ഏഷ്യൻ പാരാ ഗെയിംസിന് ജപ്പാനിൽ തുടക്കമായി; ത്രിവർണപതാകയേന്തി ഇന്ത്യൻ സംഘം

Photo;X
നഗോയ : ഏഷ്യൻ പാരാ ഗെയിംസിന് ജപ്പാനിലെ ഐചി-നഗോയയിൽ തുടക്കമായി. മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിൽ (പലോമ മിസുഹോ സ്റ്റേഡിയം) ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഒക്ടോബർ 24 വരെ നീളുന്ന കായിക മാമാങ്കത്തിൽ 45 ദേശീയ പാരാലിമ്പിക് കമ്മിറ്റികളിൽ നിന്നായി ഏകദേശം 3,000 താരങ്ങളാണ് പങ്കെടുക്കുന്നത്.
‘വാബി: വീ ആർ ബ്യൂട്ടിഫുൾ ഇൻഡിവിജ്വൽസ്’ എന്നതാണ് ഉദ്ഘാടനച്ചടങ്ങിന്റെ പ്രമേയം. 18 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മുമ്പുതന്നെ ബ്ലൈൻഡ് ഫുട്ബോൾ, പാരാ ബാഡ്മിന്റൺ, പാരാ ടേബിൾ ടെന്നീസ്, ബോച്ചിയ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ആരംഭിച്ചിരുന്നു.
ചടങ്ങിൽ ഇന്ത്യൻ താരങ്ങളും അണിനിരന്നു. ബാഡ്മിന്റൺ താരം പ്രമോദ് ഭഗതായിരുന്നു ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകൻ. സംഘത്തിന്റെ ഔദ്യോഗിക വസ്ത്രത്തിൽ സിന്ധുനദീതട സംസ്കാരത്തിലെ മുദ്രകളുടെ ചിത്രങ്ങളും സപ്തസിന്ധുവിനെ അനുസ്മരിപ്പിക്കുന്ന രൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോക്കറ്റിൽ ദേശീയപതാകയും ആലേഖനം ചെയ്തിട്ടുണ്ട്.
മത്സരങ്ങൾ വേവ്സ് ഒടിടി ആപ്പ്, പ്രസാർ ഭാരതി സ്പോർട്സ് യൂട്യൂബ് ചാനൽ, ഡിഡി സ്പോർട്സ് ചാനൽ എന്നിവയിലൂടെ തത്സമയം കാണാം.








0 comments