മൂന്ന് കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ വഴിതിരിവ്; അച്ഛൻ നൂഡിൽസിൽ വിഷം കലർത്തി

നോയിഡ: നോയിഡയിൽ കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ വഴിതിരിവ്. വസ്തുത്തർക്കത്തെ തുടർന്ന് പിതാവ് നൂഡിൽസിൽ വിഷം കലർത്തി നൽകിയതെന്ന് പൊലീസിന്റെ സംശയം. ഗ്രേറ്റർ നോയിഡയിലെ നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിലാണ് മഹേഷ് (37), ഭാര്യ ലളിത (35), മകൾ മിശ്തി (7), മകനായ ലഡു (11), സാക്ഷാത് (3) എന്നിവരെ ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക മേള രാത്രി 10 മണിയോടെ തിരിച്ചെത്തിയ കുടുംബം അത്താഴത്തിന് നൂഡിൽസ് കഴിച്ചിരുന്നതിനാൽ ആദ്യം ഇതൊരു ഭക്ഷ്യവിഷബാധയാണെന്നായിരുന്നു കരുതിയത്. എന്നാൽ മഹേഷ് നൂഡിൽസിൽ വിഷം കലർത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
മരണത്തിന് കാരണം തന്റെ രണ്ട് സഹോദരിമാരും ഒരു അളിയനുമാണെന്ന് കുറ്റപ്പെടുത്തുന്ന ഒരു ഓഡിയോ സന്ദേശം മഹേഷിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സഹോദരിമാരെയും അളിയനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മഹേഷിന്റെ സഹോദരീ ഭർത്താവിന്റെ ബന്ധു പറഞ്ഞു. സംഭവം ഭക്ഷ്യവിഷബാധയല്ല, മറിച്ച് വിഷം നൽകിയുള്ള കൊലപാതകമാണെന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
സ്ഥലത്തുനിന്ന് കണ്ടെത്തിയ ഭക്ഷണാവശിഷ്ടങ്ങളും പാക്കറ്റുകളും പരിശോധിച്ചതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഒ പി സിംഗ് പറഞ്ഞു. ഛർദ്ദിയോ വയറിളക്കമോ പോലുള്ള ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ആർക്കും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.








0 comments