Deshabhimani

കടുപ്പിച്ച് സുപ്രീം കോടതി, സംസ്ഥാനങ്ങളുടെ തലയിലിട്ട് കേന്ദ്രം

ആര്‍ത്തവ ശുചിത്വം മൗലികാവകാശം: വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പ്

Menstrual hygiene
വെബ് ഡെസ്ക്

Published on Oct 18, 2026, 05:29 PM | 2 min read

ന്യൂഡൽഹി:ആര്‍ത്തവ ശുചിത്വം ഭരണഘടനയും 21-ാം അനുഛേദ പ്രകാരമുള്ള ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് എതിരെ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതി വിധികൾ വെറും കടലാസിൽ ഒതുങ്ങിയാൽ മൗലികാവകാശങ്ങൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കോടതി ചോദിച്ചു.


അടുത്ത വാദം കേൾക്കുന്നതിന് മുൻപ് ഇക്കാര്യത്തിൽ മറുപടി നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഡിസംബര്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും.


വാദത്തിനിടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ ചാര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അറിയിപ്പ് നൽകി എങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ പറഞ്ഞു.


2026 ജനുവരി 30-നാണ് സുപ്രീം കോടതി ആർത്തവ ശുചിത്വം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച് ചരിത്രവിധി പുറപ്പെടുവിച്ചത്.


ആര്‍ത്തവ ശുചിത്വത്തിനുള്ള അവകാശം

സാമൂഹിക ഉത്തരവാദിത്തമാക്കിയ വിധി


ആര്‍ത്തവ ശുചിത്വത്തിനുള്ള സാഹചര്യം ഇല്ലാത്തത് കാരണം ഗ്രാമീണ മേഖലകളിലും വിദൂര പ്രദേശങ്ങളിലും പെൺകുട്ടികൾ പഠനം നിര്‍ത്തി പോകേണ്ടി വരുന്ന സാഹര്യം ഉണ്ട്. ഇത് പരിഹരിക്കാൻ സ്കൂളുകളിൽ ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ചതും, വെള്ളത്തിന്റെ ലഭ്യതയുള്ളതും, ഉപയോഗയോഗ്യവുമായ ശുചിമുറികൾ ഉണ്ടെന്ന് ഉറപ്പാക്കാൻ സെപ്റ്റംബർ 1-ലെ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു.


Related News

സർക്കാർ, സ്വകാര്യ സ്കൂളുകളിലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാ പെൺകുട്ടികൾക്കും സൗജന്യമായി സാനിറ്ററി നാപ്കിനുകൾ നൽകണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി കർശന നിർദ്ദേശം നൽകി. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിവരം ആവശ്യപ്പെട്ടതിലാണ് സംസ്ഥാനങ്ങൾ മൗനം തുടരുന്നത്. കേന്ദ്ര സര്‍ക്കാ‍ർ ഇത് സംസ്ഥാനങ്ങളുടെ മാത്രം ഉത്തരവാദിത്തം എന്ന നിലയിലേക്ക് നിലപാട് മാറ്റി.


കൈകഴുകി കേന്ദ്രം


കേന്ദ്ര സർക്കാരിന്റെ ‘Menstrual Hygiene Policy for School-going Girls’എന്ന ദേശീയ നയം നിലവിലുണ്ട് എങ്കിലും ഇത് നടപ്പാക്കുന്നില്ല. പ്രഖ്യാപനത്തിൽ മാത്രം ഒടുങ്ങിയ സാഹചര്യമാണ്. വിശേഷിച്ചും സാമ്പത്തികമായി പിന്നോക്കമുള്ള സംസ്ഥാനങ്ങളിലും ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്ന പ്രദേശങ്ങളിലും അനാസ്ഥ തുടരുന്നു.


രാജ്യവ്യാപകമായി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്കായി 'ആർത്തവ ശുചിത്വ നയം' (Menstrual Hygiene Policy) നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ചൂണ്ടികാട്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി ഉണ്ടായത്. എന്നാൽ വിധി വന്നിട്ടും ഇത് നടപ്പാക്കപ്പെട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home