Deshabhimani

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടർന്ന് ഇന്ത്യ, രണ്ട് വെള്ളിയും മൂന്ന് വെങ്കലവും

Asian games

ഇന്ത്യൻ ഹോക്കി ടീം| Photo:PTI

വെബ് ഡെസ്ക്

Published on Oct 01, 2026, 08:47 PM | 2 min read

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ന് ഇന്ത്യക്ക് മെഡൽ നേട്ടങ്ങൾക്കൊപ്പം രണ്ട് പ്രധാന ടീം ഇനങ്ങളിൽ ഫൈനൽ പ്രവേശനവും. അഞ്ചു മെഡലുകൾ ഉറപ്പിച്ച ഇന്ത്യ പുരുഷ സെപക് താക്രോയിൽ മറ്റൊരു മെഡലും ഉറപ്പിച്ചു. ഗ്രീക്കോ-റോമൻ ഗുസ്തി, സെയിലിങ്, സ്ക്വാഷ്, അമ്പെയ്ത്ത് എന്നിവയിലാണ് മെഡലുകൾ ലഭിച്ചത്.


ഗ്രീക്കോ-റോമൻ ഗുസ്തിയിൽ പുരുഷന്മാരുടെ 97 കിലോ വിഭാഗത്തിൽ നിതേഷ് സിവാച് വെള്ളി നേടി. ഫൈനലിൽ ജപ്പാന്റെ യൂറി നകസാറ്റോയോട് 0-4ന് തോറ്റാണ് നിതേഷ് വെള്ളിയിൽ ഒതുങ്ങിയത്. ക്വാർട്ടറിൽ തുർക്ക്മെനിസ്ഥാന്റെ അമൻബെർഡി അഗമമ്മദോവിനെ 7-1നും സെമിയിൽ മംഗോളിയയുടെ ഗാങ്ക്ഹുയാഗ് ഗൻബാതാറിനെ 9-0നും തോൽപ്പിച്ചാണ് നിതേഷ് ഫൈനലിലെത്തിയത്.


സെയിലിങ്ങിൽ ഇന്ത്യക്ക് ഒരു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. പുരുഷന്മാരുടെ സ്കിഫിൽ മനു ഫ്രാൻസിസും പ്രിൻസ് കുറുസിങ്കൽ നോബിളും വെള്ളി നേടി. വനിതകളുടെ സ്കിഫിൽ ഹർഷിത തോമറും ശീതൾ വർമ്മയും വെങ്കലവും സ്വന്തമാക്കി.


സ്ക്വാഷിൽ വനിതാ-പുരുഷ ടീമുകൾ വെങ്കലം നേടി. വനിതാ ടീം സെമിയിൽ ഹോങ്കോങ് ചൈനയോട് 1-2നും പുരുഷ ടീം മലേഷ്യയോട് 1-2നും തോറ്റതോടെയാണ് വെങ്കലത്തിൽ എത്തിയത്. കോമ്പൗണ്ട് അമ്പെയ്ത്തിൽ പുരുഷ വ്യക്തിഗത ഇനത്തിൽ ഗണേഷ് മണി രത്നം തിരുമുരു വെങ്കലം നേടി.


പുരുഷ സെപക് താക്രോയിലെ ക്വാഡ്രന്റ് ടീം സെമിയിലെത്തിയതോടെയാണ് ഇന്ത്യക്ക് മറ്റൊരു മെഡൽ ഉറപ്പായത്. ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം പുരുഷ ഹോക്കിയിലും ക്രിക്കറ്റിലുമായിരുന്നു. സെമിയിൽ പാകിസ്ഥാനെ 4-3ന് തോൽപ്പിച്ച് ഹോക്കി ടീം ഫൈനലിലെത്തി. മത്സരം അവസാനിക്കാൻ 45 സെക്കൻഡ് മാത്രം ശേഷിക്കെ അഭിഷേക് നേടിയ ഗോളിൽ ഇന്ത്യ ജയം ഉറപ്പിച്ചു. ഹർമൻപ്രീത് സിങ് രണ്ട് ഗോളും സുഖ്ജീത് സിങ് ഒരു ഗോളും നേടി.


പുരുഷ ട്വന്റി20യിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഇഷാൻ കിഷൻ പുറത്താകാതെ 80 റൺസും വൈഭവ് സൂര്യവംശി 38 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 9.5 ഓവറിൽ 45 റൺസിന് പുറത്തായി. ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.


ടെന്നിസിൽ സുമിത് നാഗലിന്റെ ക്വാർട്ടർ ഫൈനൽ തോൽവിയോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും അവസാനിച്ചു. ചൈനയുടെ യിബിങ് വുവിനോട് 4-6, 4-6നാണ് നാഗൽ തോറ്റത്. 1986ന് ശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ടെന്നിസിൽ മെഡലില്ലാതെ മടങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home