Deshabhimani

അന്ന് ‘പഠാന്‍', ഇന്ന് ‘കിങ്'; ദീപികയുടെ ഓറഞ്ച് വസ്ത്രം കണ്ട് വീണ്ടും കലിയിളകി സംഘപരിവാർ

king orange deepika
വെബ് ഡെസ്ക്

Published on Nov 05, 2026, 09:04 PM | 2 min read

മുംബൈ: ദീപിക പദുക്കോണിന്റെ ഓറഞ്ച് വസ്ത്രം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഷാറൂഖ് ഖാൻ നായകനായ കിങ് എന്ന ചിത്രത്തിലെ ‘തു മിൽ ജായേ’ എന്ന പാട്ടിൽ ദീപിക ധരിച്ച വസ്ത്രമാണ് ബിജെപിയെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്. മൂന്നുവർഷം മുമ്പ് ‘പഠാൻ’ സിനിമയിലെ ‘ബേഷരം രംഗ്’ ഗാനം പുറത്തിറങ്ങിയപ്പോൾ ദീപിക പദുക്കോണിന്റെ ഓറഞ്ച് ബിക്കിനിയെച്ചൊല്ലി ബിജെപി വലിയ വിവാദങ്ങളുയർത്തിയിരുന്നു. കാവിനിറത്തെ അപമാനിച്ചെന്ന വാദവുമായി ബിജെപി നേതാക്കളും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി. സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളും ഉയർന്നു. എന്നാൽ വിവാദങ്ങൾക്കിടയിലും ‘പഠാൻ’ തിയേറ്ററുകളിലെത്തി, വൻ വിജയമാവുകയും ചെയ്തു. ഇപ്പൊ വീണ്ടും പഴയ ബഹിഷ്കരണ ഭീഷണിയും തിരിച്ചെത്തിയിരിക്കുകയാണ്.


ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗിയാണ് ഇത്തവണ ബഹിഷ്കരണ ആഹ്വാനവുമായി. രംഗത്തെത്തിയത്. ഗാനരംഗം നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും സിനിമ ബഹിഷ്കരിക്കുമെന്നുമാണ് ഭീഷണി. കാവിനിറത്തിലുള്ള വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് സനാതനധർമത്തെ അപമാനിക്കുന്നതാണെന്നാണ് നേഗിയുടെ വാദം.


കാവിനിറത്തിലുള്ള വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് സനാതനധർമത്തെ അപമാനിക്കുന്നതാണെന്നാണ് നേഗിയുടെ വാദം. ഷാരൂഖ് ഖാനെ ‘ജിഹാദി’ എന്ന് വിളിച്ച എംഎൽഎ, രാജ്യത്തുനിന്ന് പണം സമ്പാദിച്ചശേഷം രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും പറഞ്ഞു. ദീപികയെ ഇതിനായി ഉപയോഗിക്കുകയാണെന്നും മതത്തെ അപമാനിക്കാൻ ആസൂത്രിതമായ നീക്കമുണ്ടെന്നും നേഗി ആരോപിച്ചു.


നവംബർ രണ്ടിന് ഷാരൂഖിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ‘തു മിൽ ജായേ’ ഗാനം പുറത്തിറങ്ങിയത്. ഗാനത്തിലെ ദീപികയുടെ വസ്ത്രവും നേരത്തേ ‘ബേഷരം രംഗി’ൽ ധരിച്ചിരുന്ന വസ്ത്രവും താരതമ്യം ചെയ്തുള്ള പോസ്റ്റുകൾ പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പഴയ വിവാദം ഓർമിപ്പിച്ചുള്ള ചർച്ചകൾക്കിടെയാണ് പുതിയ ബഹിഷ്കരണ ആഹ്വാനവും ഉയർന്നത്.


2022 ഡിസംബറിലാണ് ‘പഠാനി’ലെ ‘ബേഷരം രംഗ്’ ഗാനം പുറത്തിറങ്ങിയത്. ദീപികയുടെ വസ്ത്രത്തിനെതിരെ അന്നത്തെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗാനത്തിലെ ദൃശ്യങ്ങൾ മാറ്റിയില്ലെങ്കിൽ സിനിമയുടെ പ്രദർശനം തടയുമെന്നായിരുന്നു മുന്നറിയിപ്പ്. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു. എന്നാൽ 2023 ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടുമായി ആയിരം കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസിൽ നേടിയത്.


ഇത്തവണയും ബഹിഷ്കരണ ഭീഷണി ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ ‘പഠാൻ’ വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്. അന്നത്തെ പ്രതിഷേധങ്ങളും പിന്നീട് സിനിമ നേടിയ വിജയവും ഓർമിപ്പിച്ചാണ് ഷാരൂഖിന്റെയും ദീപികയുടെയും ആരാധകരിൽ ചിലർ പ്രതികരിക്കുന്നത്.


ദീപികയുടെ വസ്ത്രത്തെ വിമർശിക്കുന്നതിനൊപ്പം നടി ദിയ മിർസയ്ക്കെതിരെയും നേഗി രംഗത്തെത്തി. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിയ പങ്കെടുത്ത പരിസ്ഥിതി ബോധവൽക്കരണ സന്ദേശത്തെയും അദ്ദേഹം വിമർശിച്ചു.


സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ ഡിസംബർ 24ന് തിയേറ്ററുകളിലെത്തും. ദീപികയ്ക്കും ഷാരൂഖിനുമൊപ്പം സുഹാന ഖാൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, അനിൽ കപൂർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിവാദത്തെക്കുറിച്ച് ദീപികയോ ഷാരൂഖോ ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home