ad
Deshabhimani

ബാസ്‌കറ്റിൽ 50 സുവർണ വർഷങ്ങൾ

Basketball.jpg

ഫിയാസ്‌റ്റോ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ കെഎസ്ഇബി തിരുവനന്തപുരം

avatar
സ്വന്തം ലേഖകൻ

Published on Apr 15, 2026, 12:01 AM | 2 min read

കോഴിക്കോട്‌: ബാസ്‌കറ്റ്‌ നിറയെ കളിയുടെ സന്തോഷം. അതാണ്‌ കോഴിക്കോട്ടെ ഫിയാസ്‌റ്റോ ക്ലബ്ബ്‌. സ‍ൗഹൃദകൂട്ടായ്‌മയിൽ തുടങ്ങി, രാജ്യാന്തര താരങ്ങളെ വാർത്തെടുക്കുന്ന കൂട്ടായ്‌മയായി വളർന്നു. പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോളിൽ ഇടർച്ചയില്ലാത്ത 50 സുവർണ വർഷങ്ങൾ പിന്നിടുകയാണ്‌ ക്ലബ്‌. 1976ൽ കോഴിക്കോട്ടെ ഒരു സ‍ൗഹൃദക്കൂട്ടായ്‌മയിലാണ്‌ പിറവി.


ഡോ. സി ബി സി വാരിയർ, പ്രഫ. പി പി ദേവസി, മാമ്മൻ മാത്യു, പി ജെ ജോസഫ് കൈനടി, പി വി ഗംഗാധരൻ തുടങ്ങിയവരുടെ കൂട്ടായ്‌മയിലാണ്‌ ബാസ്‌കറ്റ് ബോൾ ക്ലബ് എന്ന ആശയമുണ്ടായത്‌. അതേവർഷം സെപ്‌തംബർ 25ന്‌ എം ജി കോമൻ പ്രസിഡന്റായും എം ഹാരിസ് വൈസ് പ്രസിഡന്റും ജെ എ മജീദ് സെക്രട്ടറിയുമായി പ്രവർത്തനംതുടങ്ങി. സർവകലാശാലാതാരങ്ങളെ ഉൾപ്പെടുത്തി മാനാഞ്ചിറ മൈതാനത്ത്‌ ആദ്യ ടീമിനെ ഇറക്കി. 1976ൽ തന്നെ ജില്ലാ ബാസ്‌കറ്റ്ബോൾ അസോസിയേഷനിൽ അംഗത്വം നേടി. ജില്ലാ ചാമ്പ്യന്മാരുമായി.


‘ഫിയാസ്റ്റോ സ്പോർട്‌സ് ക്ലബ്’ എന്നായിരുന്നു ആദ്യ പേര്. പിന്നീട്‌ ‘ദി ഫിയാസ്‌റ്റോ ക്ലബ്' എന്ന്‌ പുതുക്കി. സൗഹൃദം, ഉത്സാഹം, മികവ്‌,- കായികതാൽപര്യം,- സത്യം, ശുഭാപ്തിവിശ്വാസം എന്നിവയാണ്‌ ആപ്‌തവാക്യം. ഇതിന്റെ ചുരുക്കമാണ്‌ ‘ഫിയാസ്‌റ്റോ’.10 അഖിലേന്ത്യാ ഇന്റർ-കോളേജ് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റുകളും പുരുഷ–വനിതാ വിഭാഗത്തിൽ മൂന്ന് അഖിലേന്ത്യാ ടൂർണമെന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്‌. 1978മുതൽ, കേരളത്തിലെ മികച്ച പുരുഷ–വനിതാ താരങ്ങൾക്ക്‌ പ്രൊഫ. പി പി ദേവസ്സി മെമോറിയൽ, ഡോ. ​​സൂസൻ ഫിലിപ്പ് മെമോറിയൽ സ്വർണമെഡലുകൾ നൽകി. -2020ൽ ഒമ്പതുമുതൽ 13 വയസ്സുവരെയുള്ളവർക്കായി ‘ഫിയാസ്റ്റോ ബാസ്‌കറ്റ്ബോൾ ടാലന്റ് സെർച്ച്’ പ്രോഗ്രാമും തുടങ്ങി. 1980ൽ ദേശീയതലത്തിൽ കോളജ് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളജിന്റെ ബാസ്‌കറ്റ് ബോൾ കോർട്ട് നവീകരിച്ചു. 1986ൽ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്കടുത്തും 1993ൽ ജവാഹർ നഗർ കോളനിയിലും കോർട്ടുകൾ നിർമിച്ചു. 2019ൽ മാനാഞ്ചിറ മൈതാനത്ത് ഡോ. സി ബി സി വാരിയരുടെ സ്‌മരണയിൽ 18 ലക്ഷം രൂപ ചെലവിൽ രാജ്യാന്തര നിലവാരത്തിൽ കോർട്ട് പുതുക്കിപ്പണിതു.


ദേശീയ–രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയ എം പ്രവീൺ, എബി ജോസഫ്, കെ വി ജയന്ത്, പോൾ മാമ്പള്ളി, സൂസൻ ഫിലിപ്, ആശ റീത്ത, ബേബി രത്നം, ആശാലത, നീന പ്രഭു, ഷേർലി സിംകോക്ക് തുടങ്ങിയ താരങ്ങളെ സംഭാവനചെയ്‌തു. പി കെ അഹമ്മദ്, ജോസ് ജോസഫ് തുടങ്ങിയവരാണ് നിലവിലെ രക്ഷാധികാരികൾ. അർഷാദ് അബ്ദുല്ല (പ്രസിഡന്റ്‌), കെ ഇ മൊയ്തു (ആക്ടിങ് പ്രസിഡന്റ്‌), സനൽ ശിവദാസ് (വൈസ്‌ പ്രസിഡന്റ്‌), കെ രാജചന്ദ്രൻ (സെക്രട്ടറി) എന്നിവരാണ്‌ ഭാരവാഹികൾ. ക്ലബ്ബിന്റെ സുവർണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ചെന്നൈ ഇന്ത്യൻ ബാങ്കും വനിതകളിൽ സെക്കന്ദരാബാദ് സൗത്ത് സെൻട്രൽ റെയിൽവേയും ജേതാക്കളായി. വനിതകളിൽ തിരുവനന്തപുരം കെഎസ്‌ഇബിയാണ്‌ റണ്ണറപ്പ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home