print edition സുവർണ ജാസ്‌മിൻ; ഇന്ത്യൻ പട്ടാളത്തിലെ ആദ്യ വനിതാ ബോക്‌സർ

ഗ്ലാസ്‌ഗോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്‌റ്റനായ മഹേന്ദ്ര സിങ് ധോണിയാണ് ജാസ്‌മിൻ ലംബോറിയയുടെ പ്രചോദനം. ഇടിക്കൂട്ടിൽ അമിതാവേശമില്ല. സമ്മർദ ഘട്ടങ്ങളിൽപ്പോലും നിയന്ത്രണം വിടില്ല. മത്സരം കഴിഞ്ഞാൽ എതിരാളിയെ ചേർത്തുപിടിക്കും. ജയമായാലും തോൽവിയായാലും ഒരേ പുഞ്ചിരി. കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ സ്വർണംനേടിയ ഇരുപത്തിനാലുകാരിയുടെ അടുത്ത ലക്ഷ്യം ഒളിന്പിക്‌സാണ്. ‘ധോണിയുടെ മനോഭാവത്തെ ഞാൻ ബഹുമാനിക്കുന്നു. ക്യാപ്‌റ്റൻ കൂൾ എന്ന് വെറുതെ പറയുന്നതല്ല. അതുപോലെ ശാന്തമായി കാര്യങ്ങളെ നേരിടാനാണ് എന്റെയും ശ്രമം’ ജാസ്‌മിൻ പറയുന്നു.
നിലവിലെ ചാന്പ്യൻ അയർലൻഡിന്റെ മിച്ചേല വാൽഷിനെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ജാസ്‌മിൻ കീഴടക്കിയത്. ഇന്ത്യൻ പട്ടാളത്തിലെത്തിയ ആദ്യ വനിതാ ബോക്‌സറാണ്. കോപ്‌സ് ഓഫ് മിലിട്ടറി പൊലീസിൽ നായിബ് സുബേദാറാണ്. ഇന്ത്യൻ ബോക്‌സിങ്ങിന്റെ കേന്ദ്രമായ, ‘മിനി ക്യൂബ’ എന്നറിയപ്പെടുന്ന ഭിവാനിയിലായിരുന്നു ജനനം. ഹരിയാനയിലെ ബോക്‌സിങ് നഗരത്തിൽ മുത്തച്ഛൻ ഹവ സിങ് ആയിരുന്നു ആദ്യ സൂപ്പർതാരം. പ്രശസ്‌തമായ ഭിവാനി ബോക്‌സിങ് ക്ലബ് ആരംഭിക്കുന്നതും ഹവായാണ്. ഒളിന്പിക്‌സ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിന്റെ തുടക്കം ഇവിടെനിന്നായിരുന്നു.
പതിനാലാം വയസിലാണ് ജാസ്‌മിൻ ഇടിക്കൂട്ടിലെത്തിയത്. അമ്മാവൻമാരായ സന്ദീപ് സിങ്ങും പർവിന്ദർ സിങ്ങും ബാലപാഠങ്ങൾ പകർന്നു. എംസി മേരികോമും വിജേന്ദറും അമിത് പംഗലും തുടങ്ങിയ ബോക്‌സർമാരെ മാതൃകയാക്കി. ജാവലിൻ ത്രോയിലെ ഒളിന്പിക്‌സ് ചാന്പ്യൻ നീരജ് ചോപ്ര, ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഇതിഹാസതാരം മിൽഖാ സിങ്, അമേരിക്കൻ നീന്തൽ താരം മൈക്കേൽ ഫെൽപ്‌സ് എന്നിവരും പ്രചോദനമായി.
നാല് വർഷം മുന്പ് ബർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമായിരുന്നു. ശേഷം പട്ടാളത്തിലെത്തി. പാരിസ് ഒളിന്പിക്‌സിൽ ആദ്യ റൗണ്ടിൽ തോറ്റു. കഴിഞ്ഞ വർഷം രണ്ട് ലോകകപ്പുകളിൽ സ്വർണം നേടിയതോടെയാണ് കുതിപ്പ് തുടങ്ങിയത്. പിന്നാലെ ലോക ചാന്പ്യനുമായി. നിലവിൽ ഒന്നാം റാങ്കുകാരി.









0 comments