print edition ഫിയാസ്‌റ്റോ ബാസ്‌കറ്റ്‌ബോൾ: ഇന്ത്യൻ ബാങ്ക് സെമിയിൽ

മാനാഞ്ചിറ ഡോ. സിബിസി മെമ്മോറിയൽ ബാസ്‌കറ്റ് ബോൾ കോർട്ടിൽ നടന്ന ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ്
കോഴിക്കോട്: ഫിയാസ്‌റ്റോ സുവർണജൂബിലി അഖിലേന്ത്യാ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ ബാങ്കും ഐസിഎഫ് ചെന്നൈയും സെമിയിൽ കടന്നു. ലീഗ് മത്സരങ്ങൾ ഇന്നവസാനിക്കും. സെമിഫൈനൽ നാളെ നടക്കും.
ഇന്ത്യൻ ബാങ്ക് ഇന്ത്യൻ നേവിയെ 94–-64ന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ 47-–26 ന് മുന്നിലായിരുന്ന ഇന്ത്യൻ ബാങ്കിനായി മലയാളിതാരം പ്രണവ് പ്രിൻസ് 15 പോയിന്റ് കരസ്ഥമാക്കി. പ്രശാന്ത് സിങ് റാവത്ത് 13 പോയിന്റുമായി പിന്തുണച്ചു. മുനീൻ ബെക്ക്, ഗിനീബ് ബെന്നി എന്നിവർ 11 പോയിന്റ് വീതം സംഭാവന ചെയ്തു. ഇന്ത്യൻ നേവിക്കായി സുബിനും (17 ) മഹിപാൽ സിങ്ങും (12) തിളങ്ങി.
വനിതകളിൽ കെഎസ്‌ഇബി തിരുവനന്തപുരം തുടർച്ചയായി രണ്ടാം ജയം സ്വന്തമാക്കി. കിഴക്കൻ റെയിൽവെയെ 83–47ന് തകർത്തു. ആദ്യ പകുതിയിൽ 42-–31ന് മുന്നിലായിരുന്ന കെഎസ്ഇബി രണ്ടാം പകുതിയിൽ കരുത്തുറ്റ പ്രതിരോധം തീർത്തു. രാജ്യാന്തരതാരം ആർ ശ്രീകല 28 പോയിന്റ് നേടി. അനീഷ ക്ലീറ്റസ് 19 പോയിന്റുമായി പിന്തുണച്ചു. റെയിൽവേക്കായി അമാൻഡ മരിയ റോച്ച 14 പോയിന്റ് നേടി.
ഇന്ന് വൈകീട്ട് അഞ്ചിന് വനിതാവിഭാഗത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ, സെക്കന്ദരാബാദ് ഈസ്‌റ്റേൺ റെയിൽവേ കൊൽക്കത്തയെ നേരിടും. കെഎസ്‌ഇബിയും ഐസിഎഫ് ചെന്നൈയും ഏറ്റുമുട്ടും. പുരുഷന്മാരിൽ ഇന്ത്യൻ എയർഫോഴ്‌സും യങ് ഓറിയോൺസ് ബംഗളൂരും തമ്മിലാണ് കളി.










0 comments