Deshabhimani

'എല്ലാവർക്കും നന്ദി'; ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി ജനങ്ങൾക്ക് മുന്നിൽ

pope leo
വെബ് ഡെസ്ക്

Published on Oct 18, 2026, 05:22 PM | 1 min read

വത്തിക്കാൻ സിറ്റി: ശ്വാസകോശ അർബുദത്തെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി ജനങ്ങളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിന്റെ ജാലകത്തിലൂടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ ചുമതലകളിലേക്ക് ഘട്ടംഘട്ടമായി തിരികെ വരുമെന്ന് ഉറപ്പുനൽകി.


ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയവര്‍ ആഹ്ലാ​​ദാരവം മുഴക്കി. ജനങ്ങളെ അദ്ദേഹം കൈവിശീ അഭിവാദ്യം ചെയ്തു. തുടർന്ന് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.


സന്ദര്‍ശകരെ പുഞ്ചിരിയോടെ അഭിസംബോധന ചെയ്ത മാർപാപ്പ, ഇടർച്ചയില്ലാത്ത വ്യക്തമായ ശബ്ദത്തിലാണ് പതിവ് ഞായറാഴ്ച പ്രഭാഷണം നടത്തിയത്. ലോകമെമ്പാടുമുള്ള ആളുകളുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.


"ഈ നിർണായക ഘട്ടം തരണം ചെയ്തുകൊണ്ട് ദൈവത്തിന്റെയും നിങ്ങളുടെയും പ്രാർത്ഥനയുടെ സഹായത്തോടെ ഞാൻ ഇപ്പോൾ എന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രിയിലെ ജീവനക്കാർക്കും പ്രത്യേകം നന്ദി. ഈ അനുഭവം അസുഖങ്ങളിൽ ബുദ്ധിമുട്ടുന്നവരോട് കൂടുതൽ അടുപ്പിച്ചു. പ്രതിസന്ധിഘട്ടം പിന്നിട്ട സ്ഥിതിക്ക് ഇനി ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തും." അദ്ദേഹം പറഞ്ഞു.


ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക്‌ പിന്നാലെ മാർപ്പാപ്പയ്ക്ക് അർബുദ ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തിരുന്നു. ശ്വാസകോശ അർബുദത്തിന്റെ സാധാരണ വകഭേദമായ അഡിനോകാർസിനോമയാണ് സ്ഥിരീകരിച്ചത്.


ശനി രാവിലെ നടത്തിയപരിശോധനഫലങ്ങൾ തൃപ്തികരമാണെന്നും മാർപാപ്പയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. ആശുപത്രിയിലെ ചാപ്പലിൽ കുർബാന അർപ്പിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങളും വെള്ളിയാഴ്ച വത്തിക്കാൻ പുറത്തുവിട്ടിരുന്നു. അർബുദം ശ്വാസകോശത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്നും തുടർചികിത്സ ആവശ്യമാണോയെന്നും കണ്ടെത്താനുള്ള പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്. ഇ‍ൗ മാസം 20 വരെയുള്ള മാർപാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. നവംബർ ആറ് മുതൽ 17 വരെ നിശ്ചയിച്ചിട്ടുള്ള ലാറ്റിനമേരിക്കൻ സന്ദർശനമാണ് മാർപാപ്പയുടെ അടുത്ത പ്രധാന പരിപാടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home