ചെസ് ലോകകപ്പിന് ഇന്ന് തുടക്കം ; ഇന്ത്യൻ താരങ്ങൾക്ക് പ്രതീക്ഷ
print edition ഗോവയിൽ കരുനീക്കാൻ ദിവ്യയും

പനജി
ഫിഡെ ചെസ് ലോകകപ്പിന് ഇന്ന് ഗോവയിലെ റിസോർട്ട് റിയോയിൽ തുടക്കം. നവംബർ 27വരെ നടക്കുന്ന ലോകകപ്പിൽ ആദ്യ ദിവസം ഉദ്‌ഘാടനംമാത്രമാണ്. നാളെയാണ് ഒന്നാം റൗണ്ട്. പതിനൊന്നാം പതിപ്പിൽ 206 കളിക്കാർ അണിനിരക്കുന്നു. വനിതാ ലോകകപ്പ് നേടിയ ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് വൈൽഡ് കാർഡ് എൻട്രിയായി കളിക്കുന്നുവെന്ന സവിശേഷതയുണ്ട്.
ഇന്ത്യയുടെ 24 കളിക്കാർ കരുനീക്കാനുണ്ട്. നിഹാൽ സരിനും എസ് എൽ നാരായണനും മലയാളികളാണ്. ആദ്യ മൂന്ന് സീഡുകാരും ഇന്ത്യക്കാരാണ്. ലോക ചാമ്പ്യൻ ഡി ഗുകേഷാണ് ഒന്നാംസീഡ്. അർജുൻ എറിഗെയ്‌സിയും ആർ പ്രഗ്‌നാനന്ദയും രണ്ടും മൂന്നും സീഡാണ്. എട്ട് റൗണ്ട് നോക്കൗട്ട് മത്സരമാണ്. ഒരു റൗണ്ടെന്നാൽ രണ്ട് ക്ലാസിക്കൽ മത്സരങ്ങൾ ഉൾപ്പെട്ടതാണ്. രണ്ട് കളിയും സമനിലയായാൽ മൂന്നാംദിവസം ടൈബ്രേക്കർ. ആദ്യ 50 റാങ്കുകാർക്ക് ഒന്നാംറൗണ്ടിൽ ബൈ ലഭിച്ചു.
ഇന്ത്യൻ താരങ്ങൾക്ക് കിരീടസാധ്യത കൽപ്പിക്കപ്പെടുന്നു. അർജുൻ എറിഗെയ്‌സിയും പ്രഗ്‌നാനന്ദയും സാധ്യതാപട്ടികയിലുണ്ട്. കഴിഞ്ഞതവണ പ്രഗ്‌നാനന്ദ മാഗ്‌നസ് കാൾസനോട് ഫൈനലിൽ തോൽക്കുകയായിരുന്നു. അനീഷ് ഗിരി (നെതർലൻഡ്‌സ്), വിൻസന്റ് കെയ്‌മർ (ജർമനി), വെസ്‌ലി സോ (അമേരിക്ക), ഇയാൻ നിപോം നിഷി (റഷ്യ), വെയി യി (ചൈന), നോഡിർബെക് അബ്‌ദുസറ്ററോവ് (ഉസ്‌ബെകിസ്ഥാൻ), രണ്ടുതവണ ചാമ്പ്യനായ അമേരിക്കയുടെ ലെവൻ അരോണിയൻ എന്നിവർ കിരീടപ്പോരിൽ മുന്നിലുണ്ട്.
നിലവിലെ ചാമ്പ്യനായ മാഗ്‌നസ് കാൾസൻ, ഫാബിയാനോ കരുവാന, ഹികാരു നകാമുറ, അലിറെസ ഫിറൗസ്‌ജ, ഡിങ് ലിറെൻ എന്നിവർ കളിക്കുന്നില്ല. പകൽ മൂന്നിന് കളി തുടങ്ങും. ഫിഡെ യു ട്യൂബ് ചാനലിൽ തത്സമയം കാണാം.










0 comments