹിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഇന്ത്യ - യുഎസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുമാണ് 26 ലെ പ്രക്ഷോഭം. വ്യാപാര കരാർ വഴി വിദേശ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് പ്രാദേശിക കർഷകർക്ക് വൻ തിരിച്ചടിയാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
എല്ലാ വിളകൾക്കും നിയമപരമായ താങ്ങുവില ഉറപ്പാക്കുകയെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു. പി എം കിസാൻ പദ്ധതികൾക്ക് പകരം കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു. ഖരീഫ് സീസണിൽ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,441 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചെറുകിട കർഷകർ തുച്ഛമായ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നുണ്ട്.
യുറിയ, ഡിഎപി വളങ്ങളുടെ ക്ഷാമവും കരിഞ്ചന്തയും കർഷകരെ വലയ്ക്കുന്നു. കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്കാണ് വളങ്ങൾ വിൽക്കുന്നതെന്നും പാട്ടക്കർഷകർക്ക് വളം ലഭിക്കാൻ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും നേതാക്കൾ ആരോപിച്ചു. മൈക്രോഫൈനാൻസ് സ്ഥാപനങ്ങളുടെ ക്രൂരമായ വായ്പയെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു.
കരിമ്പിന്റെ വില ക്വിന്റലിന് 600 രൂപയായി ഉയർത്തുക, വിളനാശത്തിന് ഏക്കറിന് 60,000 രൂപ നഷ്ടപരിഹാരം നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദിവസങ്ങൾ 200 ആയും ദിവസവേതനം 700 രൂപയായും വർധിപ്പിക്കുക, യുപിയിൽ അടച്ചുപൂട്ടുന്ന സ്കൂളുകളുടെ നടപടി പുനഃപരിശോധിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിലൂടെ കർഷകർ മുന്നോട്ടുവെക്കുന്നത്.








0 comments