ad
Deshabhimani

ഫോർമുല വൺ ട്രാക്കിലെ പുതിയ അത്ഭുതം; മക്ലാരൻ നിരയിലേക്ക് പതിനൊന്നാം വയസ്സിൽ കുട്ടിത്താരം

harry willyams

Photo Credit: McLaren

വെബ് ഡെസ്ക്

Published on Apr 24, 2026, 06:21 PM | 1 min read

ലണ്ടൻ: ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൈനിംഗുമായി മക്ലാരൻ ടീം. ഡ്രൈവർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് 11 വയസ്സുകാരനായ ഹാരി വില്യംസിനെയാണ് മക്ലാരൻ ഉൾപ്പെടുത്തിയത്. ഇതോടെ, എഫ്1 ഇതിഹാസം ലൂയിസ് ഹാമിൽട്ടൺ മക്ലാരനിൽ ചേരുമ്പോൾ ഉണ്ടായിരുന്ന പ്രായത്തേക്കാൾ രണ്ട് വയസ്സ് കുറവുള്ള താരം എന്ന റെക്കോർഡ് ഹാരി സ്വന്തമാക്കി.


നിലവിൽ മക്ലാരന്റെ ഡ്രൈവർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം ഇരട്ട ലോക ചാമ്പ്യൻ മിഖാ ഹാക്കിനന്റെ മകൾ എല്ല ഹാക്കിനനായിരുന്നു. കഴിഞ്ഞ വർഷം 14-ാം വയസ്സിലായിരുന്നു എല്ല ടീമിലെത്തിയത്. ഏഴ് തവണ ലോക ചാമ്പ്യനായ ഹാമിൽട്ടൺ 13-ാം വയസ്സിലാണ് പ്രോഗ്രാമിൽ ചേർന്നതും പിന്നീട് 2007-ൽ എഫ്1 അരങ്ങേറ്റം കുറിച്ചതും. നിലവിലെ ചാമ്പ്യൻ ലാൻഡോ നോറിസ് 17-ാം വയസ്സിലായിരുന്നു ടീമിന്റെ ഭാഗമായത്.


ഭാവിയിലേക്ക് മികച്ച ഡ്രൈവർമാരുടെ ഒരു നിരയെ വാർത്തെടുക്കുക എന്നതാണ് ഹാരിയെ ടീമിലെടുത്തതിലൂടെ ലക്ഷ്യമിടുന്നതെന്ന് മക്ലാരൻ ചീഫ് ബിസിനസ് അഫയേഴ്സ് ഓഫീസർ അലസ്സാൻഡ്രോ അലൂനി ബ്രാവി പറഞ്ഞു. "നിലവിൽ ഹാരിക്ക് മുന്നിൽ വലിയ ലക്ഷ്യങ്ങളോ സമ്മർദ്ദങ്ങളോ ഇല്ല. കാർട്ടിംഗ് ആസ്വദിക്കുകയും പരമാവധി പരിചയം സമ്പാദിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ഒപ്പം ഒരു മക്ലാരൻ ഡ്രൈവർ ആയിരിക്കുക എന്നതിന്റെ ഉത്തരവാദിത്തം അവൻ മനസ്സിലാക്കുകയും വേണം," അദ്ദേഹം വ്യക്തമാക്കി.


ചെഷയറിൽ നിന്നുള്ള ഹാരി വില്യംസ് 2021-ലാണ് കാർട്ടിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ഹാരി 2025-ലെ ബ്രിട്ടീഷ് ഓപ്പൺ ചാമ്പ്യനും ഇറ്റാലിയൻ വാട്ടർസ്വിഫ്റ്റ് സീരീസ് ജേതാവുമാണ്. യൂറോപ്യൻ വാട്ടർസ്വിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും ഈ കൊച്ചുതാരം നേടിയിട്ടുണ്ട്.


മക്ലാരൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ ആവേശമുണ്ടെന്ന് ഹാരി വില്യംസ് പ്രതികരിച്ചു. പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മുൻപന്തിയിലുള്ള ടീമിനൊപ്പം തന്റെ കാർട്ടിംഗ് കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും ഭാവിയിൽ സിംഗിൾ സീറ്റർ റേസിംഗിലേക്ക് ചുവടുവെക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാരി കൂട്ടിച്ചേർത്തു. ഇതോടെ എഫ്1 ട്രാക്കിലെ ഭാവി വാഗ്ദാനമായാണ് ലോകം ഹാരി വില്യംസിനെ ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home