print edition കരുക്കൾ സാക്ഷി, അസാധ്യമായി ഒന്നുമില്ല

വിജയശേഷം വെെശാലി അമ്മ നാഗലക്ഷ്മിക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

എൻ ആർ അനിൽകുമാർ
Published on Apr 17, 2026, 02:39 AM | 2 min read
റെക്കോഡുകൾ കൊഴിഞ്ഞു വീണ, ചെസ് ചരിത്രം തിരുത്തിക്കുറിക്കപ്പെട്ട 14 ദിനങ്ങൾക്കാണ് സൈപ്രസിലെ പെഗിയയിലുള്ള ലോക കാൻഡിഡേറ്റ്സ് - ചെസ് ടൂർണമെന്റ് മത്സരവേദി സാക്ഷ്യം വഹിച്ചത്. ഉസ്ബെക്കിസ്ഥാന്റെ ഇരുപതുകാരൻ ജാവോഖിർ സിൻഡറോവ് 10 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലോക ചാമ്പ്യൻഷിപ്പ് ചലഞ്ചർ പദവിയും സ്വന്തമാക്കി. 14 കളിയിൽ ആറ് ജയവും എട്ട് സമനിലയും. ഒറ്റക്കളിയും തോറ്റില്ലെന്നതാണ് സവിശേഷത. റഷ്യയുടെ ഇയാൻ നിംപോംനിഷി 2022 ൽ സ്ഥാപിച്ച ഒന്നാം സ്ഥാനക്കാരൻ നേടിയ ഏറ്റവും കൂടിയ 9.5 പോയിന്റ് എന്ന റെക്കോഡും മറികടന്നു.
രണ്ടാം സ്ഥാനക്കാരൻ നെതർലൻഡ്‌സിന്റെ അനീഷ് ഗിരിക്ക് ലഭിച്ചതാകട്ടെ 8.5 പോയിന്റ്. അവസാന ഘട്ടത്തിൽ കളിക്കാർ പൊതുവെ ‘ഹോളിഡെ മൂഡി’ലെത്തിയെന്നും താൻ സിൻഡറോവിന്റെ ആരാധകനായി മാറിയിരിക്കുന്നുവെന്നും ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ മികച്ച ഫോമിൽ വിരാജിക്കുന്ന സിൻഡറോവിനെതിരെ മോശം ഫോമിൽ ഉഴലുന്ന ഇന്ത്യയുടെ നിലവിലെ ലോകചാമ്പ്യൻ ഡി ഗുകേഷിന് സ്വാഭാവികമായും പിടിച്ചു നിൽക്കാനാകില്ല എന്ന് ചെസ് ലോകം വിധിക്കുന്നു. പക്ഷെ നകാമുറ പറയുന്നു സാധ്യത കൂടുതൽ ഗുകേഷിനെന്ന്! - പരാജയപ്പെടുമെന്ന് എല്ലാവരും വിധിക്കുന്നതിനാൽ ഗുകേഷിന് മാനസിക സമ്മർദവുമില്ലാതെ കളിക്കാമെന്നാണ് അദ്ദേഹത്തിന്റെ യുക്തി. ഫോമിലാണെങ്കിലും സിൻഡറോവ് മാനസിക സമ്മർദത്തിൽ അകപ്പെടാനുള്ള സാധ്യതയും കാണുന്നു.
ലോകചാമ്പ്യൻഷിപ്പിന്റെ മത്സരഘടന കളിക്കാരിൽ നിന്നും ആവശ്യപ്പെടുന്നത് കളിക്കരുത്ത് മാത്രമല്ല, തീവ്രമായ സൈദ്ധാന്തിക മുന്നൊരുക്കങ്ങളും മന:ശാസ്ത്രപരമായ നീക്കങ്ങളും തീഷ്ണമായ ഇഛാശക്തിയും സംയോജിച്ചൊരു സമീപനമാണ്. അതിനാൽ സിൻഡറോവിനും ഗുകേഷിനും 50–-50 എന്ന സാധ്യതയാണുള്ളത്.
വനിതാ ലോക ചെസ് പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയാണ് അവസാനത്തെ സീഡായ ഇന്ത്യൻ താരം ആർ വൈശാലി കിരീടം ചൂടിയതും ചലഞ്ചർ പദവി സ്വന്തമാക്കിയതും. മോശം തുടക്കത്തിൽ നിന്നും അവസാന ഘട്ടത്തിലെ തിരിച്ചടിയിൽ നിന്നും രണ്ട് തവണ വൈശാലി ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചു വന്നു. ലോക കിരീട പോരാട്ട ഫൈനലിൽ വൈശാലി നേരിടുന്നത് തുടർച്ചയായി അഞ്ച് തവണ ലോകകിരീടം കരസ്ഥമാക്കി നിലകൊള്ളുന്ന അതിശക്തയായ ചൈനീസ് താരം ജു വെൻജുനെയാണ്. റേറ്റിങ്ങ്, പരിചയസമ്പത്ത്, കളിക്കരുത്ത് എന്നിവയിൽ വെൻജുൻ ഏറെ മുന്നിലാണ്.
ഇഛാശക്തി കൊണ്ടും പോരാട്ടവീര്യം കൊണ്ടും സൈദ്ധാന്തിക മുന്നൊരുക്കങ്ങൾ കൊണ്ടും വൈശാലിക്ക് വനിതാ ചെസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി സാധ്യമാകുമോ എന്നതാണ് ചോദ്യം. ഏതാണ്ട് സമാനമായ ഒരത്ഭുതം 1977ൽ സംഭവിച്ചിട്ടുണ്ട്. 17 വയസ് മാത്രമുള്ള മയ്യ ചിബുർദാനിദ്സ് എന്നൊരു പെൺകുട്ടി കൊടുങ്കാറ്റായി ലോക വനിതാ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കടന്നു വരികയും നാല് തവണ തുടർച്ചയായി ലോക ചാമ്പ്യൻപട്ടം ചൂടി അജയ്യയായി വിലസിയിരുന്ന നോന ഗപ്രിൻഷാവ്ലി എന്ന കരുത്തയെ കടപുഴക്കി വീഴ്‌ത്തി വിശ്വകിരീടം നേടുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ അസാധ്യമായി ഒന്നുമില്ല.










0 comments